This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നതോന്നത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:11, 14 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നതോന്നത

മലയാള ഭാഷാവൃത്തം. വഞ്ചിപ്പാട്ടുവൃത്തം എന്നപേരിലും അറിയപ്പെടുന്നു. ഭാഷാവൃത്തങ്ങളെപ്പറ്റി ആദ്യമായി സൂചിപ്പിക്കുന്നത് ലീലാതിലകം എന്ന മണിപ്രവാള ലക്ഷണഗ്രന്ഥത്തിലാണ്. 'ദ്രമിഡസംഘാതാക്ഷരനിബദ്ധമെതുകമോന വൃത്തവിശേഷയുക്തം പാട്ട്' എന്നാണ് ലീലാതിലകത്തില്‍ പാട്ടിന് നിര്‍വചനം നല്കിയിട്ടുള്ളത്. രാമചരിതത്തിലെ തമിഴ് 'വിരുത്ത'ങ്ങള്‍ പിന്നീട് ഭാഷാവൃത്തങ്ങളായി തുഞ്ചത്തെഴുത്തച്ഛന്‍, കുഞ്ചന്‍ നമ്പ്യാര്‍ മുതലായ മഹാകവികളുടെ കൃതികളില്‍ രൂപാന്തരപ്പെട്ടു.

'പ്രായേണ ഭാഷാവൃത്തങ്ങള്‍ തമിഴിന്റെ വഴിക്കുതാന്‍' എന്ന ആമുഖത്തോടെ ദ്രാവിഡ വൃത്തചര്‍ച്ചയ്ക്ക് തുടക്കംകുറിച്ച ഏ.ആര്‍. രാജരാജവര്‍മത്തമ്പുരാന്‍ വൃത്തമഞ്ജരി എന്ന വൃത്തശാസ്ത്രഗ്രന്ഥത്തില്‍ സംസ്കൃത, ദ്രാവിഡ ഭാഷാവൃത്തങ്ങള്‍ക്ക് ലക്ഷണം നല്കി ഉദാഹരിക്കുന്നുണ്ട്.

അത്യധികം പ്രചാരവും കാവ്യലോകത്തില്‍ ചിരപ്രതിഷ്ഠയും ലഭിച്ച ഭാഷാവൃത്തമാണ് 'നതോന്നത'. വഞ്ചിപ്പാട്ടു വൃത്തമെന്ന നിലയിലാണ് നതോന്നത അറിയപ്പെടുന്നത്. വൃത്തമഞ്ജരിയില്‍ ഏ.ആര്‍. നതോന്നതയ്ക്ക് ലക്ഷണവും വ്യാഖ്യാനവും നല്കിയിട്ടുണ്ട്.

ലക്ഷണം :

'ഗണം ദ്വ്യക്ഷരമെട്ടെണ്ണമൊന്നാംപാദത്തില്‍ മറ്റതില്‍

ഗണമാറര നില്ക്കേണം രണ്ടുമെട്ടാമതക്ഷരേ,

ഗുരുതന്നെയെഴുത്തെല്ലാമിശ്ശീലിന്‍ പേര്‍ നതോന്നത

ഉദാഹരണം :

'കെല്പോടെല്ലാ ജനങ്ങള്‍ക്കും കേടുതീരത്തക്കവണ്ണം

എപ്പോഴുമന്നദാനവും ചെയ്തുചെഞ്ചെമ്മേ'

ആദ്യവരിയില്‍ രണ്ടക്ഷരം വീതമുള്ള എട്ടുഗണം. രണ്ടാമത്തെ വരിയില്‍ ആറരഗണം. അതായത്, ആദ്യവരിയെക്കാള്‍ രണ്ടാമത്തെ വരിയില്‍ മൂന്നക്ഷരം കുറവാണ്. എട്ട് അക്ഷരം കഴിഞ്ഞ് രണ്ടുവരിയിലും യതി വേണം. എല്ലാ അക്ഷരവും ഗുരുവായിരിക്കണം. ഗുരുവല്ലാത്തവയെ നീട്ടിപ്പാടി ഗുരുവാക്കാം. ഇതാണ് വൃത്തമഞ്ജരീകാരന്‍ നിര്‍ദേശിക്കുന്ന ലക്ഷണവ്യാഖ്യാനം.

വഞ്ചിപ്പാട്ടില്‍പ്പെട്ടതായതുകൊണ്ട് താളം കൂടിയേ കഴിയൂ. 'ഗുരുതന്നെയെഴുത്തെല്ലാം' എന്നു വ്യവസ്ഥചെയ്യുന്നതിനാല്‍ മാത്ര പാലിക്കുകയും വേണം. വഞ്ചിവലിക്കുമ്പോഴുള്ള പ്രയാസം കുറയ്ക്കുവാനും വഞ്ചി തുഴയുമ്പോഴുള്ള രസം കൂട്ടുവാനും വഞ്ചിപ്പാട്ടുകള്‍ പാടുന്നു. അതുകൊണ്ടുതന്നെ താളത്തിനാണ് അവിടെ പ്രാധാന്യം. ഭാഷാവൃത്തങ്ങള്‍ക്ക് ഏ.ആര്‍. കല്പിക്കുന്ന എല്ലാ പ്രത്യേകതകളും നതോന്നതയ്ക്ക് യോജിക്കുന്നതാണ്. വഞ്ചിപ്പാട്ട് രീതിയില്‍ പാടുമ്പോള്‍ എല്ലാ അക്ഷരവും ഗുരുവാകാമെങ്കിലും ആലാപനരീതി മാറുമ്പോള്‍ ഗുരുതന്നെ ആകണമെന്നില്ല. മഹാകവി കുമാരനാശാന്റെ കരുണ ഈ വൃത്തത്തിലാണ് രചിച്ചിട്ടുള്ളത്.

സമയമായില്ലപോലും

സമയമായില്ല പോലും

ക്ഷമയെന്റെ ഹൃദയത്തില്‍

ഒഴിഞ്ഞുതോഴി

(കുമാരനാശാന്‍ - കരുണ)

ഈ വരികളിലെ 'ലഘു'ക്കളുടെ പ്രയോഗം ശ്രദ്ധേയമാണ്. സമീപകാലകവിതയില്‍ വീരരസത്തിനുവരെ നതോന്നത ഉപയോഗിച്ചു കാണുന്നു.

'സട കുടഞ്ഞെഴുന്നേല്ക്കൂ

ഭാരതപൌരുഷമേ നീ

ഇടതുകാല്‍ ശത്രുവിന്റെ

മാര്‍ത്തട്ടിലൂന്നി'

(ഹസിത കെ.കെ.പി.റ്റി.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%A4%E0%B5%8B%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