This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാള്‍സ് രാജാക്കന്മാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:55, 19 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ചാള്‍സ് രാജാക്കന്മാര്‍

ആസ്ട്രിയ, ഇംഗ്ലണ്ട്, നവാറേ, നേപ്പിള്‍സും സിസിലിയും, ഫ്രാന്‍സ്, ബൊഹീമിയ, വിശുദ്ധ റോമാസാമ്രാജ്യം, സ്പെയിന്‍, സ്വീഡന്‍, ഹംഗറി എന്നീ രാജ്യങ്ങളിലെ ചാള്‍സ് രാജാക്കന്മാരില്‍ പ്രമുഖരായ ചിലരെപ്പറ്റി ഈ ലേഖനത്തില്‍ പ്രതിപാദിക്കുന്നു.

ചാള്‍സ് I (1600 - 49)- ഇംഗ്ലണ്ട്. ഇംഗ്ലണ്ടിലെയും സ്കോട്ട്ലന്‍ഡിലെയും, അയര്‍ലണ്ടിലെയും രാജാവ് (1625 -49). ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു ഇംഗ്ലണ്ടില്‍ ആഭ്യന്തരയുദ്ധം ഉണ്ടായത്. സ്കോട്ട്ലന്‍ഡിലെ ജെയിംസ് VI (1603-ല്‍ ഇംഗ്ലണ്ടിലെ ജെയിംസ് I)ന്റെയും ഡെന്മാര്‍ക്കിലെ ആനിയുടെയും പുത്രനായി 1600 ന. 19-ന് ജനിച്ചു. ജ്യേഷ്ഠസഹോദരന്‍ ഹെന്റിയുടെ മരണത്തെത്തുടര്‍ന്ന് കിരീടാവകാശിയായി (1612 ന. 6). 1625 മാ. 27-ന് പിതാവിനെത്തുടര്‍ന്ന് ഇദ്ദേഹം രാജാവായി. ഫ്രാന്‍സിലെ ലൂയി XIII-ന്റെ സഹോദരി ഹെന്റിറ്റാ മരിയയെ വിവാഹം ചെയ്തു. യുദ്ധപരാജയവും മതനയവും മൂലം പാര്‍ലമെന്റിന് രാജാവിനോട് എതിര്‍പ്പുണ്ടായി. 1625 ജൂണില്‍ വിളിച്ചുകൂട്ടിയ പാര്‍ലമെന്റ് രാജാവിന്റെ യുദ്ധചെലവുകള്‍ക്കാവശ്യമായ ധനം അനുവദിക്കുവാന്‍ വിസമ്മതിച്ചു. 1626 ഫെ.-യില്‍ വിളിച്ചുകൂട്ടിയ രണ്ടാമത്തെ പാര്‍ലമെന്റ് രാജാവിന്റെ ഉപദേഷ്ടാവായ ബക്കിങ്ഹാം പ്രഭുവിനെ ഇംപീച്ചുചെയ്യാന്‍ തുനിഞ്ഞതിനെത്തുടര്‍ന്ന് ജൂണില്‍ ഈ പാര്‍ലമെന്റ് പിരിച്ചുവിട്ടു. 1628 മാര്‍ച്ചില്‍ വിളിച്ചുകൂട്ടിയ മൂന്നാമത്തെ പാര്‍ലമെന്റ്, രാജാവ് അനധികൃതമായി പണം പിരിക്കുന്നതിനെ എതിര്‍ത്തു. തുടര്‍ന്നു പാര്‍ലമെന്റിന്റെ 'പെറ്റിഷന്‍ ഒഫ് റൈറ്റ്സി'ന് (1628 ജൂണ്‍) അംഗീകാരം നല്കാന്‍ രാജാവ് നിര്‍ബന്ധിതനായി. ബക്കിങ്ഹാമിനെ വധിച്ചതിനെത്തുടര്‍ന്ന് (1628) രാജാവ് പാര്‍ലമെന്റ് പിരിച്ചുവിട്ടു. 1629 ജനു.-ല്‍ കൂടിയ നാലാമതു പാര്‍ലമെന്റ് രാജാവിന്റെ മതനയത്തെയും നികുതി (ടണ്ണേജും പൌണ്ടേജും) പിരിവിനെയും എതിര്‍ത്തതിനെത്തുടര്‍ന്ന് പാര്‍ലമെന്റ് പിരിച്ചുവിട്ടുകൊണ്ട് ചാള്‍സ്രാജാവ് തുടര്‍ന്നുള്ള 11 വര്‍ഷക്കാലം സ്വേച്ഛാധിപത്യഭരണം നടത്തി.

