This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കൊളംബിയ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കൊളംബിയ
Columbia
തെക്കേ അമേരിക്കയില്‍ വന്‍കരയുടെ വടക്കു പടിഞ്ഞാറേക്കോണിലായി സ്ഥിതിചെയ്യുന്ന സ്വതന്ത്രരാഷ്ട്രം. വന്കരഭാഗത്തിനു പുറമേ കരീബിയന്‍ കടലിലെ ഒരു ദ്വീപസമുഹവും, ഈ കടലിലും പസിഫിക്കിലുമായി കിടക്കുന്ന ഏതാനും ദ്വീപുകളും ഉള്‍പ്പെടുന്ന കൊളംബിയാ റിപ്പബ്ലിക്കിന്റെ മൊത്തം വിസ്തീര്‍ണം: 11,41,748 ച.കി.മീ. ആണ്; തലസ്ഥാനം: ബൊഗോട്ട; ജനസംഖ്യ: 4,64,06,352 (2012).
കൊളംബിയയുടെ വന്കരഭാഗത്തിലെ 1,600 കി.മീ. നീണ്ട തടരേഖയില്‍ 1,280 കി.മീ. പസിഫിക് തീരവും ശേഷം ഭാഗം കരീബിയന്‍ തീരവുമാണ്. വടക്കു പടിഞ്ഞാറ് പനാമ, കിഴക്ക് വെനിസ്വേല, ബ്രസീല്‍, തെക്ക് പെറു, ഇക്വഡോര്‍ എന്നിങ്ങനെയാണ് അയല്‍രാജ്യങ്ങള്‍. കരീബിയന്‍ കടലിലെ സാന്‍ ആന്ഡ്രീസി പ്രോവിഡന്ഷ്യ ദ്വീപസമൂഹം; റൊസോറിയോ, സാന്‍ ബര്‍ണാഡോ എന്നീ ദ്വീപുകള്‍; പസിഫിക് ദ്വീപുകളായ ജോര്ഗോണ, മാന്പേലോ എന്നിവയാണ് റിപ്പബ്ലിക്കിന്റെ ഇതരഭാഗങ്ങള്‍. അടുത്ത കാലംവരെ സ്പെയിനിന്റെ അധിനിവേശപ്രദേശമായി തുടര്‍ന്നുപോന്ന കൊളംബിയയില്‍ കൊളോണിയല്‍ സംസ്കാരത്തിന്റെ പ്രാഭവം ഇന്നും വ്യക്തമാണ്. ജനങ്ങളിലെ ഭൂരിപക്ഷംവരുന്ന മെസ്റ്റിസൊ വര്‍ഗക്കാരായ റോമന്‍ കത്തോലിക്കര്‍ സ്പാനിഷ് ഭാഷ സംസാരിക്കുന്നവരും സ്പെയിനിന്റേതായ സംസ്കാരവിശേഷതകള്ക്ക് തദ്ദേശസംസ്കാരത്തെക്കാള് മാന്യത കല്പിക്കുന്നവരുമാണ്. ജനങ്ങളില്‍ ഏറിയ പങ്കും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. പ്രധാനോത്പന്നമായ കാപ്പിയുടെ വിലയില്‍ അന്താരാഷ്ട്രവിപണനരംഗത്ത് അപ്രതീക്ഷിതമായി ഏറ്റക്കുറച്ചിലുണ്ടാവുന്നതു സാധാരണമായതിനാല്‍ കൊളംബിയയുടെ സാമ്പത്തികഭദ്രത മിക്കപ്പോഴും തകരാറിലാവുന്നു. ഇതിനോട് അനുബന്ധിച്ചുണ്ടാവുന്ന രാഷ്ട്രീയ-അനിശ്ചിതത്വം ഈ രാജ്യത്തിന്റെ ശാപമായി മാറിയിരിക്കുന്നു.
ചിത്രം:Screenshort page878.png
ഭൂപ്രകൃതി. ആന്‍ഡീസ് നിരകളുടെ തുടര്‍ച്ചയായുള്ള പര്‍വതപംക്തികള്‍, ഒറ്റപ്പെട്ട ഗിരിശൃംഗങ്ങള്‍, ഉന്നതതടങ്ങള്‍, പര്‍വതനിരകളെ വേര്‍തിരിക്കുന്ന ഇടുങ്ങിയ താഴ്വരകള്‍, നദീതടങ്ങള്‍, കിടങ്ങുകള്‍, കുന്നിന്‍പുറങ്ങള്‍ എന്നിവ ഇടകലര്‍ന്നു തികച്ചും നിമ്നോന്നതമായ ഒരു ഭൂപ്രകൃതിയാണ് കൊളംബിയയില്‍ മൊത്തത്തിലുള്ളത്. നെടുനാളായുള്ള അപരദന (erosion) പ്രക്രിയയുടെ ഫലമായി ഉരുത്തിരിഞ്ഞിട്ടുള്ള നാനാതരം ഭൂരൂപങ്ങള്‍ ഈ മേഖലയില്‍ കാണാം. ഉയര്‍ന്ന പ്രദേശങ്ങളില്‍ ഹിമാനികളുടെ പ്രവര്‍ത്തനഫലമായി രൂപംകൊണ്ടിട്ടുള്ള സവിശേഷസ്ഥലാകൃതികളും വിരളമല്ല.
ഇക്വഡോര്‍ അതിര്‍ത്തിയിലൂടെ കൊളംബിയയിലേക്കു കടക്കുന്ന ആന്‍ഡീസ് പര്‍വതനിര രണ്ടായി പിരിഞ്ഞ് പടിഞ്ഞാറേശാഖ പസിഫിക് തീരത്തിനു സമാന്തരമായും മറ്റേശാഖ രാജ്യത്തിനുകുറുകേ വടക്കു കിഴക്കു ദിശയിലും നീളുന്നു. രണ്ടാമത്തെ ശാഖയിലെ ഏറ്റവും ഉയരംകൂടിയ നിരകളില്‍നിന്ന് പിരിഞ്ഞ് വടക്കു കിഴക്കായി നീങ്ങുന്ന മൂന്നാമതൊരു പര്‍വതനിരയും കൊളംബിയയിലുണ്ട്. കൊളംബിയയ്ക്കുള്ളില് ആന്‍ഡീസ് ഏറ്റവും കൂടിയ ഉയരത്തിലെത്തുന്നത് സജീവ-അഗ്നിപര്‍വതങ്ങള്‍ ധാരാളമുള്ള മധ്യനിരകളിലാണ്; ഇതിലെ മലകളുടെ ശരാശരി ഉയരം 3000 മീ. ആണ്. മൂന്നാമത്തെ പര്വതനിരയ്ക്കാണ് നീളക്കൂടുതല്‍; 1200 കി.മീ. മധ്യനിരയില്‍ നിന്നുള്ള നിരവധി പിരിവുകള്‍ ഉയരക്കുറവുമൂലം താരതമ്യേന അഗണ്യങ്ങളാണ്. പശ്ചിമ, മധ്യനിരകളുടെ ഏതാനും ശാഖകള്‍ അത് ലാന്തിക് തീരത്തോളം തുടര്‍ന്നുകാണുന്നു. ആന്‍ഡീസ് നിരകളുമായി ബന്ധമില്ലാത്ത ഒറ്റപ്പെട്ട പര്‍വതങ്ങളും കൊളംബിയയിലുണ്ട്; രാജ്യത്തിലെ ഏറ്റവും ഉയരംകൂടിയ ഗിരിശൃംഗങ്ങള്‍ ഇക്കൂട്ടത്തില്‍പ്പെട്ടവയാണ്; ത്രിഭുജാകൃതിയില്‍ സ്ഥിതിചെയ്യുന്ന സന്താമാര്ത്താ പര്‍വതങ്ങളിലെ കോളണ്‍ (5775 മീ.), ബോളിവര്‍ (5002 മീ.) എന്നീ കൊടുമുടികള്‍ ഈ പദവി പങ്കിടുന്നു. കരീബിയന്‍ കടലിലേക്കു ഉന്തിനില്ക്കുന്ന സന്താമാര്ത്തയുടെ തെക്കുകിഴക്കും തെക്കു പടിഞ്ഞാറും പാര്‍ശ്വങ്ങള്‍ അത് ലാന്തിക് തീരത്തേക്കു തൂക്കായി പതിക്കുന്ന തരത്തിലാണ്.
