This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാവുകടല്‍ ചുരുളുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:23, 20 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ചാവുകടല്‍ ചുരുളുകള്‍

Dead Sea Scrolls

ചാവുകടലിന്റെ വ. പടിഞ്ഞാറേ തീരത്തും സമീപപ്രദേശമായ ജോര്‍ദാനിലും ഉള്ള ശിലാഗുഹകളില്‍ നിന്നും കണ്ടെടുത്ത ഹസ്തലിഖിത ഗ്രന്ഥങ്ങള്‍. ഹീബ്രു, അരമായി, ലത്തീന്‍ മുതലായ പുരാതന ഭാഷകളില്‍ എഴുതപ്പെട്ടിരിക്കുന്ന ഗ്രന്ഥങ്ങളില്‍ ഭൂരിഭാഗവും മതപരവും ബൈബിള്‍ സംബന്ധവുമാണ്. ചാവുകടലിന്റെ തീരത്തുള്ള ശിലാഗുഹകളില്‍നിന്നും കണ്ടെടുത്ത ചുരുളുകളായതിനാലാണ് 'ചാവുകടല്‍ ചുരുളുകള്‍' എന്നറിയപ്പെടുന്നത്. ജെറൂസലേമിന് 16 കി.മീ. കി. ഖിര്‍ബെറ്റ് ഖുമ്രാന്‍ എന്ന സ്ഥലത്താണ് 1947-ല്‍ ചുരുളുകള്‍ അടങ്ങിയ ആദ്യത്തെ ഗുഹ കണ്ടെത്തിയത്. തുടര്‍ന്ന് 1950 മുതല്‍ 60 വരെ നീണ്ടുനിന്ന ഉത്ഖനനങ്ങളുടെ ഫലമായി 10 ഗുഹകള്‍ കണ്ടുപിടിച്ചു. ഖിര്‍ബെറ്റ് ഖുമ്രാന്‍, വാഡി അല്‍-മുറാബാ അഹ്, നഹല്‍ ഹെവര്‍, നഹല്‍സെ എലിം, വാഡി ഡാലിയേഹ്, മസഡ എന്നിവിടങ്ങളിലാണ് ഗുഹകള്‍ സ്ഥിതിചെയ്യുന്നത്. ഓല, ചെമ്പ്, തുകല്‍ എന്നിവയില്‍ എഴുതപ്പെട്ട ഭീമാകാരമായ ചുരുളുകളും പോസ്റ്റല്‍ സ്റ്റാമ്പിനെക്കാള്‍ വലുപ്പംകുറഞ്ഞ കഷണങ്ങളും ഉള്‍പ്പെടെ നിരവധി ഗ്രന്ഥശകലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എല്ലാംകൂടി 609 കൈയെഴുത്തു പ്രതികളുടെ അവശിഷ്ടങ്ങളാണ് ലഭിച്ചത്. ഇതില്‍ഏറെയും ബി.സി. 2-ാം ശ. മുതല്‍ എ.ഡി. 1-ാം ശ. വരെ രചിക്കപ്പെട്ടവയാണ്. കൂടാതെ എ.ഡി. 8-ാം ശ. വരെ എഴുതിയവയും ഇതില്‍പ്പെടുന്നു. പഴയനിയമത്തിന്റെ ഏറ്റവും പഴക്കംചെന്ന കൈയെഴുത്തു പ്രതികളും അവയുടെ വ്യാഖ്യാനങ്ങളും ഇതില്‍പ്പെടുന്നു. പഴയനിയമത്തിന്റെ ഗ്രീക്കു പരിഭാഷ കൂടാതെ, ജൂതമതത്തിന്റെ സംഭാവനകളായ എനോക്, ജൂബിലീസ്, പന്ത്രണ്ടു പിതാക്കന്മാരുടെ നിയമാവലി മുതലായവയും ഇതിലുണ്ട്. സങ്കീര്‍ത്തനപുസ്തകം, ലെവിറ്റിക്കസ് എന്നിവയും പൌരോഹിത്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍, കീര്‍ത്തനങ്ങള്‍, ഉത്പത്തി, സാബതബലിയെക്കുറിച്ചുള്ള ഗീതങ്ങള്‍, അപ്പോക്രൈഫല്‍ പുസ്തകങ്ങള്‍ എന്നിവയും ഉള്‍ക്കൊള്ളുന്നു. പഴയനിയമത്തിലെ എസ്തേറിന്റെ പുസ്തകമൊഴിച്ചുള്ള എല്ലാ പുസ്തകങ്ങളുടെയും ഹീബ്രുവിലുള്ള കൈയെഴുത്തുപ്രതികള്‍ ഇക്കൂട്ടത്തിലുണ്ട്.

ഈ ചുരുളുകളില്‍നിന്നും വിലയേറിയ പല വിവരണങ്ങളും അറിവുകളും ലഭിക്കാനിടയായി. ഖുമ്രാനിലും ഹീബ്രോണിലും പലയിടങ്ങളിലായി സൂക്ഷിച്ചുവച്ചിരുന്ന നിധികളെക്കുറിച്ച് ചെമ്പു ചുരുളുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സമൂഹത്തിലെ ആചാര മര്യാദകളെക്കുറിച്ചും ജെറുസലേമിലെ ആദര്‍ശദേവാലയം എങ്ങനെയായിരിക്കണമെന്നും ഇതില്‍ പറയുന്നുണ്ട്. ബി.സി. 150-ല്‍ ഖുമ്രാനില്‍ അര്‍ധ-സന്ന്യാസികള്‍ സംഘടിച്ച്, ജെറുസലേം ദേവാലയത്തിലെ ഉയര്‍ന്ന പൌരോഹിത്യത്തെ നിയന്ത്രിച്ചിരുന്ന 'മാക്കബീസുകള്‍'ക്കെതിരായി അണിനിരന്നതിനെക്കുറിച്ചും ഇതില്‍ പരാമര്‍ശമുണ്ട്. ഇവര്‍ ശരിയായി ആരാധന നടത്താന്‍ താത്പര്യമുള്ളവരും ശരിയായ വിശ്വാസികളും വെളിപാട് പുസ്തകത്തില്‍ പറഞ്ഞതിന്‍ പ്രകാരം ഈശ്വരന്റെ വരവിനായി കാത്തിരുന്നവരുമായ ജനതയായി അറിയപ്പെടുന്നു.