1639-ലെ 'ബിഷപ്പ് യുദ്ധ'ത്തിലെ പരാജയത്തിനുശേഷം 1640 ഏ.-ല്‍ വിളിച്ചുകൂട്ടിയ പാര്‍ലമെന്റ് സമ്മേളനവും പണം അനുവദിക്കുന്നതിനു പ്രധാനപരിഗണന നല്കാതിരിക്കുകയും ജനങ്ങളുടെ പരാതി പരിഹരിക്കണമെന്നാവശ്യപ്പെടുകയും ചെയ്തതിനെത്തുടര്‍ന്ന് മേയില്‍ പിരിച്ചുവിട്ടു (ഷോര്‍ട്ട് പാര്‍ലമെന്റ്). വീണ്ടും ന.-ല്‍ വിളിച്ചുകൂട്ടി(ലോങ് പാര്‍ലമെന്റ്)യപ്പോള്‍ കപ്പല്‍പ്പണം പിരിക്കുന്നത് വിലക്കിക്കൊണ്ടും സ്റ്റാര്‍ ചേംബറും ഹൈക്കമ്മിഷനും ഇല്ലാതാക്കിക്കൊണ്ടും പാര്‍ലമെന്റ് കൃത്യമായി വിളിച്ചുകൂട്ടണമെന്നു നിഷ്കര്‍ഷിച്ചുകൊണ്ടും എടുത്ത തീരുമാനങ്ങള്‍ക്ക് രാജാവിനു വഴങ്ങേണ്ടിവന്നു. 1641-ല്‍ മതപരവും ഭരണപരവുമായ നിരവധി പരിഷ്കാരങ്ങള്‍ക്ക് പാര്‍ലമെന്റ് രൂപം നല്കിയത് രാജാവിന് ഹിതകരമായില്ല. കോമണ്‍സ് സഭയിലെ അഞ്ച് അംഗങ്ങളെ അറസ്റ്റുചെയ്യുവാന്‍ നടത്തിയ വിഫലശ്രമത്തെത്തുടര്‍ന്ന് (1642 ജനു. 4) രാജാവിന്റെ പക്ഷത്തും പാര്‍ലമെന്റു പക്ഷത്തമുള്ളവര്‍ രണ്ടു ചേരിയായി. ഇത് ബ്രിട്ടീഷ് ആഭ്യന്തരയുദ്ധമായി അറിയപ്പെടുന്നു (നോ: ആഭ്യന്തരയുദ്ധം, ബ്രിട്ടനിലെ). മാഴ്സ്റ്റണ്‍ മൂറിലും (1644 ജൂല. 2) നെസ്ബിയിലും (1645 ജൂണ്‍ 14) വച്ച് രാജാവിനു പരാജയം സംഭവിച്ചു. 1646-ല്‍ സ്കോട്ട്ലന്‍ഡ് പട്ടാളം രാജാവിനെ പാര്‍ലമെന്റിനും പാര്‍ലമെന്റ് ഇംഗ്ലീഷ് പട്ടാളത്തിനും കൈമാറി. 1647 ന.-ല്‍ ഇദ്ദേഹം വൈറ്റ് ദ്വീപിലേക്ക് രക്ഷപ്പെട്ടു. സ്കോട്ട്ലന്‍ഡുകാരുമായി അനുരഞ്ജനമുണ്ടാക്കാന്‍ ശ്രമിച്ചത് 1648-ല്‍ വീണ്ടും ആഭ്യന്തരയുദ്ധത്തിനു വഴിതെളിച്ചു. ഇതില്‍ പാര്‍ലമെന്റു വിഭാഗം വിജയിച്ചു. പാര്‍ലമെന്റിന്റെ പ്രത്യേക കോടതി ഇദ്ദേഹത്തെ കുറ്റവിചാരണ നടത്തി. 1649 ജനു. 27-ന് വധശിക്ഷ വിധിച്ചു. ജനു. 30-ന് വൈറ്റ്ഹാളില്‍വച്ച് ശിരച്ഛേദം ചെയ്തു കൊലപ്പെടുത്തി.

