This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐറിഷ്‌ ഭാഷയും സാഹിത്യവും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

18:21, 21 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഐറിഷ്‌ ഭാഷയും സാഹിത്യവും

Irish Language and Literature

ഇന്തോ-യൂറോപ്യന്‍ ഗോത്രത്തിലെ കെൽറ്റിക്‌ ഉപസമൂഹത്തിൽ ഗോയ്‌ഡെലിക്‌ ശാഖയിൽപ്പെട്ട ഒരു ഭാഷ. പ്രധാനമായും അയർലണ്ടിലെ ജനങ്ങളുടെ ഭാഷ. ഇംഗ്ലീഷിനു പുറമേ അയർലണ്ടിലെ പ്രധാനഭാഷകള്‍ കെൽറ്റിക്‌ വിഭാഗത്തിൽപ്പെടുന്നവയാണ്‌. ഏകദേശം അഞ്ച്‌ ലക്ഷം ജനങ്ങള്‍ സംസാരിക്കുന്ന ഈ ഭാഷ ഔദ്യോ ഗികഭാഷകൂടിയാണ്‌. രൂപിമ വിജ്ഞാനം (morphology), സ്വനവിജ്ഞാനം (phonetics), വൊക്യവിന്യാസം (syntactical structure) തുടങ്ങിയവയിൽ അനേ്യാന്യ സാപേക്ഷങ്ങളാണ്‌ കെൽറ്റിക്‌ ഭാഷകള്‍. ഇന്തോ-യൂറോപ്യന്‍ ഗോത്രത്തിൽപ്പെട്ട ഇറ്റാലിക്‌-ട്യൂട്ടോണിക്‌ തായ്‌വഴികളുടെ മധ്യത്തിലാണ്‌ കെൽറ്റിക്‌ ഭാഷകളുടെ സ്ഥാനം. ബ്രിട്ടണിൽനിന്ന്‌ റോമാക്കാർ പിന്‍വാങ്ങിയതിനുശേഷമാണ്‌ ഈ ഭാഷയുടെ ആദ്യ ഉത്‌പരിവർത്തനങ്ങള്‍ ആരംഭിച്ചത്‌. ഗാളിഷ്‌, ഗെയ്‌ലിക്‌-മാന്‍കസ്‌ എന്നിവ ഉള്‍പ്പെടുന്ന ഗോയിഡെലിക്‌, വെൽഷ്‌ ബ്രറ്റന്‍-കോർണിഷ്‌ എന്നിവ ഉള്‍പ്പെടുന്ന ബ്രിഥോനിക്‌ എന്നിവയാണ്‌ കെൽറ്റിക്‌ വിഭാഗത്തിലെ പ്രധാനഭാഷകള്‍. കെൽറ്റിക്‌ വിഭാഗത്തിൽപ്പെടുന്ന ഗെയ്‌ലിക്‌ ഉപവിഭാഗത്തിലെ ഒരേ ഒരു പ്രതിനിധിയാണ്‌ ഐറിഷ്‌ഭാഷ.

ഐറിഷ്‌ ഭാഷയിലുള്ള എഴുത്തുരൂപങ്ങള്‍ ഒന്നുംതന്നെ എട്ടാം ശതകത്തിനു മുന്‍പ്‌ ലഭ്യമായിരുന്നില്ല. ഈ ഭാഷ ലത്തീന്റെ ബ്രിട്ടീഷ്‌ ഉച്ചാരണത്തെ ആസ്‌പദമാക്കിയാണ്‌ എഴുതിയിരുന്നത്‌. ഇതും അപര്യാപ്‌തമായിരുന്നു. 18-ാം ശതകത്തിൽ ഐറിഷ്‌ ലിപിയെ ആധാരമാക്കി സ്‌കോട്ടിഷ്‌ ഗെയിലിക്‌ രൂപംകൊണ്ടു. അപര്യാപ്‌തമെങ്കിൽപ്പോലും അയർലണ്ടിൽ ഈ എഴുത്തു വ്യവസ്ഥയാണ്‌ നിലവിലുള്ളത്‌.

സാഹിത്യം. അയർലണ്ട്‌ സാഹിത്യത്തെ സംബന്ധിച്ചിടത്തോളം വളരെ സമ്പന്നമായിരുന്നു. ദേശീയഭാഷയിലെ സാഹിത്യംപോലെ തന്നെ ഇംഗ്ലീഷ്‌ ഭാഷയിലെ സാഹിത്യസംഭാവനകളും പ്രാധാന്യമർഹിക്കുന്നു. നോർമന്‍ ആക്രമണകാലത്ത്‌ അയർലണ്ടിൽ പ്രചാരം സിദ്ധിച്ച ലത്തീന്‍-ഫ്രഞ്ച്‌ സാഹിത്യസംഭാവനകള്‍കൂടി ഉള്‍പ്പെടുത്തിയാൽ ഐറിഷ്‌ സാഹിത്യസമ്പത്തിന്റെ വ്യാപ്‌തി കുറച്ചുകൂടി വർധിക്കുന്നു.

