This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നന്ത്യാര്‍വട്ടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:35, 20 നവംബര്‍ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നന്ത്യാര്‍വട്ടം

East I sebay

'അപ്പോസൈനേസി (Apocynaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഓഷധി. ശാ.നാ. ടാബര്‍നാമൊണ്ടാനാ കൊറോണേറിയ (Tabernaemontana). എര്‍വട്ടാമിയ കൊറോണേറിയ (Ervattamia Coronaria) എന്ന പേരിലാണ് മുന്‍കാലങ്ങളില്‍ ഇത് അറിയപ്പെട്ടിരുന്നത്. സംസ്കൃതത്തില്‍ നന്ദിവൃക്ഷഃ, വിഷ്ണുപ്രിയ, ക്ഷീരീ എന്നീ പേരുകളില്‍ നന്ത്യാര്‍വട്ടം അറിയപ്പെടുന്നു. ഇന്ത്യയില്‍ എല്ലാ പ്രദേശങ്ങളിലും ഇതു വളരുന്നുണ്ട്. നന്ത്യാര്‍വട്ടം രണ്ടരമീറ്ററോളം ഉയരത്തില്‍ കുറ്റിച്ചെടിയായി വളരുന്നു. ദീര്‍ഘവൃത്താകൃതിയിലുള്ള ഇലകള്‍ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. 2.5-5 സെന്റീമീറ്ററോളം വീതിയും 15 സെന്റീമീറ്ററോളം നീളവും കടുംപച്ച നിറവും തിളക്കവുമുള്ള ഇലകളിലും കാണ്ഡത്തിലും വെളുപ്പുനിറത്തിലുള്ള മരക്കറ (Latex) ഉണ്ട്. മരക്കറയില്‍ റെസിനുകളും ആല്‍ക്കലോയിഡുകളും അടങ്ങിയിരിക്കുന്നു. നന്ത്യാര്‍വട്ടം എല്ലാക്കാലങ്ങളിലും പുഷ്പിക്കും. ശാഖാഗ്രങ്ങളില്‍ 6-8 എണ്ണം വീതമുള്ള കുലകളായാണ് പുഷ്പങ്ങളുണ്ടാകുന്നത്. തൂവെള്ള നിറവും സുഗന്ധവുമുള്ള ഇതിന്റെ പുഷ്പങ്ങള്‍ വിടരുന്നത് രാത്രികാലങ്ങളിലാണ്. അഞ്ചു ചെറിയ ബാഹ്യദളങ്ങളുടെയും ചുവടുഭാഗം സംയോജിച്ചിരിക്കുന്നു. അഞ്ചു ദളങ്ങളും അന്തര്‍ഗതകേസരങ്ങളും (included stamens) ഉണ്ട്. കായ്കളില്‍ 3-6 വിത്തുകളുണ്ടായിരിക്കും.

നന്ത്യാര്‍വട്ടം

കമ്പുകള്‍ മുറിച്ചുനട്ടോ പതിവച്ചോ ആണ് പുതിയ ചെടികളുണ്ടാക്കുന്നത്. ഒരുവര്‍ഷം പ്രായമെത്തുമ്പോഴേക്കും നന്ത്യാര്‍വട്ടം പുഷ്പിക്കുന്നു. നന്ത്യാര്‍വട്ടത്തിന്റെ വേര്, കറ, പുഷ്പം, ഫലം എന്നിവ ഔഷധങ്ങളുണ്ടാക്കാനുപയോഗിക്കുന്നു. വേര്, തൊലി, തടി എന്നിവയില്‍ ടാര്‍ബണേ മൊണ്ടാനിന്‍ എന്ന ആല്‍ക്കലോയ്ഡും അടങ്ങിയിരിക്കുന്നു. വേരു ചവയ്ക്കുന്നത് പല്ലുവേദന കുറയാന്‍ സഹായകമാണ്. വേരിന്‍തൊലി വെള്ളത്തില്‍ അരച്ചു കഴിച്ചാല്‍ വിരശല്യം ശമിക്കും. ഇല പിഴിഞ്ഞ് നേത്രരോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്. പുഷ്പങ്ങള്‍ പിഴിഞ്ഞ് എണ്ണയുമായി ചേര്‍ത്ത് നേത്രരോഗങ്ങള്‍ക്കും ത്വഗ്രോഗങ്ങള്‍ക്കും ഔഷധങ്ങളുണ്ടാക്കുന്നു.

നന്ത്യാര്‍വട്ടത്തിന്റെ പുഷ്പങ്ങള്‍ പൂമാലകളുണ്ടാക്കാനും ക്ഷേത്രങ്ങളില്‍ അര്‍ച്ചനയ്ക്കും ഉപയോഗിക്കുന്നു. നന്ത്യാര്‍വട്ടത്തിന്റെ ഗുണങ്ങളെപ്പറ്റി ഗുണപാഠത്തില്‍ ഇപ്രകാരം പറയുന്നു.

'നന്ത്യാര്‍വട്ടത്തിലെ പൂവ് ചവര്‍പ്പുള്ളോന്നിതേറ്റവും

കളയും കണ്ണിലുണ്ടാകും ദണ്ഡത്തേയും കഫത്തേയും'.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