കൊളംബിയയിലെ ഉന്നതതടങ്ങളെ രൂപീകരണത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടു വിഭാഗങ്ങളായി തിരിക്കാം. അഗ്നിപര്‍വതങ്ങളില്‍ നിന്നു പൊട്ടിയൊഴുകിയ ലാവ അട്ടിയിട്ടുണ്ടായിട്ടുള്ള പീഠഭൂമികളാണ് ആദ്യത്തെ ഇനം. പ്രധാന പര്‍വതനിരയുടെ പാര്‍ശ്വങ്ങളില്‍ ആഗ്നേയപ്രക്രിയ (Igneous activity) യുടെയും അവസാദനിക്ഷേപങ്ങളുടെയും സമ്മിളിത രൂപമായി ഉണ്ടായിട്ടുള്ള ഉന്നതതടങ്ങള്‍ രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്നു. തലസ്ഥാനനഗരമായ ബൊഗോട്ട ഇത്തരമൊരു പീഠഭൂമിയിലാണ് സ്ഥിതിചെയ്യുന്നത്. തീരസമതലങ്ങളുടെ തുടര്‍ച്ചയായി മലനിരകള്‍ക്കിടയിലൂടെ ഉള്ളിലേക്കു നീളുന്ന പൊതുവേ വീതികുറഞ്ഞ സമതലങ്ങളാണ് കൊളംബിയയിലുള്ളത്. മൊട്ടക്കുന്നുകളെ ഉള്‍ക്കൊണ്ട് നേരിയ ചായ്വില് അത് ലാന്തിക് തീരത്തേക്കു നീളുന്ന ലാന്തറ-അത് ലാന്തിക് ആണ് രാജ്യത്തിലെ ഏറ്റവും വിശാലമായ സമതലപ്രദേശം. പസിഫിക് തീരം വീതികുറഞ്ഞതും ചതുപ്പുകള്‍ നിറഞ്ഞതുമാണ്.
ആന്‍ഡീസ് ചരിവുകളില്‍ നിന്ന് കിഴക്ക് ഓറിനാക്കോ നദി വരെ വ്യാപിച്ചുകിടക്കുന്ന പീഠസമതലമാണ് കൊളംബിയയിലെ ഏറ്റവും പ്രധാനപ്പെട്ട ഭൂവിഭാഗം. ഈ മേഖലയെ മൂന്നായി വിഭജിക്കാം: ഗ്വാവെയര്, കക്വെറ്റ എന്നീ നദികള്‍ക്കിടയിലായുള്ള മധ്യഭാഗമാണ് ആദ്യത്തേത്; ഏറെക്കുറെ നിമ്നോന്നതമായ ഈ പ്രദേശത്തിലെ നദികള്‍ ഒഴുക്കു കൂടിയവയും വെള്ളച്ചാട്ടങ്ങള്‍ നിറഞ്ഞവയുമാണ്. ഈ ഭൂഭാഗത്തിനു വടക്കുള്ള മീതാനദീതടവും തെക്കായി കിടക്കുന്ന പുതുമായോനദീതടവുമാണ് മറ്റു രണ്ട് ഉപമേഖലകള്‍. ആമസോണ്‍ തടപ്രദേശം ഉയരക്കൂടുതലിന്റെ സങ്കീര്‍ണതമൂലം ഏറെക്കുറെ ദുഷ് പ്രാപമാണ്.
കൊളംബിയയിലെ തീരസമതലങ്ങളില്പ്പോലും വൈവിധ്യം നിറഞ്ഞ ഭൂദൃശ്യങ്ങളാണുള്ളത്. പസിഫിക് തീരത്ത് വിവര്‍ത്തനിക (Tectonic) പ്രക്രിയകളുടെയും ഒഴുക്കുവെള്ളം, തിരമാലകള്‍, കാറ്റ് എന്നീ ബാഹ്യകാരകങ്ങളുടെയും സമ്മിശ്രപ്രവര്ത്തനഫലമായി രൂപംകൊണ്ട ഭൂരൂപങ്ങള്‍ സാധാരണമാണ്; ഉള്‍ക്കടലുകളും അഴിമുഖങ്ങളും കടലിലേക്കുന്തി നില്ക്കുന്ന കുന്നുകളും പാറക്കെട്ടുകളും ഇടകലര്‍ന്ന പ്രകൃതിയാണ് ഈ കടലോരത്തിനുള്ളത്. സന്താമാര്ത്താ പര്‍വതത്തിന്റെ ചുവടരികിലുള്ള കരീബിയന്‍ തീരത്തിലെ സ്ഥിതിയും വിഭിന്നമല്ല. നദീമുഖങ്ങളുടെ ഇരുപുറവുമുള്ള തീരസമതലം കൂടുതല്‍ ഉള്ളിലേക്കു വ്യാപിച്ചു കിടക്കുന്നു.
നദികള്‍. കൊളംബിയയിലെ നദികളെ ഗതിയെ അടിസ്ഥാനമാക്കി നാലു വിഭാഗങ്ങളായി തിരിക്കാം: കരീബിയന്‍ കടലില്‍ പതിക്കുന്നവ, കിഴക്കോട്ടൊഴുകുന്നവ, മാരക്കൈബോ തടാകത്തില്‍ വീഴുന്നവ, പസിഫിക്കിലേക്കൊഴുകുന്നവ. ആന്‍ഡീസ് നിരകളുടെ പ്രത്യേക രീതിയിലുള്ള സ്ഥിതിമൂലം അത്രതോ, സീനു, റാന്ഷേറിയ, മഗ്ദലെന തുടങ്ങിയ വന്‍നദികളുടെ ഗതി കരീബിയന്‍ കടലിലേക്കായിത്തീര്ന്നിരിക്കുന്നു. അത് ലാന്തിക്കില്‍ പതിക്കുന്ന ഓറിനാക്കോ, ആമസോണ്‍ എന്നീ നദികളുടെ ഉപനദികളാണ് രണ്ടാമത്തെ വിഭാഗം; അരാക്ക, മീത, വിക്കാഡ, ഇനിറിഡ, ഗ്വവെയര് എന്നീ നദികള്‍ ഓറിനാക്കോയിലും വാപി, കക്വെറ്റ, പുതുമായോ എന്നിവ ആമസോണിലും ലയിക്കുന്നു. കൊളംബിയാ അതിര്‍ത്തിക്കുള്ളില്‍ ഉദ്ഭവിച്ച് വെനിസ്വേലയിലെ മാരക്കൈബോ തടാകത്തിലേക്കൊഴുകുന്ന മൂന്നാമത്തെ വിഭാഗം പൊതുവേ നീളം കുറഞ്ഞവയും അപ്രധാനങ്ങളുമാണ്; ഇക്കൂട്ടത്തില്‍ എടുത്തുപറയാവുന്നത് കാറ്റാറ്റൂംബോ നദി മാത്രമാണ്. പസിഫിക്കിലേക്കൊഴുകുന്ന നദികള്‍ താരതമ്യേന നീളം കുറഞ്ഞവയാണ്; ചെങ്കുത്തായ പ്രദേശങ്ങളിലൂടെ ഒലിച്ചിറങ്ങുന്ന ഈ നദികള്‍ ഒഴുക്കുകൂടിയവയുമാണ്. ആവാഹക്ഷേത്രം മഴകൂടുതലുള്ള പ്രദേശമായതിനാല്‍ ഇവ സ്വാഭാവികമായും ജലസമൃദ്ധങ്ങളാണ്. പസിഫിക്കിലേക്കൊഴുകുന്ന നദികളില്‍ പ്രധാനപ്പെട്ടവ ബാഡോ, സാന്‍ജൂവാന്‍, ഡാഗ, നായ, മൈക്കേ, സാന്ക്വയാംഗ, പാറ്റിയ, ഇക്വഡോറില്‍നിന്ന് ഒഴുകിയെത്തുന്ന മിറ എന്നിവയാണ്. മഗ്ദലെനയുടെ പോഷകനദിയായ കാക്ക വന്‍നദികളുടെ കൂട്ടത്തില്‍പ്പെടുത്താവുന്നതാണ്. ആന്‍ഡീസ് ഉന്നതതടങ്ങളില്‍ ധാരാളം നൈസര്ഗികതടാകങ്ങളുണ്ട്; ടോട്ടാ, ഫുക്വിന്, ലാകൊച്ച എന്നിവയാണ് പ്രധാനജലാശയങ്ങള്. റയോ ഉപൈയായുടെ പ്രഭവം ടോട്ടാതടാകത്തില് നിന്നാണ്. ക്രമേണ വറ്റിക്കൊണ്ടിരുന്ന ഫൂക്വിന് തടാകത്തിന്റെ മധ്യത്തില്‍ സന്റാറിയോ ദ്വീപ് രൂപം കൊണ്ടിരിക്കുന്നു. ലാകൊച്ചായില്നിന്ന് പുറപ്പെടുന്ന ഗുവാമുറെ സാമാന്യം വലിയ ഒരു നദിയാണ്. കൊളംബിയയിലെ വന്‍നദികളുടെ തടങ്ങളില്‍ വിസ്തൃതമായ ചതുപ്പുകള്‍ സാധാരണമാണ്.