ഗെയ്‌ലിക്‌ സാഹിത്യം. നാലും അഞ്ചും ശതകങ്ങളിൽ അയർലണ്ടിലെത്തിയ ക്രസ്‌തവ മതപ്രചാരകന്മാർ രചിച്ച ഓംഘാം ലിപിയിലുള്ള ആധ്യാത്മിക ശാസനങ്ങളാണ്‌ ഗെയ്‌ലിക്‌ സാഹിത്യത്തിലെ ആദ്യകാല സമ്പത്തുകളായി കരുതപ്പെടുന്നത്‌. വിശുദ്ധ പാറ്റ്രിക്കിന്റെതെന്നു കണക്കാക്കുന്ന ചില സങ്കീർത്തന സംഹിതകള്‍ അഞ്ചാം ശതകത്തിൽ ലഭ്യമായിരുന്നു. ഈ കാലഘട്ടം മുതൽ ഏതാനും നൂറ്റാണ്ടുകള്‍വരെ മതപ്രാധാന്യമുള്ള ധാരാളം സൃഷ്‌ടികള്‍ ഉണ്ടായി. ഇക്കാലത്തെ പല കവിതകളും ഇപ്പോള്‍ ലഭ്യമാണെങ്കിലും രചയിതാക്കളുടെ പേരുകള്‍ അജ്ഞാതമാണ്‌.

ആദ്യകാല ഇതിഹാസങ്ങള്‍ മിക്കവാറും ഗദ്യത്തിലാണു രചിച്ചിരുന്നത്‌. സംസ്‌കൃത സാഹിത്യസൃഷ്‌ടികളായ വേദങ്ങളുടെ രചനാരീതിയുമായി ഗെയ്‌ലിക്‌ ഗദ്യസാഹിത്യസൃഷ്‌ടികള്‍ക്കുള്ള സാജാത്യം ഇന്തോ-യൂറോപ്യന്‍ ഗോത്രസംഭവമെന്ന നിലയിൽ ഇവിന്‍ഡിഷ്‌ക്‌ എന്ന ജർമന്‍ പണ്ഡിതന്‍ എടുത്തുകാണിച്ചിട്ടുണ്ട്‌. ക്രി.പി. ഏഴാം ശതകത്തിൽ രചിക്കപ്പെട്ട ഈ സാഹിത്യസൃഷ്‌ടികളുടെ പുനരാഖ്യാനം 11-12 എന്നീ ശതകങ്ങളിൽ നടന്നതായി കണക്കാക്കുന്നു. ആധുനിക ഐറിഷ്‌ സാഹിത്യകാരന്മാരായ ജെ.എം. സിങ്‌, ഡബ്ല്യു.ബി. യേറ്റ്‌സ്‌ തുടങ്ങിയവർ ഉലൈദ്‌ ജനതയെ സംബന്ധിക്കുന്ന ചില ഇതിഹാസകഥകള്‍ പുനരാഖ്യാനം ചെയ്‌തിട്ടുണ്ട്‌. മതാചാര്യന്മാരെയും പ്രശസ്‌തകുടുംബങ്ങളെയും സംബന്ധിക്കുന്ന കഥകള്‍ കൂടാതെ നിയമം, വൈദ്യം തുടങ്ങിയ സാങ്കേതിക ശാസ്‌ത്രങ്ങള്‍ പ്രതിപാദിക്കുന്ന ഏതാനും പ്രാചീന ഗെയ്‌ലിക്‌ കൃതികള്‍ ഇന്നും ലഭ്യമാണ്‌.

മധ്യയുഗത്തിൽ അതായത്‌ 12-ാം ശതകത്തോടുകൂടി അതുവരെ ഗെയ്‌ലിക്‌ സാഹിത്യം കൈകാര്യം ചെയ്‌തിരുന്നവർ സാഹിത്യത്തിന്റെ രക്ഷാധികാരികളെന്ന നിലയിൽ സ്ഥാനമുറപ്പിച്ചു. സാഹിത്യതലത്തിൽ പല സവിശേഷതകളും ഈ കാലഘട്ടത്തിൽ ഉണ്ടായി. ഭാഷാസംസ്‌കരണത്തിലും പ്രകരണശുദ്ധിയിലും ശ്രദ്ധ കേന്ദ്രീകരിച്ചതുകൂടാതെ കവിതയിലെ ഛന്ദസ്സുകള്‍ വ്യവസ്ഥാപിതമായി പുനഃസംവിധാനം ചെയ്യുകയും വിവിധതരത്തിലുള്ള ശബ്‌ദാലങ്കാരങ്ങള്‍കൊണ്ട്‌ അതിനെ മോടിപിടിപ്പിക്കുകയും ചെയ്‌തു. ഈ കാലഘട്ടത്തിലെ ഗെയ്‌ലിക്‌ ഗദ്യസാഹിത്യത്തിന്റെ സിംഹഭാഗവും ഫിന്‍ എന്ന്‌ അറിയപ്പെടുന്ന ഐറിഷ്‌ വീരസാഹസിക നായകന്റെ അപദാനങ്ങളെ പ്രകീർത്തിക്കുന്നതാണ്‌.