ക്രിസ്തുമതത്തിന്റെ വളര്‍ച്ചയുടെ പ്രാരംഭദശയില്‍ പലസ്തീനില്‍ നിലനിന്നിരുന്ന മതാന്തരീക്ഷം ഈ ചുരുളുകളില്‍നിന്നു ലഭ്യമാണ്. സ്നാപകയോഹന്നാന്‍, യേശു എന്നിവരെക്കുറിച്ചുള്ള പരാമര്‍ശങ്ങളുമുണ്ട്. ഹീബ്രുബൈബിളിന്റെ നിര്‍മാണഘട്ടം. ബി.സി. 4-ാം ശ. മുതല്‍ എ.ഡി. 135 വരെയുള്ള പലസ്തീന്‍ ചരിത്രം, ജൂതപാരമ്പര്യവും ആദ്യകാല ക്രിസ്തുമതവും തമ്മിലുള്ള ബന്ധം എന്നിവയെക്കുറിച്ചും ചുരുളുകള്‍ സൂചന നല്കുന്നു.

എ.ഡി. 132 മുതല്‍ 135 വരെ റോമിനെതിരെ 'ബാര്‍ കൊഖബാ'യുടെ നേതൃത്വത്തില്‍ നയിക്കപ്പെട്ട ആത്മഹത്യാ പ്രക്ഷോഭസൈന്യത്തെപ്പറ്റിയും പരാമര്‍ശമുണ്ട്. ഹീബ്രു, അരമായിക്, ഗ്രീക് എന്നീ ഭാഷകളിലെഴുതിയ നിയമസംഹിതകളും ഇതില്‍പ്പെടുന്നു. അലക്സാണ്ടറുടെ സൈന്യം കൊലചെയ്ത സമേറിയര്‍ (samarians) സൂക്ഷിച്ചിരുന്ന പ്രമാണങ്ങള്‍ ചരിത്രകാരന്മാര്‍ക്ക് അമൂല്യമായ രേഖകളായി മാറിയിട്ടുണ്ട്. ഇവയെല്ലാം കൂടാതെ സൈന്യം, നിയമം, യുദ്ധം മുതലായ മതേതരവിഷയങ്ങളും ഇതില്‍ ബന്ധപ്പെട്ടിരിക്കുന്നു.

ബി.സി. 2-ാം ശ. മുതല്‍ എ.ഡി. 68 വരെ ഖുമ്രാനില്‍ ജീവിച്ചിരുന്ന ഒരു ജൂത ജനവിഭാഗത്തിന്റെ ഗ്രന്ഥശാലയുടെ അവശിഷ്ടങ്ങളാണ് ഈ ചുരുളുകള്‍ എന്നാണ് പുരാവസ്തു ഗവേഷകര്‍ കരുതുന്നത്. കൂട്ടം തെറ്റിപ്പോയ ഒരു ആടിനെ അന്വേഷിച്ചുനടന്ന താമിറേ ഗോത്രത്തിലെ ഒരു അറബി ആട്ടിടയനാണ് 1947-ല്‍ ആദ്യത്തെ ഗുഹയും അതിലെ ചുരുളുകളും കണ്ടെത്തിയത്. തുണിയില്‍ പൊതിഞ്ഞു ഭരണികളില്‍ സൂക്ഷിച്ചിരുന്ന കുറെ ചുരുളുകളായിരുന്നു ആദ്യം കിട്ടിയത്. അവയില്‍ ചിലത് ജെറുസലേം നഗരവാസിയായ ഒരാള്‍ക്കു വില്ക്കുകയുണ്ടായി. മറ്റുള്ളവ ഇ.എല്‍. സുകെനിക് എന്ന ഹീബ്രു സര്‍വകലാശാലാ പ്രൊഫസറുടെ കൈകളില്‍ എത്തിച്ചേര്‍ന്നു. അമേരിക്കന്‍ സ്കൂള്‍ ഒഫ് ഓറിയന്റല്‍ റിസര്‍ച്ച് ആദ്യത്തെയാളുടെ കൈവശമുള്ളവ പ്രകാശനം ചെയ്തു. അക്കാലത്തുതന്നെ സുകെനിക്കും തന്റെ കൈവശമുണ്ടായിരുന്നവയുടെ പ്രാഥമിക മാതൃകകള്‍ വെളിപ്പെടുത്തുകയുണ്ടായി. അദ്ദേഹം അനധികൃതമായി പുരാവസ്തുക്കള്‍ കൈവശം വയ്ക്കുന്നതിനെതിരായ നിയമത്തില്‍നിന്നും രക്ഷപ്പെടുന്നതിനായി അവ വില്ക്കാന്‍ തീരുമാനിച്ചു. ഒടുവില്‍ അവ ഇസ്രയേല്‍ ഗവണ്‍മെന്റുതന്നെ രണ്ടരലക്ഷം ഡോളര്‍ നല്കി വാങ്ങുകയുണ്ടായി. ഇപ്പോള്‍ അവയെല്ലാം ദേശീയ നിധിയായി ജെറുസലേമിലെ പുസ്തകശേഖരത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