മണ്ണ്. ശിലാഘടനയിലും കാലാവസ്ഥയിലുമുള്ള വൈവിധ്യം മൂലം കൊളംബിയയില്‍ വിവിധയിനം മണ്ണുകള്‍ രൂപംകൊണ്ടിരിക്കുന്നു. കാക്ക, മഗ്ദലെന, സീനു, സെസര്‍, ആരിഗ്വാനി എന്നീ നദികളുടെ തടപ്രദേശങ്ങളാണ് ഫലഭൂയിഷ്ഠതയില്‍ മുന്നിട്ടുനില്‍ക്കുന്നത്. ബൊഗോട്ടയ്ക്കുചുറ്റുമുള്ള പുല്‍മേടുകള്‍, ടക്വിറെസ് ഉന്നതതടം, ക്വിന്ഡിയോമേഖല, സിബുന്ഡോ, ഉബാട്ടേ, ചികിന്‍ ക്വിറാ എന്നീ താഴ്വരകള്‍, ലാനോസ് സമതലം എന്നിവിടങ്ങളിലും ഫലപുഷ്ടിയേറിയ മണ്ണിനങ്ങളാണുള്ളത്.
കാലാവസ്ഥ. അക്ഷാംശീയ സ്ഥിതിയുടെ പ്രത്യേകതമൂലം താപനിലയില്‍ വലുതായ ഏറ്റക്കുറച്ചില്‍ ഏര്‍പ്പെടാത്ത ഉഷ്ണമേഖലാകാലാവസ്ഥയാണ് ഇവിടെ പൊതുവേ അനുഭവപ്പെടുന്നത്. എന്നാല്‍ വര്‍ഷപാതത്തിന്റെ തോതില്‍ പ്രാദേശികമായ അന്തരം സാധാരണമാണ്. വാണിജ്യവാതങ്ങളുടെ പ്രഭാവം കൊളംബിയയിലെ കാലാവസ്ഥയില്‍ പ്രകടമാകുന്നു. ഋതുഭേദമനുസരിച്ച് പുഷ്ടിപ്പെടുകയും ക്ഷയിക്കുകയും ചെയ്യുന്ന വടക്കു കിഴക്കനും തെക്കു കിഴക്കനും വാണിജ്യവാതങ്ങള്‍ പരസ്പരം കൂട്ടിമുട്ടുന്ന മിശ്രമേഖല തെക്കോട്ടും വടക്കോട്ടും വ്യതിചലിക്കുന്നതനുസരിച്ച് കൊളംബിയയിലെ കാലാവസ്ഥയില്‍ മേഖലാപരമായ ഭേദങ്ങളുണ്ടാവുന്നു. സ്ഥാനീയമായ വ്യത്യാസങ്ങള്‍ ഉളവാക്കുന്ന മറ്റൊരു ഘടകം ഉയരമാണ്.
ആമസോണ്‍ മേഖല, മഗ്ദലെന തടത്തിന്റെ മധ്യഭാഗം, പസിഫിക് തീരത്തിന്റെ വടക്കേപകുതി എന്നിവിടങ്ങള്‍ മഴക്കാടുകള്‍ (Rain forests) ആണ്. ആണ്ടില്‍ ശരാശരി 250 സെന്റിമീറ്ററിലേറെ മഴ കിട്ടുന്ന ഈ മേഖലയിലെ താപനില 23°C-ല്‍ താഴാറില്ല. പസിഫിക് തീരത്തിന്റെ തെക്കേ പകുതി, പനാമയ്ക്കു തൊട്ടുകിടക്കുന്ന കരീബിയന്‍ തീരം, ക്വിന്‍ഡിയോ പ്രദേശം, പൂര്വപര്വതങ്ങളുടെ അടിവാരം എന്നിവിടങ്ങളില്‍ മണ്‍സൂണ്‍ കാലാവസ്ഥ അനുഭവപ്പെടുന്നു. വര്‍ഷവും വരള്‍ച്ചയും മാറിമാറി ലഭിക്കുന്ന സാവന്ന മാതൃകാ കാലാവസ്ഥയാണ് ലാന്തറ-അത് ലാന്തിക്മേഖലയിലുള്ളത്. ഇവിടെ മേയ്-നവംബര്‍ മാസങ്ങള്‍ മഴക്കാലമാണ്. നവംബര്‍-ഏപ്രില്‍ മാസങ്ങളില്‍ വരള്‍ച്ചയും. ലാനോസ് സമതലം, മഗ്ദലെന തടത്തിന്റെ മേല്പ്പകുതി എന്നിവിടങ്ങളിലും സാവന്ന കാലാവസ്ഥയാണ്. ഇവിടങ്ങളില്‍ വര്‍ഷപാതം 180 സെന്റിമീറ്ററില്‍ താഴെയായിരിക്കും; മധ്യതാപനില 23°C-ല്‍ കൂടുതലാണ്. മഴയില്ലാത്ത മാസങ്ങളില്‍ പൂഴിക്കാറ്റ് വീശുന്നതും സാധാരണമാണ്. സാവന്ന മാതൃകയില്‍ത്തന്നെ വര്‍ഷകാലത്ത് വിട്ടുവിട്ട് വരള്‍ച്ച അനുഭവപ്പെടുന്നയിനം പ്രത്യേക കാലാവസ്ഥയുള്ള പ്രദേശങ്ങളാണ് ഗോള്‍ഫോ ദെ മോറസ്ക്വിലോയും കരീബിയന്‍ തീരത്തിലെതന്നെ മറ്റു ചില ഭാഗങ്ങളും. സാധാരണ താപനില 27°C-ലേറെയായുള്ള ഇവിടങ്ങളില്‍ 80 സെന്റിമീറ്ററിലേറെ മഴ കിട്ടാറില്ല; താപനിലയിലെ ദൈനികപരാസം വളരെ കൂടുതലാണ്.
മലമ്പ്രദേശങ്ങളിലെ കാലാവസ്ഥ നിര്‍ണയിക്കുന്നതില്‍ സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം ഗണ്യമായ സ്വാധീനത ചെലുത്തുന്നു. 1,800 മീറ്ററിലേറെ ഉയരത്തിലുള്ള മലഞ്ചരിവുകളിലും ഉന്നതതടങ്ങളിലും മാധ്യതാപനില 18ബ്ബഇ- ആണ്; 180-200 സെ.മീ. മഴ ലഭിക്കുന്നു. 2,500-3,050 മീ. ഉയരങ്ങളിലുള്ള പ്രദേശങ്ങളില്‍ ശരാശരി താപനില 11°C മുതല്‍ 14°C വരെ വ്യതിചലിച്ചുകാണുന്നു. ഈ ഭാഗങ്ങളില്‍ ജനാധിവാസം വ്യാപകമായതിനെത്തുടര്‍ന്ന് മുന്‍കാലങ്ങളിലെപ്പോലെ മൂടല്‍മഞ്ഞിന്റെ ശല്യം ഉണ്ടാകുന്നില്ല. 3,050 മീറ്ററിനു മേല്‍ ഉയരമുള്ള പര്‍വതസാനുക്കളില്‍ താപനില 10°c-ല്‍ താഴെയാണ്. മൂടിക്കെട്ടിയ ആകാശം, ശീതക്കാറ്റ്, മൂടല്‍മഞ്ഞ്, മഞ്ഞുവീഴ്ച തുടങ്ങിയവ ഈ മേഖലയുടെ പ്രത്യേകതകളാണ്. പാരമോസ് എന്നറിയപ്പെടുന്ന ഈ മേഖലയില്‍ 3,660 മീ. ഉയരത്തില്‍ വരെ കുടിപ്പാര്പ്പുണ്ട്. 4,500 മീറ്ററിലേറെ ഉയരമുള്ള പ്രദേശങ്ങള്‍ സദാ മഞ്ഞിനടിയിലാണ്.