ഈ കാലഘട്ടത്തിൽ നാടോടിക്കഥകള്‍ക്ക്‌ പ്രചാരം സിദ്ധിച്ചു. ജൊനാഥന്‍ സ്വിഫ്‌റ്റിന്റെ ഗള്ളിവരുടെ സഞ്ചാരകഥകള്‍ ഈ കാലയളവിൽ പ്രചരിച്ച നാടോടിക്കഥകളിൽനിന്ന്‌ ഉടലെടുത്തതായി ചില സാഹിത്യകാരന്മാർ വിശ്വസിക്കുന്നു. മാർക്കോപോളോ, പ്രസ്റ്റർ ജോണ്‍, ആർതർ രാജാവ്‌ ആദിയായവരെക്കുറിച്ചുള്ള വിവർത്തനകഥകള്‍ ഈ കാലഘട്ടത്തിലാണ്‌ രൂപംകൊണ്ടത്‌. മധ്യയുഗത്തിന്റെ അവസാനംവരെയും ഐറിഷ്‌ സാഹിത്യം സാമാന്യജനങ്ങള്‍ക്ക്‌ അപ്രാപ്യമായിരുന്നെന്നു മാത്രമല്ല, അഭിജാത വർഗത്തിന്റെ കുടുംബസ്വത്തായി മാത്രമാണു നിലകൊണ്ടത്‌.

17-ാം ശതകത്തിന്റെ ആരംഭത്തോടുകൂടി അയർലണ്ടിലെ രാഷ്‌ട്രീയസ്ഥിതി ആകെ മാറി. മുഖ്യവ്യവഹാര ഭാഷയായി ശോഭിച്ചിരുന്ന ഐറിഷി(ഗെയ്‌ലിക്‌)ന്റെ ഉന്നതപദവിക്കു ഹാനി സംഭവിച്ചു. ഈ കാലഘട്ടത്തിൽ അവശേഷിച്ചിരുന്ന സാഹിത്യാഭിമാനികള്‍ സമരം കൂടാതെ കീഴടങ്ങാന്‍ തയ്യാറില്ലായിരുന്നെങ്കിലും അവരുടെ പ്രതിഷേധത്തിനു ശക്തിയില്ലാതാവുകയും നൂറ്റാണ്ടുകളായി ആധിപത്യം പുലർത്തിയിരുന്ന ഗെയ്‌ലിക്‌ അയർലണ്ടിൽനിന്നു ക്രമേണ അപ്രത്യക്ഷമായിത്തുടങ്ങുകയും ചെയ്‌തു.

17-ാം ശതകത്തിൽ രചിക്കപ്പെട്ട ഗെയ്‌ലിക്‌ ഗദ്യകൃതികള്‍ ചരിത്രപരമായി പ്രാധാന്യമർഹിക്കുന്നു. ചരിത്രപ്രധാനമായ പ്രാചീനരേഖകളിൽനിന്നു പല പൂർവകാലചരിതങ്ങളും പരാവർത്തനം ചെയ്‌തു പ്രകാശിപ്പിച്ചു. ഒരു ഫ്രാന്‍സിസ്‌കന്‍ പാതിരിയായ മൈഖേൽ ഒ ക്ലെറി രചിച്ച 1616 വരെയുള്ള ഐറിഷ്‌ ചരിത്രം ഇക്കൂട്ടത്തിൽ പ്രധാനപ്പെട്ട സംഭാവനയായി പരിഗണിച്ചുപോരുന്നു. എന്നാൽ ജെഫ്രി കീറ്റിങ്‌ (1570-1646) രചിച്ച ഫോറസ്‌ ഫീസാ അർ എയ്‌റിന്‍ എന്ന കൃതിയാണ്‌ ഐറിഷ്‌ ഭാഷയെ സംബന്ധിച്ചിടത്തോളം ആധികാരികമായ ആദ്യത്തെ ചരിത്രകൃതി. ബ്രിട്ടനിലെ ആഭ്യന്തരയുദ്ധത്തെക്കുറിച്ച്‌ (1642-51) വിവരിക്കുന്ന ആക്ഷേപഹാസ്യ കൃതി പെയർലിമെന്റ്‌ ക്ലോയിനേ റ്റോമെയ്‌ഡ്‌ ഐറിഷ്‌ ഗദ്യസാഹിത്യത്തിനൊരു മുതൽക്കൂട്ടാണ്‌. ഈ കൃതിയുടെ കർത്താവ്‌ ആരെന്നത്‌ അജ്ഞാതമാണ്‌, 18-ാം ശതകത്തിലും 19-ാം ശതകത്തിന്റെ ആരംഭത്തിലും വളരെ കുറച്ച്‌ ഭക്തിസാഹിത്യ കൃതികള്‍ മാത്രമേ പ്രസിദ്ധീകരിച്ചുള്ളൂ. 19-ാം ശതകത്തിന്റെ മധ്യത്തോടുകൂടി ഗെയ്‌ലിക്‌ വരമൊഴി ഏതാണ്ട്‌ നശിക്കുകയും ഇതിലുള്ള രചനകള്‍ കുറയുകയും ചെയ്‌തു.