ചാള്‍സ് II (1630 - 85)-ഇംഗ്ലണ്ട്. ഇംഗ്ലണ്ടിലെയും സ്കോട്ട്ലന്‍ഡിലെയും അയര്‍ലണ്ടിലെയും രാജാവ്. ഇംഗ്ലണ്ടിലെ രാജാവായിരുന്ന ചാള്‍സ് (1600-49)-ന്റെയും ഫ്രാന്‍സിലെ ലൂയി പതിമൂന്നാമന്റെ സഹോദരി ഹെന്റീറ്റാ മാരിയ രാജ്ഞിയുടെയും മകനായി 1630 മേയ് 29-ന് ലണ്ടനില്‍ ജനിച്ചു. ബ്രിട്ടീഷ് ആഭ്യന്തരയുദ്ധകാലത്ത് ഇദ്ദേഹം സിസിലിയിലേക്കും പിന്നീട് 1646-ല്‍ ഫ്രാന്‍സിലേക്കും പോയി. രണ്ടാം ആഭ്യന്തരയുദ്ധകാലത്ത് (1648) ഹോളണ്ടില്‍നിന്നും ഇംഗ്ലണ്ടിലേക്ക് നാവികസേനയെ നയിച്ചു. പിതാവിന്റെ മരണശേഷം 1651 ജനു.-യില്‍ ഇദ്ദേഹത്തെ സ്കോട്ട്ലന്‍ഡുകാര്‍ രാജാവാക്കി. ആഗ.-ല്‍ ഇംഗ്ലണ്ടിലേക്കു പടനയിച്ചെങ്കിലും പാര്‍ലമെന്ററി നേതാവായ ഒളിവര്‍ ക്രോംവെലിനോട് വോഴ്സസ്റ്റര്‍ യുദ്ധത്തില്‍ പരാജയപ്പെട്ടു. ക്രോംവെലിന്റെ മരണശേഷം ഇദ്ദേഹം 1660-ല്‍ ഇംഗ്ലണ്ടിലെ രാജാവായി. പാര്‍ലമെന്റു പക്ഷക്കാരെക്കൂടി ഉള്‍പ്പെടുത്തി ഭരണം നടത്തി. 1661-ല്‍ പാര്‍ലമെന്റ് പാസാക്കിയ മതസംബന്ധിയായ ക്ളാരന്‍ഡന്‍ നിയമസംഹിത അംഗീകരിക്കുവാന്‍ ഇദ്ദേഹം നിര്‍ബന്ധിതനായി. 1665-ലെ ഡച്ചുയുദ്ധത്തില്‍ ഇദ്ദേഹം പരാജയപ്പെട്ടു. 1668-ല്‍ സ്വീഡനുമായി ത്രികക്ഷിസഖ്യം ഉണ്ടാക്കി. 1670-ല്‍ ഫ്രാന്‍സിലെ ലൂയി XIV-മായി ഡോവര്‍ സന്ധി ഒപ്പുവച്ചു. 1672-ല്‍ ഡച്ചുകാരുമായി വീണ്ടും യുദ്ധം ചെയ്തു. ഇദ്ദേഹത്തിന്റെ നയങ്ങളോട് പാര്‍ലമെന്റിന് എതിര്‍പ്പ് വര്‍ധിച്ചുകൊണ്ടിരുന്നു.

ചര്‍ച്ച് ഒഫ് ഇംഗ്ലണ്ടില്‍പ്പെട്ടവരെ മാത്രമേ ഗവണ്‍മെന്റ് ഉദ്യോഗങ്ങളില്‍ നിയമിക്കാവൂ എന്നു നിഷ്കര്‍ഷിക്കുന്ന ടെസ്റ്റ് നിയമം അംഗീകരിക്കുവാന്‍ 1673-ല്‍ ഇദ്ദേഹം നിര്‍ബന്ധിതനായി. 1681-ല്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടുകൊണ്ട് ഇദ്ദേഹം ഭരണം നടത്തി. ഇംഗ്ലണ്ടില്‍ വിഗ്പാര്‍ട്ടിയും ടോറിപാര്‍ട്ടിയും ശക്തിപ്രാപിച്ചത് ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു. 1685 ഫെ. 5-ന് ഇദ്ദേഹം അന്തരിച്ചു.