ജീവജാലങ്ങള്‍. ഇവിടെ 23 ഇനം നൈസര്‍ഗിക സസ്യമേഖലകള് ഉണ്ടായിരുന്നതായി നിര്‍ണയിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇവയില്‍ ഒട്ടുമിക്കവയും നഷ്ടപ്രായമായിട്ടുണ്ട്. ആന്‍ഡീസ് ഉന്നതതടങ്ങളില്പ്പോലും നൈസര്‍ഗികപ്രകൃതി പാടെ തുടച്ചുമാറ്റപ്പെട്ട അവസ്ഥയാണുള്ളത്. കൃഷിവികസനത്തിനും മനുഷ്യോപഭോഗപരമായ മറ്റു കാര്യങ്ങള്‍ക്കുമായി വ്യാപകമായി നശിപ്പിക്കപ്പെട്ടതിന്റെ ഫലമായി നൈസര്‍ഗികവനങ്ങള്‍ ചുരുക്കം ഭാഗങ്ങളിലായി ഒറ്റപ്പെട്ടുപോയിരിക്കുന്നു. ആമസോണ്‍ മേഖലയിലെ ഇടതൂര്‍ന്ന വനങ്ങള്‍പോലും ഭാഗികമായി വെട്ടിത്തെളിക്കപ്പെട്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.
വന്യജീവിവര്ഗങ്ങളും വലുതായ നാശത്തിനു വിധേയമായിട്ടുണ്ട്. ആമസോണ്‍ പ്രദേശത്തു നിലനിന്നുപോരുന്ന വനങ്ങളില്‍ പ്യൂമ, ജാഗ്വാര്‍, റക്കൂണ്‍ തുടങ്ങിയ മൃഗങ്ങള്‍ ധാരാളമായുണ്ട്. കരടി, ഹരിണവര്‍ഗങ്ങള്‍, ഉരഗങ്ങള്‍ തുടങ്ങിയവയും കാണപ്പെടുന്നു. കരളുന്ന ജീവികളിലെ അഗൂട്ടി, പാക എന്നീ വിശേഷയിനങ്ങളും ഒപോസം, ഉറുമ്പുതീനി, കുരങ്ങുവര്‍ഗങ്ങള്‍, കാട്ടുപന്നി, തേവാങ്ക് എന്നിവയുമാണ് സാധാരണയായി കാണപ്പെടുന്ന മറ്റു വന്യജീവികള്‍. 1500-ലേറെയിനം പക്ഷികളുള്ളതായി കണക്കാക്കപ്പെട്ടിട്ടുണ്ട്. കൊളംബിയയിലെ നദികള്‍ സമൃദ്ധമായ ഒരു മത്സ്യശേഖരം ഉള്‍ക്കൊള്ളുന്നു.
ഭൂപ്രകൃതിവിഭാഗങ്ങള്‍. ഭൂമിശാസ്ത്രപരമായി കൊളംബിയയെ കരീബിയന്‍ താഴ്വാരങ്ങള്‍, പസിഫിക് തീരം, ആന്‍ഡീസ് മേഖല, പൂര്വസമതലം (ലാനോസ്), ആമസോണ്വനങ്ങള് എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളായി തിരിക്കാം. രാജ്യത്തിലെ ജനങ്ങളില്‍ 17 ശതമാനത്തോളം നിവസിക്കുന്ന കരീബീയന്‍ മേഖലയില്‍ പരമ്പരാഗത തൊഴിലായ കാലിവളര്‍ത്തലിനോടൊപ്പം തോട്ടവിളകളും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. കാര്‍ത്തജീന, സന്താമാര്ത്ത എന്നീ മുഖ്യനഗരങ്ങള്‍ ഈ മേഖലയിലാണ്. ചതുപ്പുകളും കണ്ടല്‍വനങ്ങളും നിറഞ്ഞ പസിഫിക് തീരത്ത് ജനവാസം താരതമ്യേന കുറവാണ്. മുന്‍കാലത്ത് അടിമപ്പണിക്കായി ഇറക്കുമതി ചെയ്യപ്പെട്ട കറുത്തവര്‍ഗക്കാരുടെ പിന്‍ഗാമികള്‍ സ്വാതന്ത്ര്യപ്രാപ്തിയെത്തുടര്‍ന്ന് പ്രായേണ വിഗണിക്കപ്പെട്ടുകിടന്ന പസിഫിക് മേഖലകളില്‍ കുടിയേറിയിരിക്കുന്നു.
കൊളംബിയയിലെ 80 ശതമാനത്തോളം ജനവാസവും ആന്‍ഡീസ് മേഖലയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്; ബൊഗോട്ട, മെഡെലിന്, കാലി എന്നീ വന്‍നഗരങ്ങള്‍ ഈ പ്രദേശത്താണ്. ലാനോസ്, ആമസോണ്‍ വനങ്ങള്‍ എന്നീ വിഭാഗങ്ങള്‍ വിസ്തീര്‍ണത്തില്‍ രാജ്യത്തിന്റെ മൂന്നില്‍ രണ്ടോളം വരുമെങ്കിലും മൊത്തം ജനങ്ങളിലെ രണ്ടുശതമാനത്തെ മാത്രമേ ഉള്‍ക്കൊള്ളുന്നുള്ളൂ. ആന്‍ഡീസിന്റെ അടിവാരത്തുള്ള ചെറുപട്ടണങ്ങള്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വന്കിടകാലിവളര്ത്തല് കേന്ദ്രങ്ങള്‍ ലാനോസിന്റെ ഏറിയഭാഗവും അപഹരിച്ചിരിക്കുന്നു. ആമസോണ്‍വനങ്ങളെ അധിവസിക്കുന്നത് ന്യൂനപക്ഷവിഭാഗമായ ആദിവാസികളാണ്.
ജനങ്ങള്‍. തദ്ദേശീയരായ അമേരിന്ത്യര്‍ യൂറോപ്യരുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള സങ്കരവര്ഗങ്ങള്ക്കാണ് കൊളംബിയയില്‍ ഭൂരിപക്ഷമുള്ളത്. ഈ ഭൂഭാഗങ്ങളെ അധിനിവേശിച്ചിരുന്ന സ്പെയിന്‍കാരുടെ പിന്‍ഗാമി (മെസ്റ്റിസോ) കള്‍ക്കാണ് ഇക്കൂട്ടരില്‍ മുന്‍തൂക്കം. മെസ്റ്റിസോകള്‍, ആഫ്രിക്കന്വംശജരുമായി കലര്ന്നുണ്ടായിട്ടുള്ള മുലാട്ടോകള്, യൂറോപ്യര്‍, കറുത്തവര്‍ഗക്കാര്‍, അമേരിന്ത്യര്‍ എന്നിവരാണ് പ്രധാന ജനവിഭാഗങ്ങള്‍. ജനങ്ങളില്‍ ഭൂരിഭാഗവും റോമന്‍ കത്തോലിക്കരാണ്. ശ്ലാഘനീയമായ മതസഹിഷ്ണുത പുലരുന്ന കൊളംബിയയില്‍ ജൂതന്മാര്, പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികള്‍ തുടങ്ങിയ മറ്റു മതവിശ്വാസികളുമുണ്ട്. ഔദ്യോഗിക ഭാഷ സ്പാനിഷ് ആണ്; തദ്ദേശീയ ഭാഷകള്‍ക്കും അര്‍ഹമായ പ്രോത്സാഹനം ഉറപ്പുവരുത്തിയിട്ടുണ്ട്. വര്‍ധിച്ച ജനനനിരക്കും കുറഞ്ഞ മരണനിരക്കുംമൂലം ഭീമമായ ജനപ്പെരുപ്പത്തെ നേരിടുന്ന ഒരു രാജ്യമാണ് കൊളംബിയ. ഗ്രാമങ്ങളില്‍ നിന്നു വന്‍തോതിലുള്ള കുടിയേറ്റം രാജ്യത്തിലെ നഗരങ്ങളെ ജനസംഖ്യാസ്ഫോടനത്തിന്റെ വക്കത്തെത്തിച്ചിരിക്കുന്നു. ജനനനിയന്ത്രണം പ്രാവര്‍ത്തികമാക്കിവരുന്നു. ജനപ്പെരുപ്പം വികസനസാധ്യതകള്‍ക്കു മങ്ങലേല്പിച്ചിട്ടുമുണ്ട്.