തലമുറകളായി ഇംഗ്ലീഷ്‌ ഭാഷ സ്വീകരിച്ചിരുന്ന അയർലണ്ടുകാർക്ക്‌ 19-ാം ശതകത്തിന്റെ ഉത്തരാർധത്തിൽ ഗെയ്‌ലിക്‌ വാങ്‌മയത്തോടു പ്രതേ്യകതാത്‌പര്യം ഉണ്ടായി. ജെ. ഹാർഡിമാന്‍, ജെ.ഒ. സൊനോവൽ മുതലായവരുടെ നേതൃത്വത്തിൽ 1873-ൽ ഒരു ഗവേഷണഗ്രന്ഥം ഓണ്‍ ദ്‌ മാനേഴ്‌സ്‌ ആന്‍ഡ്‌ കസ്റ്റംസ്‌ ഒഫ്‌ ദ്‌ ഏഷ്യന്റ ഐറിഷ്‌ പ്രസിദ്ധീകരിക്കപ്പെട്ടു. 1873-ൽ ഗെയ്‌ലിക്‌ ലീഗ്‌ രൂപീകൃതമാവുകയും ഗെയ്‌ലിക്‌ ഭാഷാ നവോത്ഥാനത്തിനുവേണ്ടി പ്രവർത്തനമാരംഭിക്കുകയും ചെയ്‌തു. 20-ാം ശതകത്തിൽ രചിക്കപ്പെട്ട അപൂർവം ചില സാഹിത്യ സൃഷ്‌ടികളാണ്‌ പാറ്റ്രിക്‌ പീയേഴ്‌സ്‌ (1879-1916), പാദ്രാഗ്‌ ഒകൊറെണർ (1881-1928) എന്നിവരുടെ ചെറുകഥകള്‍. നോവൽ, കവിത എന്നീ രംഗങ്ങളിൽ വലിയ സംഭാവനകളൊന്നും ഉണ്ടായില്ലെങ്കിലും ബ്രന്‍ഡന്‍ ബെഹാന്റെ ആന്‍ ഗിയാള്‍ എന്ന നാടകം ഈ രംഗത്തെ ഈടുറ്റ സംഭാവനയത്ര.

ഇംഗ്ലീഷും ഐറിഷും പരസ്‌പരം നല്‌കിയിട്ടുള്ള സാഹിത്യ സംഭാവനകള്‍ വിഭജിച്ചു പറയാവുന്നതല്ല. അയർലണ്ടുമായി പൂർവികബന്ധം മാത്രമുള്ള ബ്രാണ്‍ടി സഹോദരിമാർ (ബ്രിട്ടണ്‍), എഡ്‌ഗാർ അലന്‍ പോ (യു.എസ്‌.), എഡേ്വഡ്‌ ഫിറ്റ്‌സ്‌ ജെറാള്‍ഡ്‌ (ബ്രിട്ടണ്‍), ടി. ഇ. ലോറന്‍സ്‌ (ബ്രിട്ടണ്‍), യൂജിന്‍ ഓനീൽ (യു.എസ്‌.) എന്നിവർ ഇംഗ്ലീഷ്‌ സാഹിത്യത്തിനു മഹത്തായ സംഭാവനകള്‍ നല്‌കിയവരാണ്‌. റിച്ചാഡ്‌ ബ്രിന്‍സ്‌ലി ഷെറിഡന്‍, ഓസ്‌കർ വൈൽഡ്‌, ജോർജ്‌ ബെർനാഡ്‌ ഷാ തുടങ്ങിയവരും ഈ വിഭാഗത്തിൽപ്പെടുന്നു. എന്നാൽ എഡ്‌മണ്‍ഡ്‌ സ്‌പെന്‍സർ, വില്യം കോണ്‍ഗ്രീവ്‌, ആന്റണി ട്രാല്ലോപ്‌ എന്നീ സാഹിത്യകാരന്മാർ ബ്രിട്ടനിൽ ജനിച്ച്‌, അയർലണ്ടിൽ ജീവിച്ച്‌, ഇംഗ്ലീഷ്‌ സാഹിത്യസേവനം നടത്തിയ മഹാന്മാരാണ്‌.