ചാള്‍സ് I (1294-1328)-നവാറെ

നോ: ചാള്‍സ്-ഫ്രാന്‍സ്

ചാള്‍സ് IV (1716-88)-നേപ്പിള്‍സും സിസിലിയും

നോ: ചാള്‍സ് III സ്പെയിന്‍

ചാള്‍സ് I (ഭ. കാ. 768-814)-ഫ്രാന്‍സ്

നോ: ഷാര്‍ലെമാന്‍

ചാള്‍സ് II (823-77)-ഫ്രാന്‍സ്

നോ: ചാള്‍സ് II വിശുദ്ധ റോമാസാമ്രാജ്യം

ചാള്‍സ് X (1757-1836)-ഫ്രാന്‍സ്. ഫ്രാന്‍സിലെ അവസാനത്തെ ബൂര്‍ബണ്‍ രാജാവ്. 1757 ഒ. 9-ന് ഇദ്ദേഹം വേഴ്സയില്‍സില്‍ ജനിച്ചു. ഫ്രാന്‍സിലെ രാജാക്കന്മാരായിരുന്ന ലൂയി XVI-ന്റെയും ലൂയി XVII-ന്റെയും സഹോദരനായിരുന്നു ഇദ്ദേഹം. അര്‍ടോയ്സ് (Artois) എന്നു പേരായിരുന്ന ഇദ്ദേഹം ലൂയി XVI-ന്റെ ഭരണകാലത്ത് പ്രതിലോമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയിരുന്നു. ഫ്രഞ്ചു വിപ്ലവത്തെത്തുടര്‍ന്ന് 1789 ജൂല.-ല്‍ ഇദ്ദേഹം രാജ്യംവിട്ടു. 1795 മുതല്‍ ഇംഗ്ലണ്ടിലായിരുന്നു ഇദ്ദേഹം. രാജഭരണം പുനഃസ്ഥാപിച്ചതോടെ 1814-ല്‍ ഫ്രാന്‍സിലേക്കു മടങ്ങി. 1816-ഓടുകൂടി ഇദ്ദേഹം ലൂയി XVIII-നെ നയപരമായ കാര്യങ്ങളില്‍ എതിര്‍ത്തുതുടങ്ങി. 1824-ല്‍ ലൂയി മരിച്ചതോടെ ഇദ്ദേഹം രാജാവായി. ലൂയിയുടെ കാലത്തെ പ്രധാനമന്ത്രിയായിരുന്ന കോമ്തെ ദെ വില്ലേല (Comte de Vellele) തന്നെ പ്രധാനമന്ത്രിയായിത്തുടര്‍ന്നു. ചാള്‍സിന്റെ പല നയങ്ങളെയും ലിബറല്‍പക്ഷക്കാരും മിതവാദികളും എതിര്‍ത്തിരുന്നു. 1827 ന.-ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം പ്രധാനമന്ത്രിയെ നീക്കണമെന്ന ആവശ്യമുണ്ടായി. തുടര്‍ന്ന് 1829 ആഗ.-ല്‍ ഇദ്ദേഹം ജൂള്‍സ് ദെ പോളിഗ്നാകിനെ പ്രധാനമന്ത്രിയാക്കി. പോളിഗ്നാകിനെയും പാര്‍ലമെന്റ് എതിര്‍ത്തു. പിന്നീടു നടന്ന തെരഞ്ഞെടുപ്പിലും എതിര്‍വിഭാഗമാണ് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടിയത്. ഇതിനെത്തുടര്‍ന്ന് ചാള്‍സ് 1830-ല്‍ പുറപ്പെടുവിച്ച ജൂലായ് ഓര്‍ഡിനന്‍സിലൂടെ പത്രസ്വാതന്ത്യ്രം നിയന്ത്രിക്കുകയും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിസഭ പിരിച്ചുവിടുകയും ചെയ്തു. ഇത് ജൂലായ് വിപ്ലവത്തില്‍ (ജൂല. 28-30) കലാശിച്ചു. ചാള്‍സ് ഫ്രാന്‍സില്‍നിന്ന് പലായനം ചെയ്തു. 1836 ന. 6-ന് ആസ്ട്രിയയിലെ ഗോര്‍സില്‍ (ഇപ്പോള്‍ ഇറ്റലിയിലെ ഗൊറിസിയ) ഇദ്ദേഹം മരണമടഞ്ഞു.