സമ്പദ് വ്യവസ്ഥ
കൃഷി. കാര്ഷികപ്രമുഖമായ സമ്പദ്വ്യവസ്ഥയാണ് കൊളംബിയയിലുള്ളത്. വ്യവസായവത്കരണത്തിനുള്ള തീവ്രയത്നം ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിലെ പ്രവൃത്തിയെടുക്കുന്ന ആളുകളില്‍ ഭൂരിപക്ഷവും കാര്‍ഷികവൃത്തിയിലേര്‍പ്പെട്ടിരിക്കുന്നു. കൊളംബിയയിലെ ഫലപുഷ്ടി കുറഞ്ഞ പ്രദേശങ്ങളില്‍ കൃഷി വികസിച്ചിട്ടില്ല. ജനവാസം കുറഞ്ഞയിടങ്ങളിലാണ് തരിശുനിലങ്ങള്‍ അധികമുള്ളത്. ശാസ്ത്രീയ കൃഷിസമ്പ്രദായം സമതലപ്രദേശങ്ങളില്‍ മാത്രമായി ഒതുങ്ങിയിരിക്കുന്നു. ജലസേചനസൗകര്യങ്ങളും രാസവളങ്ങളുടെ ഉപയോഗവും പ്രവൃദ്ധമായിട്ടുണ്ട്. ഭൂരിപക്ഷം കര്‍ഷകരും പരമ്പരാഗത സമ്പ്രദായങ്ങളോട് ആഭിമുഖ്യം കാട്ടുന്നു.
കാപ്പിയാണ് മുന്തിയ കാര്ഷികോത്പന്നം. കാപ്പി ഉത്പാദനത്തില്‍ കൊളംബിയയ്ക്ക് ലോകത്തിലെ രണ്ടാം സ്ഥാനമാണുള്ളത്. 1,300-2,000 മീ. ഉയരങ്ങളിലുള്ള പ്രദേശങ്ങളിലാണ് കാപ്പിക്കൃഷി അധികമായി നടക്കുന്നത്. രാജ്യത്തിലെ കയറ്റുമതിയില്‍ മുന്നിട്ടുനില്ക്കുന്നതും കാപ്പിതന്നെ. നാണ്യവിളയായി തോട്ടങ്ങളില്‍ വളര്‍ത്തപ്പെടുന്ന നേന്ത്രവാഴയ്ക്കാണ് കാര്‍ഷികവിളകളില്‍ രണ്ടാംസ്ഥാനം. കരീബിയന്‍ തീരത്താണ് വാഴത്തോട്ടങ്ങള്‍ കേന്ദ്രീകരിച്ചിട്ടുള്ളത്. ഭക്ഷ്യവസ്തുവെന്ന നിലയില്‍ വ്യാപകമായുള്ള ദേശീയോപഭോഗത്തിനു പുറമേ വന്‍തോതില്‍ കയറ്റുമതി ചെയ്യപ്പെടുന്നതുമായ ഉത്പന്നമാണ് വാഴപ്പഴം. അടുത്തകാലത്തായി വികസിപ്പിച്ചിട്ടുള്ള മറ്റൊരു നാണ്യവിളയാണ് കരിമ്പ്. പഞ്ചസാര കയറ്റുമതിയില്‍ അന്താരാഷ്ട്ര വാണിജ്യരംഗത്ത് കൊളംബിയ ഗണ്യമായ സ്ഥാനം നേടിയിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങളുടെ കൂട്ടത്തില്‍ ചോളത്തിനാണ് ഒന്നാം സ്ഥാനം. നെല്‍ക്കൃഷിയും സാമാന്യമായ തോതില്‍ നടക്കുന്നു. ദേശീയപ്രാധാന്യം നേടിയിട്ടുള്ള മറ്റു വിളകളില്‍ പരുത്തി, ഉരുളക്കിഴങ്ങ്, കൊക്കോ, ഗോതമ്പ്, ബാര്‍ലി, പുകയില, പയറുവര്‍ഗങ്ങള്‍ ഫലവര്‍ഗങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. ചണം, തെങ്ങ്, റബ്ബര്‍, മുന്തിരി, ഫലവൃക്ഷങ്ങള്‍ എന്നിവയും കൃഷി ചെയ്യപ്പെടുന്നുണ്ട്.
കാലിവളര്‍ത്തല്‍. സാവന്നമാതൃക കാലാവസ്ഥയുള്ള ലന്തറാ-അത് ലാന്തിക്, സീനു, സാന്‍ ജോര്‍ജ് എന്നീ നദികളുടെ തടങ്ങള്‍; ലാനോസ് സമതലം എന്നിവിടങ്ങളില്‍ കന്നുകാലി വളര്‍ത്തല്‍ വന്‍തോതില്‍ അഭിവൃദ്ധിപ്പെട്ടിരിക്കുന്നു. ആടുമാടുകള്‍ക്കു പുറമേ കുതിര, കഴുത, കോവര്‍ക്കഴുത, പന്നി എന്നിവയും ധാരാളമായി വളര്‍ത്തപ്പെടുന്നു. കൃഷിപ്പണിക്കും ഭാരം ചുമക്കുന്നതിനും വളര്‍ത്തുമൃഗങ്ങളെ ആശ്രയിക്കുന്ന സമ്പ്രദായം ഇപ്പോഴും സാര്‍വത്രികമാണ്. കോഴിവളര്‍ത്തലും വികസിച്ചിട്ടുണ്ട്.
ധാതുക്കള്‍. അമൂല്യലോഹങ്ങളുടെ നിക്ഷേപങ്ങളാല്‍ സമ്പന്നമാണ് കൊളംബിയ. സ്വര്ണമുത്പാദനത്തില് തെക്കേ അമേരിക്കയില്‍ ഒന്നാം സ്ഥാനത്തും ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ പത്താം സ്ഥാനത്തും നില്ക്കുന്നു. പസിഫിക് ഭാഗത്തിലെ പര്‍വതസാനുക്കളിലെ സ്വര്‍ണഖനികളില്‍ നിന്ന് ഉപോത്പന്നമായി പ്ലാറ്റിനവും ലഭിക്കുന്നു. മധ്യ, പൂര്വപര്വതമേഖലകളിലുള്ള സ്വര്‍ണഖനികളില്‍ വെള്ളിയാണ് ഉപോത്പന്നം. ഇരുമ്പുനിക്ഷേപത്തിന്റെ കാര്യത്തില്‍ കൊളംബിയ തുലോം ദരിദ്രമാണ്. ആന്‍ഡീസ് മേഖലയില്‍നിന്ന് സാമാന്യമായ തോതില്‍ കല്‍ക്കരി ലഭിക്കുന്നുണ്ട്. പെട്രോളിയം, പ്രകൃതിവാതകം എന്നിവയുടെ കാര്യത്തിലും ഏറെക്കുറെ സമ്പന്നമാണ് കൊളംബിയ.
വ്യവസായങ്ങള്‍. കൊളംബിയയിലെ മികച്ച വനസമ്പത്ത് വ്യാവസായികാവശ്യങ്ങള്‍ക്ക് പൂര്‍ണമായും പ്രയോജനപ്പെടുത്തുന്നതിനെ സങ്കീര്‍ണമായ ഭൂപ്രകൃതി തടസ്സപ്പെടുത്തുന്നു. തടിവ്യവസായം കാര്യമായി പുരോഗതി പ്രാപിച്ചിട്ടില്ല. വിപുലമായ മത്സ്യസമ്പത്ത് ശാസ്ത്രീയമായി ചൂഷണം ചെയ്യുന്നതിനും തത്സംബന്ധമായ വ്യവസായങ്ങള്‍ വികസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ പുരോഗമിച്ചുവരുന്നു. പെട്രോളിയശുദ്ധീകരണവും ഉപോത്പന്നങ്ങളായ ഗ്യാസൊലിന്‍, മണ്ണെണ്ണ, ഡീസല്‍, പാരഫിന്‍, ആസ്ഫാള്‍ട്ട് തുടങ്ങിയവയുടെ ഉത്പാദനവും ഒന്നാംകിട വ്യവസായങ്ങളില്‍പ്പെടുന്നു. തുണിനെയ്ത്താണ് മറ്റൊരു പ്രധാനവ്യവസായം. കാപ്പി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആദായം നേടുന്ന കയറ്റുമതിയിനം തുണിയാണ്. യന്ത്രങ്ങളും നിത്യോപയോഗസാധനങ്ങളും തനതായി നിര്‍മിച്ച് ഇറക്കുമതികള്‍ കുറയ്ക്കുന്നതിനുള്ള പദ്ധതികള്‍ പ്രാവര്‍ത്തികമാക്കിവരുന്നു. പുതിയ ഉത്പന്നങ്ങളില്‍ കടലാസ്, സിമന്റ്, ഔഷധങ്ങള്‍, വളങ്ങള്‍, ഇതര രാസദ്രവ്യങ്ങള്‍, തുകല്‍ സാധനങ്ങള്‍, സിഗററ്റ് തുടങ്ങിയവ മുതല്‍ റെയില്‍വേ വാഗണ്‍, മത്സ്യബന്ധനോപകരണങ്ങള്‍ വരെ ഉള്‍പ്പെടുന്നു.