1169-ലുണ്ടായ ആംഗ്ലോ-നോർമന്‍ ആക്രമണത്തെത്തുടർന്നാണ്‌ ഇംഗ്ലീഷ്‌ ഭാഷ ആദ്യമായി രംഗപ്രവേശം ചെയ്യുന്നത്‌. ഭരിക്കുന്നവരുടെയും ഭരിക്കപ്പെടുന്നവരുടെയും ഭാഷ വ്യത്യസ്‌തമാകയാൽ ഇരുവർഗക്കാരും തമ്മിൽ ഉരസലുകള്‍ ഉണ്ടായിക്കൊണ്ടിരുന്നു. 19-ാം ശതകത്തിന്റെ മധ്യംവരെ ഗെയ്‌ലിക്‌ ഭാഷതന്നെയായിരുന്നു ഐറിഷ്‌ ജനതയുടെ വ്യവഹാരഭാഷ. 20-ാം ശതകത്തിൽപ്പോലും അയർലണ്ടുകാരും ഇംഗ്ലീഷുകാരും തമ്മിൽ വൈകാരികമായ യാതൊരു ഉദ്‌ഗ്രഥനവും ഉണ്ടായില്ലെന്നു മാത്രമല്ല, ഇക്കൂട്ടർ ആംഗ്ലോ-ഐറിഷ്‌ എന്നാണ്‌ അറിയപ്പെടുന്നത്‌. ഇംഗ്ലീഷ്‌ സാഹിത്യരചനയിൽ പേരെടുത്ത ആദ്യത്തെ ഐറിഷ്‌ എഴുത്തുകാരനാണ്‌ ജൊനാഥന്‍ സ്വിഫ്‌റ്റ്‌ (1667-1745) എന്ന്‌ വിശ്വസിച്ചുപോരുന്നു.

14-ാം ശതകത്തിൽ അയർലണ്ടിലെ ദേവാലയങ്ങളിൽ സദാചാര നാടകങ്ങള്‍ (morality plays) അവതരിപ്പിച്ചിരുന്നു എന്ന്‌ ഡബ്‌ളിനിൽ കണ്ടെടുത്ത ദ്‌ പ്രസ്‌ ഒഫ്‌ ലൈഫ്‌ എന്ന കൈയെഴുത്തുപ്രതി സാക്ഷ്യം നിർത്തി നിരൂപകന്മാർ സ്ഥാപിക്കുന്നു. ഒസ്സോറിയിലെ പ്രാട്ടസ്റ്റന്റ്‌ ബിഷപ്പായിരുന്ന ജോണ്‍ ബേൽ (1495-1563) എഴുതിയ രണ്ട്‌ ഇംഗ്ലീഷ്‌ നാടകങ്ങള്‍ 1533 ആഗ. 20-ന്‌ അരങ്ങേറുകയുണ്ടായി. ജോണ്‍ ഡന്‍ഹാം (1615-69) ജോണ്‍ ഓഗിൽ ബൈ (1600-76), റോജർ ബോയ്‌ൽ (1621-79), റ്റോമസ്‌ സൗതേണ്‍ (1600-1746), ജോർജ്‌ ഫാർക്വാബാർ (1678-1707), വില്യം കോണ്‍ഗ്രവ്‌ (1670-1729), റിച്ചഡ്‌ സ്റ്റീൽ (1672-1729) എന്നിവർ പ്രസിദ്ധരായ ആംഗ്ലോ-ഐറിഷ്‌ നാടകകൃത്തുക്കളാണ്‌. റിച്ചഡ്‌ സ്റ്റീൽ തിയറ്റർ എന്ന ഒരു ദ്വൈവാരികയുടെ പത്രാധിപരെന്ന നിലയിൽ മാത്രമല്ല, പ്രശസ്‌തനായ ഒരു ഉപന്യാസകാരന്‍ എന്ന നിലയിലും അറിയപ്പെട്ടിരുന്നു. ഒലിവർ ഗോള്‍ഡ്‌സ്‌മിത്തും (1728-74) ഷെറിഡനും 18-ാം ശതകത്തിൽ ആഗോളാടിസ്ഥാനത്തിൽ ആംഗ്ലോ-ഐറിഷ്‌ നാടകകൃത്തുക്കളെന്ന നിലയിൽ പ്രശസ്‌തി നേടിയവരാണ്‌. ഇരുപത്തിയൊന്ന്‌ നാടകങ്ങള്‍ രചിച്ച ആർതർ മർഫിയും (1727-1805) പ്രശസ്‌തനടനായ ഡേവിഡ്‌ഗാറിക്കിന്റെ (1717-79) സുഹൃത്തായ ഹ്യൂകെല്ലിയും (1739-77) നിരവധി ഓപ്പറകളുടെ രചയിതാവായ ജോണ്‍ ഒ കീഫിയും (1747-1833) ഈ കാലയളവിൽ നാടകപ്രസ്ഥാനത്തിന്‌ വിലയേറിയ സംഭാവനകള്‍ നല്‌കിയവരത്ര. 19-ാം ശതകമായപ്പോഴേക്കും നാടകരചനാരംഗം പക്വമായി. ഡിയോണ്‍ ബൗമ്പികാള്‍ട്‌ (1820-90), ജെയിംസ്‌ കെന്നി (1780-1849), ജോർജ്‌ ഫ്രാന്‍സിസ്സ്‌ ആംസ്റ്റ്രാങ്‌ (1845-1906) ആദിയായവർ ഈ ഘട്ടത്തിൽ സ്‌മരണീയരാണ്‌. അയർലണ്ടിലെ ആദ്യത്തെ ദുരന്തനാടക കർത്താവെന്ന പദവി ജോണ്‍ ഷെറിഡന്‍ നോലസീ(1784-1862)നു ലഭിച്ചു.