ചാള്‍സ് IV (1316-78)-ബൊഹീമിയ

നോ: ചാള്‍സ് -വിശുദ്ധ റോമാസാമ്രാജ്യം

ചാള്‍സ് രാജാക്കന്മാര്‍ (വിശുദ്ധ റോമാസാമ്രാജ്യം). പുരാതന റോമാസാമ്രാജ്യത്തിന്റെ പതനത്തിനുശേഷം എ.ഡി. 9-ാം ശ. മുതല്‍ റോമന്‍ ചക്രവര്‍ത്തി എന്ന സ്ഥാനപ്പേരില്‍ അറിയപ്പെട്ടിരുന്ന പശ്ചിമ യൂറോപ്യന്‍ രാജാക്കന്മാരാണ് വിശുദ്ധ റോമാസാമ്രാജ്യ ചക്രവര്‍ത്തിമാര്‍ എന്ന് ചരിത്രത്തില്‍ അറിയപ്പെടുന്നത്. 800-ല്‍ ലിയോ III മാര്‍പ്പാപ്പ റോമാ ചക്രവര്‍ത്തിയായി വാഴിച്ച കരോലിഞ്ചിയന്‍ വംശജനായ ഷാര്‍ലെമാന്‍ ആണ് ഇവരില്‍ ആദ്യത്തെ ചക്രവര്‍ത്തിയായ ചാള്‍സ് ക.