ഊര്‍ജസമ്പത്ത്. കൊളംബിയ രാഷ്ട്രം ഊര്‍ജ-ഉത്പാദനത്തിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തത നേടിയിട്ടില്ല. ഇത് വ്യവസായികപുരോഗതിയെ സാരമായി ബാധിക്കുന്നു. കൊളംബിയയില്‍ വലുതും ചെറുതുമായി 800-ല്‍ അധികം വൈദ്യുതകേന്ദ്രങ്ങളുണ്ട്. മൊത്തം ഊര്‍ജത്തിലെ 76 ശതമാനവും ആന്‍ഡീസ് മേഖലയിലുള്ള ജലവൈദ്യുതകേന്ദ്രങ്ങളാണ് ഉത്പാദിപ്പിക്കുന്നത്. 1970-നുശേഷം ആസൂത്രണം ചെയ്ത തീവ്രയത്നപരിപാടികളിലൂടെ വാര്ഷികോര്ജോത്പാദനം നാലു കോടി കിലോവാട്ടായി വര്‍ധിപ്പിച്ചിരിക്കുന്നു. ഉപഭോഗത്തിലെ ഭൂരിഭാഗവും ഏതാനും മേഖലകളിലായി ഒതുങ്ങിനില്ക്കുന്നു.
ഗതാഗതവും വാര്‍ത്താവിനിമയവും. പശ്ചിമ ആന്‍ഡീസ് മേഖലയില്‍ റോഡ്-റെയില്‍ സൗകര്യങ്ങള്‍ക്കു പുറമേ ഉള്‍നാടന്‍ ജലമാര്‍ഗങ്ങളും കടലോരകപ്പല്ഗതാഗതവും വികസിപ്പിച്ചിട്ടുണ്ട്. രാജ്യത്തിലെ ജനങ്ങളില്‍ 80 ശതമാനവും അഭിവൃദ്ധിപ്പെട്ടിരിക്കുന്നു. കിഴക്കുള്ള ഓറിനോക്കോ-ആമസോണ്‍ മേഖലകള്‍ ഗതാഗതസൗകര്യത്തിന്റെ കാര്യത്തില്‍ പിന്നോക്കമാണ്; പ്രധാന മാധ്യമങ്ങള്‍ ബോട്ടുകളും വിമാനങ്ങളുമാണ്.
കരീബിയന്‍ തീരത്തെ തുറമുഖങ്ങളായി കാര്‍ത്തജീന, ബാരന്‍ക്വില, സന്താമാര്ത്ത എന്നിവയ്ക്ക് പരസ്പരവും വിദേശതുറമുഖങ്ങളുമായും കപ്പല്‍ബന്ധം ഏര്‍പ്പെടുത്തിയിരിക്കുന്നു. കൊളംബിയയുടെ വിദേശവ്യാപാരത്തില്‍ ഏറിയപങ്കും ഈ തുറമുഖങ്ങളിലൂടെയാണ് നടക്കുന്നത്. പസിഫിക് തീരത്തെ പ്രധാന തുറമുഖം ബ്യൂനാവിസ്താ ആണ്; ടൂമാക്കോ ആണ് മറ്റൊരു പ്രധാന തുറമുഖം.
കൊളംബിയയിലെ നദികളില്‍ ഗതാഗതസൗകര്യത്തില്‍ ഒന്നാം സ്ഥാനം മഗ്ദലെനയ്ക്കാണ്. അത്രതോ, മീതാ, ഓറിനാക്കോ എന്നിവയും ഗതാഗതയോഗ്യമാണ്. അത്രതോ, സാന്‍ജുവാന്‍ എന്നീ നദികളെ ഒരു കൃത്രിമ തോടിലൂടെ പരസ്പരം ബന്ധിപ്പിച്ച് രാജ്യത്തിലെ കരീബിയന്‍-പസിഫിക് തീരങ്ങള്‍ തമ്മില്‍ നേരിട്ട് സമ്പര്‍ക്കം ഏര്‍പ്പെടുത്തുവാനുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
റെയില്‍ ഗതാഗതരംഗത്തും കൊളംബിയ മുന്നിലാണ്. തലസ്ഥാനമായ ബൊഗോട്ടയെ കരീബിയന്‍ തുറമുഖം സന്താമാര്ത്തയുമായി യോജിപ്പിക്കുന്ന പാതയാണ് ഏറ്റവും പ്രധാനം. പ്രവിശ്യാതലസ്ഥാനങ്ങള്ക്കിടയില് റെയില്‍ബന്ധം സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള വിവിധതരം റോഡുകളും ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നു.
നിമ്നോന്നതമായ ഭൂപ്രകൃതിമൂലം റെയില്‍-റോഡുസൗകര്യങ്ങളെക്കാള് കൂടുതല്‍ പ്രാധാന്യം കല്പിച്ചിരിക്കുന്നത് വ്യോമഗതാഗതസൗകര്യത്തിനാണ്. പ്രവിശ്യാതലസ്ഥാനങ്ങള്‍, മറ്റു പ്രമുഖ നഗരങ്ങള്‍ എന്നിവയ്ക്കിടയില്‍ വിമാനസര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യതലസ്ഥാനമായ ബൊഗോട്ടയിലേതുകൂടാതെ കാലി, മെഡെലിന്, കാര്‍ത്തജീന, ബാരന്‍ക്വില എന്നീ നഗരങ്ങളിലും അന്താരാഷ്ട്രവിമാനത്താവളങ്ങളുണ്ട്; മറ്റു നൂറോളം നഗരങ്ങളില്‍ ആഭ്യന്തരസര്വീസുകള്ക്കായുള്ള താവളങ്ങളുണ്ട്.
ചരിത്രം. ബി.സി. 10,000 മുതല്‍ നായാടികളായ പ്രാക്തന ജനവിഭാഗങ്ങള്‍ കൊളംബിയന്‍ പ്രദേശങ്ങളില്‍ അധിവസിച്ചിരുന്നതായി ചരിത്രകാരന്മാര് അഭിപ്രായപ്പെടുന്നു. മഗ്ദലീന നദീതടങ്ങളിലായിരുന്നു ഇവര്‍ പ്രധാനമായും അധിവസിച്ചിരുന്നത്.
1499 മുതല്‍ സ്പെയിന്‍കാര്‍ കരീബിയന്‍ പര്യവേക്ഷണം ആരംഭിച്ചു. 1500-ല്‍ സ്പാനിഷ് നാവികന് റൊദ് റീഗോ ഡി ബാസ്തിദ്സിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം കൊളംബിയയുടെ വടക്കന്‍ തീരത്തെത്തി. 1502-ല്‍ ക്രിസ്റ്റഫര്‍ കൊളംബസും കരീബിയനില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് യുദ്ധത്തിലൂടെയും ഗോത്രവര്‍ഗങ്ങളുമായി നടത്തിയ സഖ്യങ്ങളിലൂടെയും കരീബിയയെ സ്പെയിന്‍കാര്‍ തങ്ങളുടെ കോളനിയാക്കി മാറ്റി. 16-ാം നൂറ്റാണ്ടായപ്പോഴേക്കും യൂറോപ്യര്‍ സ്ഥാപിച്ച കൃഷിയിടങ്ങളിലും കാലിവളര്‍ത്തല്‍ കേന്ദ്രങ്ങളിലും അടിമ പണിക്കായി ആഫ്രിക്കയില്‍ നിന്നും അടിമകളെ ഇവിടെ കൊണ്ടുവന്നു. 1533-ല്‍ സ്പെയിന്‍കാര്‍ ഇവിടെ കാര്‍ട്ടജീന എന്ന തുറമുഖനഗരവും 1538-ല്‍ സാന്താ ഫേ ബൊഗാട്ട നഗരവും സ്ഥാപിച്ചു. 1717-ല്‍ സ്പാനിഷ് രാജാവ് കൊളംബിയയെ ഉള്‍പ്പെടുത്തിക്കൊണ്ട് ന്യൂഗ്രനേഡ വൈസ്രോയല്‍റ്റി രൂപവത്കരിച്ചു. ബെഗോട്ടയായിരുന്നു ന്യൂഗ്രനേഡയുടെ തലസ്ഥാനം.
