This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആപ്പിനൈന്‍സ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ആപ്പിനൈന്‍സ്
Appennines
ഇറ്റലിയിലെ പ്രധാന പർവതപംക്തി. 1,280 കി.മീ. നീളത്തിലും 40 മുതൽ 136 വരെ കി.മീ.വീതിയിലും ഏതാണ്ട് വില്ലുപോലെ വളഞ്ഞാണ് ഈ പർവതനിരകളുടെ കിടപ്പ്. ആൽപ്സ്നിരകളുടെ ഒരു ശാഖയാണ് ആപ്പിനൈന്‍സ്. സിസിലിയുടെ വടക്കരികിലും ആഫ്രിക്കയുടെ വടക്കന്‍ തീരത്തും കാണുന്ന പർവതനിരകള്‍ ആപ്പിനൈന്‍സിന്റെ തുടർച്ചയാണെന്നു കരുതപ്പെടുന്നു.
ആപ്പിനൈന്‍നിരകളെ പൊതുവേ ഉത്തര, മധ്യ, ദക്ഷിണ ഭാഗങ്ങളായി വിഭജിക്കാം. ലൈഗൂരിയന്‍, ടസ്കന്‍, ആമ്പ്രിയന്‍ എന്നീ മലനിരകളാണ് ഉത്തര ആപ്പിനൈനിൽപ്പെടുന്നത്; റോമന്‍ മലകളും അബ്രുസി മലകളുമാണ് മധ്യ ആപ്പിനൈനിന്റെ ഭാഗങ്ങള്‍; നിയോപൊളിറ്റന്‍, ലുക്കാനിയന്‍, കലാബ്രിയന്‍ എന്നീ നിരകള്‍ ദക്ഷിണ ആപ്പനൈനിൽപെടുന്നു.
തീക്ഷ്ണവും ദുസ്സഹവുമായ കാലാവസ്ഥയാണ് ആപ്പിനൈന്‍ മേഖലയിലുള്ളത്. വേനല്‍ക്കാലത്ത് അത്യുഗ്രമായ ചൂട് ഇവിടെ അനുഭവപ്പെടുന്നു. താഴ്വാരങ്ങളിൽ താങ്ങാനാകാത്ത താപനിലയാണുണ്ടായിരിക്കുക. ഉയർന്ന പ്രദേശങ്ങളിൽ ശക്തമായ ഉഷ്ണക്കാറ്റു വീശുന്നു. സസ്യജാലങ്ങളുടെ അടിസ്ഥാനത്തിൽ ആപ്പിനൈന്‍ മേഖലയെ നാലു വിഭാഗങ്ങളായി തിരിക്കാം; (i) സമുദ്രനിരപ്പിൽനിന്നും 1,000 മീ. ഉയരംവരെ വ്യാപിച്ചുകിടക്കുന്ന മെഡിറ്ററേനിയന്‍ പ്രദേശം. ഇത് ഫലവർഗങ്ങളും ഒലീവ് മരങ്ങളും സമൃദ്ധമായി വളരുന്ന കൃഷിഭൂമികളായി മാറിയിരിക്കുന്നു; (ii) 1,000 മീ. മുതൽ 2,000 മീ. വരെയുള്ള പ്രദേശം; ഇവിടെ ചെസ്റ്റ്നട്ട്, ഓക് എന്നിവ കൃഷിചെയ്യപ്പെടുന്നു; (iii) 2,000 മീറ്ററിലേറെ ഉയരമുള്ള സൂചികാഗ്രവനങ്ങള്‍. ബീച്ച് തുടങ്ങിയ സൂചികാഗ്രവൃക്ഷങ്ങളുടെ പ്രദേശമാണിത്; (iv) നന്നേ ഉയരംകൂടിയ പ്രദേശങ്ങളിൽ വേനല്ക്കാലത്തുമാത്രം പുൽവർഗങ്ങളും ഓഷധികളും വളരുന്നു; ശീതകാലത്ത് ഈ ഭാഗങ്ങള്‍ മഞ്ഞുമൂടിക്കിടക്കുന്നു.
ആപ്പിനൈന്‍ നിരകളുടെ തെക്കും വടക്കും ഭാഗങ്ങളിൽ വ്യത്യസ്ത കാലാവസ്ഥയാണുള്ളത്; ഇറ്റലിയിലെ വികസിതമേഖല വടക്കുഭാഗത്താണ്. ഈ പർവതത്തിനു കുറുകേ തുരങ്കങ്ങള്‍ ഉണ്ടാക്കിയും അല്ലാതെയും ധാരാളം റെയിൽപാതകളും റോഡുകളും നിർമിക്കപ്പെട്ടിട്ടുണ്ട്.