ചാള്‍സ് I - വിശുദ്ധ റോമാസാമ്രാജ്യം

നോ: ഷാര്‍ലെമാന്‍

ചാള്‍സ് V (1500-58)-വിശുദ്ധ റോമാസാമ്രാജ്യം. വിശുദ്ധ റോമാ ചക്രവര്‍ത്തി (1519-56). ചാള്‍സ് എന്ന പേരില്‍ സ്പെയിനിലെ രാജാവുമായിരുന്നു (1516-56) ഇദ്ദേഹം. 1500 ഫെ. 24-ന് ഘെന്റില്‍ ജനിച്ചു. യൂറോപ്പിലെ പല രാജ്യങ്ങളും പാരമ്പര്യമായി ഇദ്ദേഹത്തിന് അവകാശപ്പെട്ടതായുണ്ടായിരുന്നു. 1515-ല്‍ ഇദ്ദേഹം ബര്‍ഗണ്ടിയിലെ ഡ്യൂക്ക് ആയി. 1516-ല്‍ ചാള്‍സ് സ്പെയിനിലെ രാജാവായി. വിശുദ്ധ റോമാസാമ്രാജ്യ ചക്രവര്‍ത്തിയായിരുന്ന ഇദ്ദേഹത്തിന്റെ മുത്തച്ഛന്‍ മാക്സിമിലിയന്‍ I-ന്റെ മരണത്തോടെ 1519-ല്‍ ഇദ്ദേഹം ചക്രവര്‍ത്തി സ്ഥാനത്തിന് അര്‍ഹനായി. 1520-ല്‍ ചാള്‍സ് ജര്‍മനിയിലെ രാജാവായി. ജര്‍മനിയിലെ മതനവീകരണത്തിനെതിരായ നിലപാടെടുത്തെങ്കിലും ഫ്രാന്‍സുമായുള്ള ഏറ്റുമുട്ടല്‍ ഈ നീക്കത്തില്‍നിന്നൊഴിഞ്ഞുനില്‍ക്കാന്‍ ചാള്‍സിനെ നിര്‍ബന്ധിതനാക്കി. 1525-ല്‍ ഫ്രാന്‍സിലെ രാജാവായിരുന്ന ഫ്രാന്‍സിസ് I-നെ പാവിയ യുദ്ധത്തില്‍ തോല്പിച്ച് ഇറ്റലിയില്‍ ആധിപത്യം സ്ഥാപിച്ചു. ചാള്‍സിന്റെ സൈന്യം 1527 മേയില്‍ റോമില്‍ പോപ്പ് ക്ളെമന്റ് VII-നെ ആക്രമിച്ചു. 1529-ല്‍ ഫ്രാന്‍സുമായുണ്ടാക്കിയ കംബ്രായ് സന്ധിയും പോപ്പുമായുണ്ടാക്കിയ സമാധാന ഉടമ്പടിയും ചാള്‍സിന്റെ ഇറ്റലിയിലെ ആധിപത്യം നിലനിര്‍ത്താന്‍ സഹായകമായി. വിശുദ്ധ റോമാസാമ്രാജ്യ ചക്രവര്‍ത്തിസ്ഥാനത്തിന് 1519-ല്‍ അര്‍ഹനായെങ്കിലും 1530-ല്‍ മാത്രമാണ് പോപ്പ് ഇദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് അവരോധിച്ചത്. ഓട്ടോമാന്‍ തുര്‍ക്കികളുടെ ആക്രമണത്തെ നേരിടാനുള്ള യത്നത്തില്‍ മതനവീകരണത്തോട് സൌമ്യമായ സമീപനം പുലര്‍ത്തി. 1535-ല്‍ ടൂണിസ് പിടിച്ചടക്കി. തുര്‍ക്കികളെ നേരിടുന്നതിനു സഹായകരമായ രീതിയില്‍ ഫ്രാന്‍സിസ് I-മായി 1538-ല്‍ കരാറുണ്ടാക്കി. എന്നാല്‍ തുര്‍ക്കികളുമായുള്ള ഏറ്റുമുട്ടലിലെ അള്‍ജിയേഴ്സ് യുദ്ധം (1541) ചാള്‍സിന് അനുകൂലമായിരുന്നില്ല. 1544-ല്‍ ഫ്രാന്‍സുമായി വീണ്ടുമുണ്ടായ യുദ്ധം സെപ്.-ലെ സമാധാന ഉടമ്പടിയില്‍ അവസാനിച്ചു. 1544-ല്‍ത്തന്നെ തുര്‍ക്കികളുമായും സമാധാനം സ്ഥാപിച്ചിരുന്നു. 1555-ലെ ആഗ്സ്ബര്‍ഗ് സന്ധിയിലൂടെ (നോ: ആഗ്സ്ബര്‍ഗ്സന്ധി) മതനവീകരണ പ്രശ്നങ്ങളും പരിഹരിച്ചു. 1556-ഓടുകൂടി ചാള്‍സ് രാജ്യാവകാശം പുത്രന്‍ ഫിലിപ്പിനും സഹോദരന്‍ ഫെര്‍ഡിനന്റിനുമായി നല്കി. 1558 സെപ്. 21-ന് ചാള്‍സ് മരണമടഞ്ഞു.