ന്യൂഗ്രെനേഡ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കോളനിഭരണത്തിനെതിരെതുടക്കംമുതല്ക്കേ പ്രക്ഷോഭങ്ങള്‍ തുടങ്ങിയിരുന്നു. എന്നാല്‍ അവയെല്ലാം അടിച്ചമര്‍ത്തപ്പെട്ടു. 1804-ല്‍ സെന്റ് ഡൊമിനിക്ക് (ഇന്നത്തെ ഹെയ്തി) സ്പെയിനില്‍ നിന്നും സ്വതന്ത്രമായതിനെത്തുടര്‍ന്ന് 1810-ല്‍ സിമോണ്‍ ബൊളിവറിന്റെയും ഫ്രാന്‍സിസ്കോ ഡി പൗലാ സന്റാറിന്റെയും നേതൃത്വത്തില്‍ നടന്ന വിപ്ലവം അടിച്ചമര്‍ത്തപ്പെട്ടു. അന്റോണിയോ നറിനോയുയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങളെ തുടര്‍ന്ന് 1811-ല്‍ കാര്‍ട്ടജീന സ്വതന്ത്രമായി. ഇതേത്തുടര്‍ന്ന് രണ്ട് സ്വതന്ത്രഗവണ്‍മെന്റുകള്‍ രൂപംകൊണ്ടു. അവ തമ്മില്‍ ലാ പാട്രിയ ബോബാ എന്ന പേരിലറിയപ്പെട്ട യുദ്ധമുണ്ടായതിനെത്തുടര്ന്ന് നറിന്യോ യുണൈറ്റഡ് പ്രോവിന്‍സ് ഒഫ് ന്യൂ ഗ്രെനേഡ രൂപീകരിച്ച് കാമിലോ ടോറസ് ടെനോറിയോയെ ഭരണത്തലവനായി അവരോധിച്ചു. എന്നാല്‍ ഫെഡറലിസവും കേന്ദ്രീകൃത സമ്പ്രദായവും തമ്മിലുള്ള നിരന്തരമായ സംഘര്‍ഷം ഏറെക്കാലം നിലനിന്നു. തുടര്‍ന്ന് സ്പാനിഷ് ഭരണം പ്രബലമാകുകയും അതിനെതിരെ വിപ്ലവം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. എന്നാല്‍ സിമോണ്‍ ബൊളിവറുടെ നേതൃത്വത്തില്‍ നടന്ന വിപ്ലവം 1819-ല്‍ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തി. ഇന്നത്തെ കൊളംബിയ പ്രദേശങ്ങളിലുണ്ടായ സ്പാനിഷ് അനുകൂല പ്രതിരോധങ്ങളെ 1822-ലും വെനിസ്വലേയിലേത് 1823-ലും പരാജയപ്പെടുത്തി. ഇക്വഡോര്‍, വെനിസ്വേല, കൊളംബിയ എന്നീ യൂണിയനുകളെക്കൂടി ചേര്‍ത്ത് വൈസ്രോയിഭരണത്തില് കീഴിലായിരുന്ന ന്യൂ ഗ്രെനേഡയെ റിപ്പബ്ലി ക്ക് ഒഫ് കൊളംബിയയായി പുനസ്സംഘടിപ്പിച്ചു. 1821-ല്‍ ചേര്‍ന്ന ക്യൂക്കുടാ കോണ്‍ഗ്രസ് പുതിയ റിപ്പബ്ലിക്കിന്റെ ഭരണഘടനയ്ക്ക് അംഗീകാരം നല്കി. ആദ്യപ്രസിഡന്റായി സീമോണ്‍ ബൊളിവറും വൈസ് പ്രസിഡന്റായി ഫ്രാന്‍സിസ്കോ ഡാ പൗലാസാന്റാന്ററും തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 1829-ല്‍ വെനിസ്വേലയും 1830-ല്‍ ഇക്വഡോറും യൂണിയനില്‍ നിന്നും വിട്ടുപോയതോടെ റിപ്പബ്ലിക് ശിഥിലമായി. ഇതിനെത്തുടര്‍ന്ന് ഡിപ്പാര്‍ട്ടുമെന്റ് ഒഫ് ക്യുന്ഡിനാമര്ക്കാ എന്ന പേരിലറിയപ്പെട്ടിരുന്ന പ്രദേശം ന്യുവാ ഗ്രാന്ന്റാ എന്ന പേര് സ്വീകരിച്ചു. 1863-ല്‍ റിപ്പബ്ലിക്ക് ഒഫ് കൊളംബിയ എന്ന പേര് വീണ്ടും സ്വീകരിച്ചു. തുടര്‍ന്ന് രാജ്യത്ത് രാഷ്ട്രീയപാര്‍ട്ടികളുടെ ധ്രുവീകരണവും ആഭ്യന്തര കലാപങ്ങളും പതിവായി. 1899 മുതല്‍ 1902 വരെ നീണ്ടുനിന്ന ആയിരം നാള്യുദ്ധം (Thousand Days War, 18991902) ഇതില്‍ ഏറ്റവും പ്രധാനമായിരുന്നു. പനാമ കനാലിന്റെ നിര്‍മാണവും നിയന്ത്രണവുമായി ബന്ധപ്പെട്ടുണ്ടായ അമേരിക്കന്‍ ഇടപെടലുകളെത്തുടര്‍ന്ന് പനാമ ഡിപ്പാര്‍ട്ടുമെന്റ് കൊളംബിയയില്‍നിന്നും വേര്‍പെട്ട് 1903-ല്‍ പ്രത്യേക രാജ്യമായി. തുടര്‍ന്ന് കൊളംബിയയില്‍ സാമാന്യം ഭേദപ്പെട്ട രാഷ്ട്രീയ സുസ്ഥിരത നിലനിന്നുവന്നു. 1940-കളുടെ അവസാനവും 1950-കളുടെ ആരംഭത്തിലും നടന്ന രക്തരൂഷിതകലാപങ്ങളായിരുന്നു ഇതിനൊരപവാദമായിരുന്നത്. 1948 ഏ. 9-ന് ലിബറല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോര്‍ഗ് എലീസര്‍ ഗൈയ്ഥാന് കൊലചെയ്യപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ 'ലാ വയലെന്സിയ' കലാപങ്ങളില്‍ 18,0000 കൊളംബിയക്കാര്‍ കൊല്ലപ്പെട്ടു. 1953 മുതല്‍ 1964 വരെ ലിബറല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടികള്‍ തമ്മിലുണ്ടായിരുന്ന കലാപങ്ങള്‍ക്ക് തെല്ലൊരു ശമനമുണ്ടായി. തുടര്‍ന്ന് ഇരുപാര്‍ട്ടികളും തമ്മില്‍ നടന്ന അധികാര പങ്കിടല്‍ കരാറിനെത്തുടര്‍ന്ന് ദേശീയമുന്നണി രൂപവത്കരിക്കാനും 16 വര്‍ഷത്തേയ്ക്ക് 4 വര്‍ഷം വീതം ലിബറല്‍ പാര്‍ട്ടിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും മാറി മാറി ഭരിക്കാനും ധാരണയായി. ഇരുപാര്‍ട്ടികളും നിരവധി സാമ്പത്തിക സാമൂഹിക പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും പല രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താനായില്ല. തുടര്‍ന്ന് മാര്‍ക്സിസത്തോട് അനുഭാവമുള്ള ഗറില്ലാ സംഘങ്ങള്‍ രാജ്യത്ത് രൂപംകൊണ്ടു. 1964-ല്‍ രൂപീകൃതമായ എഫ്.എ.ആര്.സി.യും ഇ.എല്‍.എന്നുമാണ് ഇവയില്‍ പ്രധാനം. മയക്കുമരുന്ന് മാഫിയകള്‍ 1970-കളുടെ അവസാനവും 1980-കളിലും 1990-കളിലും രാജ്യത്ത് തലപൊക്കി. ഇവര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെയും സാമ്പത്തിക ശക്തികളുടെയും പിന്‍ബലവും ഉണ്ടായിരുന്നു. 1982-ല്‍ അധികാരത്തില്‍ വന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് ബെലിസാറിയോ ബെത്താന്കര് ഗറില്ലാ സംഘടനകളുമായി വെടിനിര്ത്തലിലേര്പ്പെട്ടു. തുടര്‍ന്ന് ഒട്ടേറെ ഗറില്ലകള്‍ ജയില്‍മോചിതരായി. പിന്നീട് ഗറില്ലകളും മയക്കുമരുന്നുമാഫിയകളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ പതിവായി. തുടര്‍ന്ന് ഈ പ്രശ്നത്തില്‍ അമേരിക്ക ഇടപെട്ടു. കൊളംബിയന്‍ കൊക്കെയ്നിന്റെ ഏറ്റവും വലിയ കമ്പോളം അമേരിക്കയായിരുന്നു. 1984-ല്‍ നീതിന്യായമന്ത്രിയേയും 80-കളുടെ അവസാനം മൂന്നു പ്രസിഡന്‍ഷ്യന്‍ സ്ഥാനാര്‍ഥികളെയും മയക്കുമരുന്നുമാഫിയ വെടിവച്ചുകൊന്നു.