ആംഗ്ലോ-ഐറിഷ്‌ നാടകകൃത്തുകളിൽ പ്രഥമസ്ഥാനത്തിനർഹനായത്‌ ഓസ്‌കർ വൈൽഡ്‌ (1856-1900) ആണ്‌. പ്രഗല്‌ഭ ഐറിഷ്‌ കവിയായ ഡബ്ല്യൂ.ബി. യേറ്റ്‌സ്‌ (1865-1939) ഇംഗ്ലീഷ്‌ ഭാഷയുടെ ഉന്നമനത്തിനുവേണ്ടി യത്‌നിച്ചതോടൊപ്പം ആധുനിക ഐറിഷ്‌ നാടകകൃത്തുക്കളിൽ ദേശാന്തര പ്രശസ്‌തി നേടിയ ജോണ്‍ മില്ലിങ്‌റ്റണ്‍ സിങ്ങിന്റെ (1871-1909) പ്രതിഭയെ ആദ്യമായി മനസ്സിലാക്കി ലോകത്തിനു പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്‌തു. അയർലണ്ടിലെ ലേഡി ഗ്രിഗറി (1859-1909) യേറ്റ്‌സിന്റെ പ്രചോദനം ലഭിച്ച എഴുത്തുകാരിയാണ്‌. 1904-ൽ ആനി എലിസബത്ത്‌ ഫ്രഡറിക്‌ ഹോർത്തിമാന്‍ എന്ന ഒരു സമ്പന്ന വനിത യേറ്റ്‌സിന്റെ ഓർമയ്‌ക്കായി ആബിതിയെറ്റർ എന്ന പേരിൽ ഒരു നാടകശാല നിർമിച്ചു. ഈ സ്ഥാപനത്തെ ലക്ഷ്യമാക്കിക്കൊണ്ടാണു പിന്നീടുള്ള ഐറിഷ്‌ നവോത്ഥാനം നടന്നത്‌. ഷാന്‍ ഒകേസി(1884-1964)യും ജോർജ്‌ ബെർണാഡ്‌ഷാ(1856-1950)യുമാണ്‌ ആംഗ്ലോ-ഐറിഷ്‌ നാടകവേദിയിൽ വളരെ പ്രശസ്‌തരായവർ. കവിതാരംഗത്തു പ്രഥമ ആംഗ്ലോ-ഐറിഷ്‌ കവി എന്ന പദവിക്കർഹനായത്‌ റ്റോമസ്‌ പാർണൽ (1679-1718) ആണ്‌. സ്വിഫ്‌റ്റും ഗോള്‍ഡ്‌സ്‌മിത്തും ഈ രംഗത്തു ചില സംഭാവനകള്‍ നല്‌കിയിട്ടുണ്ട്‌. നാഹും ടേറ്റ്‌ (1652-1715), നിക്കോളാസ്‌ ബ്രഡി (1659-1726) എന്നിവരെ ആദ്യകാല കവികളായി ഗണിക്കപ്പെടുന്നു. തോമസ്‌ മൂറിന്റെ (1779-1852) കവിതകളിലൂടെ ഐറിഷ്‌ കവിതകള്‍ക്കു പക്വതയും പ്രായപൂർത്തിയും കൈവന്നു. ഇദ്ദേഹത്തിന്റെ കൃതികളാണ്‌ "ഉട്ട്യോപ്യന്‍' ആശയസംഹിതയ്‌ക്ക്‌ കളിത്തൊട്ടിലുകളായത്‌. ജെ.ജെ. കല്ലൗന്‍ (1795-1829), ജോർജ്‌ ഡാർലി (1795-1846), മേരി ടിഘേ (1772-1810), സാമുവൽ ഫെർഗൂസ്സന്‍ (1810-86), ഡെനിസ്‌ ഫ്‌ളോറന്‍സ്‌ മക്‌കാർത്തി (1817-82), ഓബ്രിഡിവെരെ (1814-1902) ആദിയായവർ കവിതാരംഗത്തു പ്രശസ്‌ത സേവനം കാഴ്‌ചവച്ചവരാണ്‌. അയർലണ്ടിലെ ദേശീയകവിയായി അറിയപ്പെടുന്നത്‌ ഡബ്ല്യു.ബി. യേറ്റ്‌സ്‌ തന്നെയാണ്‌. ഐറിഷ്‌ ദേശീയ നവോത്ഥാനത്തിൽ എല്ലാ സാംസ്‌കാരികരംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്‌ ഇദ്ദേഹം. ജോർജ്‌ വില്യം റസ്സൽ (1879-1935), ന്യൂമാസ്‌ ഒ സള്ളിവന്‍ (1879-1958), എഫ്‌.ആർ. ഹിഗിന്‍സ്‌ (1896-1958), കാവ്യനാടക കർത്താവായ ഡണ്‍സാനി പ്രഭു (1879-1941) എന്നിവരും അറിയപ്പെടുന്ന കവികളത്ര. കവിതയിൽ ആധുനിക പ്രവണതകള്‍ ഉള്‍ക്കൊള്ളിക്കാന്‍ യത്‌നിച്ചവരാണ്‌ പാറ്റ്രിക്‌ കാവന്നാഗ്‌ (1904-), തോമസ്‌കിന്‍സെല്ലാ (1927-) എന്നിവർ.