ചാള്‍സ് VI (1685 - 1740)-വിശുദ്ധ റോമാസാമ്രാജ്യം. വിശുദ്ധ റോമാ ചക്രവര്‍ത്തി (1711-40). ഇദ്ദേഹം ബൊഹീമിയയിലെയും (1711-40) ചാള്‍സ് I എന്ന പേരില്‍ ഹംഗറിയിലെയും (1712-40) രാജാവായിരുന്നു. 1685 ഒ. 1-ന് ലിയോപോള്‍ഡ് I-ന്റെ മകനായി വിയന്നയില്‍ ജനിച്ചു. ഹാപ്സ്ബര്‍ഗ് പരമ്പരയില്‍പ്പെട്ട റോമാ രാജാക്കന്മാരില്‍ അവസാനത്തെ ആളായിരുന്നു ഇദ്ദേഹം. ഹാപ്സ്ബര്‍ഗ് കുടുംബത്തില്‍പ്പെട്ട സ്പെയിനിലെ രാജാവായിരുന്ന ചാള്‍സ് II-ന്റെ മരണത്തെ(1700)ത്തുടര്‍ന്ന് ഇദ്ദേഹം സ്പെയിനിലെ പിന്തുടര്‍ച്ചയ്ക്കുവേണ്ടി യുദ്ധം ചെയ്തു. ഫ്രാന്‍സിലെ ലൂയി XIV-ന്റെ ചെറുമകനായ ഫിലിപ്പ് V-നെ എതിര്‍ത്തുകൊണ്ട് ചാള്‍സ് III എന്ന പേരില്‍ 1704-ല്‍ സ്പെയിനില്‍ രാജാവായി. സഹോദരനായിരുന്ന ജോസഫ് I-ന്റെ മരണത്തെ (1711 ഏ. 17)ത്തുടര്‍ന്ന് ഇദ്ദേഹം ഒ. 12-ന് വിശുദ്ധ റോമാ ചക്രവര്‍ത്തിയായി. ഡി. 22-ന് കിരീടധാരണം നടന്നു. ആണ്‍മക്കളില്ലാതിരുന്ന ഇദ്ദേഹം തന്റെ മകള്‍ മരിയ തെരേസയെ പിന്തുടര്‍ച്ചാവകാശിയാക്കുന്നതിനുവേണ്ടി 1713-ല്‍ 'പ്രാഗ്മാറ്റിക് സാങ്ഷന്‍' എന്ന വ്യവസ്ഥയുണ്ടാക്കി. ഫിലിപ്പ് V-മായി 1714-ല്‍ സന്ധിചെയ്ത് സ്പാനിഷ് അവകാശത്തിനുപകരമായി സ്പാനിഷ് അധീനതയിലുണ്ടായിരുന്ന ചില പ്രദേശങ്ങള്‍ കരസ്ഥമാക്കി. കിഴക്കന്‍ യൂറോപ്പിലെ ഭൂപ്രദേശങ്ങള്‍ നിലനിര്‍ത്താന്‍വേണ്ടി തുര്‍ക്കിയുമായി 1716-18-ലും 1736-39-ലും യുദ്ധം ചെയ്തു. 1733-35-ല്‍ പോളണ്ടിന്റെ പിന്തുടര്‍ച്ചാവകാശത്തിനുവേണ്ടി ഫ്രാന്‍സുമായും സ്പെയിനുമായും യുദ്ധം ചെയ്തു. 1740 ഒ. 20-ന് വിയന്നയില്‍ മരണമടഞ്ഞു.

ചാള്‍സ് VII (1697 - 1745)-വിശുദ്ധ റോമാസാമ്രാജ്യം. വിശുദ്ധ റോമാ ചക്രവര്‍ത്തി (1742-45). ചാള്‍സ് ആല്‍ബര്‍ട്ട് എന്ന പേരില്‍ ഇദ്ദേഹം ബവേറിയയിലെ ഇലക്ടറുമായിരുന്നു (1726-45). 1697 ആഗ. 6-ന് ജനിച്ചു. റോമാചക്രവര്‍ത്തിയായിരുന്ന ജോസഫ് I-ന്റെ മകളെ വിവാഹം ചെയ്തു. ഭരണാവകാശം ഏറ്റെടുക്കാന്‍ ആണ്‍മക്കള്‍ ഇല്ലാതിരുന്നതിനാല്‍ പുത്രി മരിയ തെരേസയെ ഹാപ്സ്ബര്‍ഗിന്റെ അനന്തരാവകാശിയാക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ട് 1713-ല്‍ ചാള്‍സ് VI പുറപ്പെടുവിച്ച 'പ്രാഗ്മാറ്റിക് സാങ്ഷന്‍' അംഗീകരിക്കുവാന്‍ ചാള്‍സ് VII കൂട്ടാക്കിയില്ല. ചാള്‍സ് ഢക-ന്റെ മരണത്തെ(1740)ത്തുടര്‍ന്ന് ഇദ്ദേഹം ഭരണാവകാശമുന്നയിക്കുകയും സാക്സണി, ഫ്രാന്‍സ്, പ്രഷ്യ, സ്പെയിന്‍ എന്നീ രാജ്യങ്ങളുമായി ചേര്‍ന്നു മരിയ തെരേസയ്ക്കെതിരെ പോരാടുകയുമുണ്ടായി. 1742 ജനു. 24-ന് ഇദ്ദേഹം റോമാ ചക്രവര്‍ത്തിയായി. ഫെ. 12-ന് ഫ്രാങ്ക് ഫര്‍ട്ടില്‍ കിരീടധാരണം നടന്നു. നോ: വിശുദ്ധ റോമസാമ്രാജ്യം

ചാള്‍സ് I(1500-58)-സ്പെയിന്‍

നോ: ചാള്‍സ് I-വിശുദ്ധ റോമാസാമ്രാജ്യം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