1991-ല്‍ കൊളംബിയയില്‍ പുതിയ ഭരണഘടന നിലവില്‍ വന്നു. 2000-ല്‍ മയക്കുമരുന്നു മാഫിയയ്ക്കെതിരായ സൈനിക നടപടികള്‍ക്ക് ആയുധം നല്കി സഹായിക്കാന്‍ അമേരിക്ക തീരുമാനിച്ചു. 2002-ല്‍ അധികാരത്തിലെത്തിയ പ്രസിഡന്റ് അല്‍വാരോ യൂറീബ് വെലത് ഗറില്ലകളുമായി സമാധാന കരാറില്‍ ഒപ്പുവച്ചു. തുടര്‍ന്ന് രാജ്യത്തെ അക്രമണങ്ങള്‍ താരതമ്യേന കുറഞ്ഞു. എഫ്.എ.ആര്.സി. ഗറില്ലാക്യാമ്പ് ആക്രമിക്കുന്നതിനായി ഇക്വഡാര്‍ സേന കൊളംബിയന്‍ അതിര്‍ത്തി കടന്നതുമായി ബന്ധപ്പെട്ട് 2008-ല്‍ രാജ്യത്ത് രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചു. 2010-ല്‍ പല ഗറില്ലാ നേതാക്കളും കൊല്ലപ്പെടുകയുണ്ടായി. ഗവണ്മെന്റും ഗറില്ലാ ഗ്രൂപ്പുകളും തമ്മില്‍ പലവട്ടം നടന്ന സമാധാന കരാറുകളും വെടിനിര്‍ത്തല്‍ ഉറപ്പുകളും നിരന്തരം ലംഘിക്കപ്പെട്ടു. 2013-ലും ഇത്തരത്തിലുള്ള വെടിനിര്‍ത്തര്‍ കരാര്‍ നിലവില്‍വന്നിട്ടുണ്ട്.
ഭരണസംവിധാനം. 1991-ല്‍ നിലവില്‍ വന്ന ഭരണഘടനപ്രകാരം കൊളംബിയ ഒരു പ്രാതിനിധ്യ പ്രസിഡന്‍ഷ്യല്‍ ജനാധിപത്യ റിപ്പബ്ലിക്കാണ്. ഗവണ്മെന്റിന് എക്സിക്യൂട്ടീവ്, ജുഡീഷ്യറി, ലെജിസ്ലേച്ചര്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത അധികാരകേന്ദ്രങ്ങളാണുള്ളത്. എക്സിക്യൂട്ടീവിന്റെ തലവനായ പ്രസിഡന്റ് രാജ്യത്തിന്റെയും ഗവണ്മെന്റിനെയും തലവനാണ്. നാലുവര്‍ഷമാണ് പ്രസിഡന്റിന്റെ കാലാവധി. പ്രവിശ്യാതലത്തില്‍ ഡിപ്പാര്‍ട്ടുമെന്റല്‍ ഗവര്‍ണര്‍മാരും മുന്‍സിപ്പല്‍ തലത്തില്‍ മേയര്‍മാരും ഭരണം നിര്‍വഹിക്കുന്നു. ലെജിസ്ലേറ്റീവ് തലത്തില്‍ 102 അംഗ സെനറ്റര്‍മാരെ ദേശീയതലത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തുന്നു. ഹൗസ് ഒഫ് റപ്രസന്റേറ്റീവുമാരെ ഓരോ പ്രദേശങ്ങളിലെയും ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്നു. 23 ന്യായാധിപന്മാരുള്ള സുപ്രീംകോടതിക്ക് പീനല്‍, സിവില്‍, അഗ്രേറിയന്‍, ലേബര്‍ എന്നിങ്ങനെ നാലു ചേംബറുകളുണ്ട്. ഭരണസൗകര്യാര്‍ഥം രാജ്യത്തെ 32 ഡിപ്പാര്‍ട്ടുമെന്റുകളും ഒരു തലസ്ഥാനജില്ലയുമായി വിഭജിച്ചിരിക്കുന്നു. തലസ്ഥാനജില്ലയെയും ഒരു ഡിപ്പാര്ട്ടുമെന്റായാണ് പരിഗണിച്ചിരിക്കുന്നത്. ഡിപ്പാര്‍ട്ടുമെന്റുകളെ മുന്‍സിപ്പാലിറ്റികളായും അവയെ വീണ്ടും കൊറേജിമിയന്റോസ് എന്ന പേരിലും വിഭജിച്ചിരിക്കുന്നു. ഓരോ ഡിപ്പാര്‍ട്ടുമെന്റിനും ഗവര്‍ണര്‍ അധ്യക്ഷനായുള്ള പ്രാദേശിക ഭരണകൂടസംവിധാനമാണുള്ളത്. ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുന്ന ഗവര്‍ണറുടെ കാലാവധി നാലുവര്‍ഷമാണ്.
(എന്‍.ജെ.കെ. നായര്‍)
2. കൊളംബിയ. നാസ വിക്ഷേപിച്ച ആദ്യത്തെ സ്പെയ്സ് ഷട്ടില്‍. 1981 ഏ. 12-ന് ആദ്യവിക്ഷേപണം നടത്തിയ കൊളംബിയ മൊത്തം 27 ബഹിരാകാശ ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്. 28-മത്തെ ദൗത്യത്തിന് ശേഷം മടങ്ങവേ, (2003 ഫെ. 1) പൊട്ടിത്തെറിച്ച് ഇന്ത്യക്കാരിയായ കല്പനചൗള ഉള്‍പ്പെടെ ഏഴ് ബഹിരാകാശയാത്രികരും കൊല്ലപ്പെട്ടു.
1975-ല്‍ കാലിഫോര്‍ണിയയിലെ പാം ഡെലിയിലാണ് കൊളംബിയയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. നിര്‍മാണം പൂര്‍ത്തിയാക്കിയശേഷം, 1979 മാ. 25-ന് ഈ സ്പെയ്സ് ഷട്ടിലിനെ കെന്നഡി സ്പെയ്സ് സെന്ററിലേക്ക് മാറ്റി. ആദ്യ വിക്ഷേപണത്തില്‍ ഭൂമിയെ 36 പ്രാവശ്യം വലംവച്ചതിനുശേഷം കൊളംബിയ 1981 ഏ. 14-ന് സുരക്ഷിതമായി തിരിച്ചെത്തി. 1982 ന. 11-ന് നാല് യാത്രികരെയും വഹിച്ചുകൊണ്ടുള്ള എസ്.റ്റി.എസ്-5 ദൗത്യം വിജയകരമായി കൊളംബിയ നിര്‍വഹിച്ചു. 1983-ല്‍ കൊളംബിയ അതിന്റെ രണ്ടാമത്തെ ഓപ്പറേഷന് മിഷന് (എസ്. റ്റി. എസ് -9) ആരംഭിച്ചു. ആറ് ബഹിരാകാശ യാത്രികര്‍ ഇതില്‍ സഞ്ചരിക്കാനുണ്ടായിരുന്നു. 1986 ജനു. 12-ന് എസ്.റ്റി.എസ്- 61-സി എന്ന പേടകത്തെയും 1989-ല്‍ എസ്.ടി.എസ്-28 എന്ന പേടകത്തെയും കൊളംബിയ ബഹിരാകാശത്ത് എത്തിച്ചു. കൊളംബിയയുടെ 28-ാം ദൗത്യത്തിനൊടുവില്‍ 2003 ഫെ. 1-ന് മടക്കയാത്രയ്ക്കിടെ പേടകം പൊട്ടിത്തെറിക്കുകയായിരുന്നു.