അയർലണ്ടിൽ രചിക്കപ്പെട്ട ആദ്യത്തെ ഗദ്യകൃതിയായി കരുതപ്പെടുന്നത്‌ റാഫേൽ ഹോളിന്‍ഷെഡ്‌, റിച്ചഡ്‌ സ്റ്റാനിഹർസ്റ്റ്‌ എന്നിവർ ചേർന്ന്‌ എഴുതിയ കൃതിയാണ്‌. ഹസ്‌തലിഖിതരൂപത്തിലാണ്‌ ഇതു ലഭ്യമായത്‌ (1577). ഇതിനുശേഷം സർ ജോണ്‍ ടെമ്പിള്‍ (1600-77) ഒരു ഐറിഷ്‌ ചരിത്രം രചിച്ചു. സ്വിഫ്‌റ്റ്‌, സ്റ്റീൽ, സ്റ്റേണ്‍, ഗോള്‍ഡ്‌സ്‌മിത്ത്‌ എന്നീ സാഹിത്യകാരന്മാരെ ആംഗ്ലോ-ഐറിഷ്‌ സാഹിത്യത്തിന്റെ പിതാക്കന്മാരായി കണക്കാക്കുന്നു. ഇവരെ അനുകരിച്ച എഡ്‌മണ്‍ഡ്‌ ബർക്ക്‌ (1729-97), ഹെന്‌റി ഗ്രാറ്റന്‍ (1749-1820) മുതലായവരും ആദരണീയരത്ര. എലിസബത്ത്‌ റൈസ്‌ (1750-97), ബ്ലസിംങ്‌ടണ്‍ പ്രഭ്വി (1789-1849), ഹെന്‌റി ബ്രൂക്ക്‌ (1703-83), ചാള്‍സ്‌ ജോണ്‍സണ്‍ (1719-1800), എലിസബത്ത്‌ ഹാർഡി (1794-1854) എന്നീ സാഹിത്യകാരന്മാരും ആംഗ്ലോ-ഐറിഷ്‌ സാഹിത്യചരിത്രത്തിൽ സ്‌മരണീയരാണ്‌.

ഐറിഷ്‌ പാരമ്പര്യത്തെയും സംസ്‌കാര സമ്പത്തിനെയും വിദേശികള്‍ക്കു വ്യാഖ്യാനിച്ചുകൊടുക്കുന്നതിൽ ആവേശം കാണിച്ചിട്ടുള്ളവരാണ്‌ മറിയാ എജ്‌വെർഥ്‌ (1767-1849), ചാള്‍സ്‌ ലെവർ (1806-72), സാമുവൽ ലെവർ (1797-1868), വില്യംഹാമിൽറ്റന്‍ മാക്‌സ്‌വെൽ (1792-1850) മുതലായവർ. 20-ാം ശതകത്തിൽ ഐറിഷ്‌ സാഹിത്യരംഗം സമ്പന്നമാക്കാന്‍ പല സാഹിത്യകാരന്മാരും സംഭാവനകള്‍ നല്‌കിയിട്ടുണ്ട്‌. സാഹിത്യ നിരൂപണ രംഗത്തു വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‌കിയവരാണ്‌ ജെയിംസ്‌ സ്റ്റീഫന്‍സ്‌ (1882-1950), യേറ്റ്‌സ്‌, റസ്സൽ മുതലായവർ.

ഐറിഷ്‌ സാഹിത്യത്തിൽ പല ഗദ്യാഖ്യാനങ്ങളും വിരചിതമായിട്ടുണ്ടെങ്കിലും ഗള്ളിവറുടെ സഞ്ചാരകഥകള്‍ (1726) എന്ന കൃതിയാണു ശ്രദ്ധേയം. നോവൽ രചനാരംഗത്ത്‌ വില്യം ഹാമിൽറ്റന്‍ മാക്‌സ്‌വെല്ലും സാമുവൽ ലെവറും (1797-1808) സംഭാവനകള്‍ നല്‌കിയിട്ടുണ്ട്‌. 20-ാം ശതകത്തിലാകട്ടെ പല ആധുനിക രീതികളും അരങ്ങേറി. ഫ്രഞ്ച്‌ നോവലിസ്റ്റുകളെ അനുകരിച്ച ജോർജ്‌ മൂർ (1852-1933) ആദ്യത്തെ ആംഗ്ലോ-ഐറിഷ്‌ റിയലിസ്റ്റിക്‌ നോവലിസ്റ്റായി അറിയപ്പെട്ടു. യുളീസസ്‌ (1922) എന്ന പ്രശസ്‌ത നോവൽ രചിച്ച ജെയിംസ്‌ ജോയ്‌സ്‌ (1882-1941) ഐറിഷ്‌ സംസ്‌കാരത്തിന്റെ സന്തതിയെന്ന നിലയിൽ അറിയപ്പെടുന്നു. ജെയിംസ്‌ സ്റ്റീഫന്‍സ്‌ (1882-1950) സാങ്കല്‌പിക നോവലുകള്‍ രചിച്ചപ്പോള്‍ എമിലിലാലെസ്‌ (1845-1913), ജെയിംസ്‌ ഒഗ്രസി (1846-1928) എന്നിവർ ചരിത്ര നോവലുകളാണ്‌ എഴുതിയത്‌. ഷാണ്‍ ഒ ഹാവ്‌ലെയ്‌ന്‍ (1900-) ആണ്‌ അത്യാധുനിക നോവലിസ്റ്റുകളിൽ പ്രമുഖന്‍. നിരവധി ഗെയ്‌ലിക്‌ വിവർത്തനങ്ങള്‍ നടത്തുകയും ധാരാളം കൃതികള്‍ രചിക്കുകയും ചെയ്‌ത ഫ്രാങ്ക്‌ ഒകോണറും (1903-66), ആക്ഷേപഹാസ്യ പ്രധാനമായ ഇതിവൃത്തങ്ങള്‍ അവലംബിച്ച ലിയം ഓഫ്‌ളെയർറ്റിയും (1897-) ചെറുകഥാ ശാഖയിലാണ്‌ പ്രശസ്‌തരായത്‌.

പ്രസിദ്ധ നാടകകൃത്തായ ഷാന്‍ ഒകേസി (1884-1964) ആറു വാല്യങ്ങളിലായി രചിച്ച (1939-54) ആത്മകഥ ആംഗ്ലോ-ഐറിഷ്‌ ഗദ്യസാഹിത്യത്തിന്‌ ഒരു മുതൽക്കൂട്ടാണ്‌. 20-ാം ശതകത്തിലുണ്ടായ ഐറിഷ്‌ സാഹിത്യ നവോത്ഥാനത്തിനുവേണ്ടി യത്‌നിച്ച ശക്തനായ കവി വില്യം ബട്‌ലർ യേറ്റ്‌സ്‌ ആയിരുന്നു. മന്ദീഭവിക്കാന്‍ തുടങ്ങിയ ഐറിഷ്‌ സാഹിത്യരംഗം പുനരുജ്ജീവിപ്പിക്കാന്‍ യേറ്റ്‌സ്‌ പ്രതിജ്ഞാബദ്ധനായി മുന്നിട്ടിറങ്ങി.

20-ാം ശതകത്തിൽ ഐറിഷ്‌ സാഹിത്യത്തിനുണ്ടായ നവോത്ഥാനത്തിൽ ലോകത്തു പൊതുവിലും അയർലണ്ടിൽ പ്രതേ്യകിച്ചും നിലനിന്നിരുന്ന രാഷ്‌ട്രീയ സാമൂഹിക സ്ഥിതി സാരമായ പങ്കുവഹിച്ചിട്ടുണ്ട്‌. ആധുനിക അയർലണ്ടിന്റെ ചരിത്രത്തെ രാഷ്‌ട്രീയാടിസ്ഥാനത്തിൽ മൂന്നായി വിഭജിക്കാം:

(1) 1916-കാലഘട്ടത്തിൽ സ്വദേശസ്‌നേഹത്താലുണ്ടായ പുനരുത്ഥാനം,

(2) ദിവലേറയുടെയും പിന്‍ഗാമികളുടെയും ആഗമനത്തെത്തുടർന്നുണ്ടായ രാഷ്‌ട്രീയ ഏകീകരണം,

(3) 1960-ന്റെ ആരംഭത്തിൽ ലിമാസ്‌ ഭരണത്തെ തുടർന്നുണ്ടായ സാമ്പത്തിക വളർച്ച എന്നിവയാണ്‌ വിവിധ ഘട്ടങ്ങള്‍.

ആധുനിക കാലഘട്ടത്തിലുണ്ടായ ഐറിഷ്‌ സാഹിത്യ സൃഷ്‌ടികളെയും മൂന്നായി തരംതിരിക്കാം. യേറ്റ്‌സ്‌, ഹിദേ, മൂർ, സിങ്‌ ആദിയായ സാഹിത്യകാരന്മാരെയും അവരുടെ പിന്‍ഗാമികളെയും കേന്ദ്രീകരിച്ചുണ്ടായ സാഹിത്യ നവോത്ഥാനമാണ്‌ ആധുനിക ഐറിഷ്‌ സാഹിത്യത്തിൽ പ്രഥമമായി ഗണിച്ചുപോരുന്നത്‌. ഇതിൽ യേറ്റ്‌സ്‌, സിങ്‌ എന്നിവർ വളരെ പ്രധാനപ്പെട്ട എഴുത്തുകാരാണ്‌. ഇക്കാലത്തുണ്ടായ സാഹിത്യസൃഷ്‌ടികള്‍ മതത്തിനും ദേശത്തിനും സ്‌നേഹത്തിനും പ്രാധാന്യം കല്‌പിച്ചിരുന്നു. രണ്ടാം ഘട്ടത്തിൽ യേറ്റ്‌സും ജോയ്‌സും പ്രശസ്‌തരാണ്‌. അത്യാധുനികരുടെ മൂന്നാംഘട്ടത്തിൽ പ്രസിദ്ധരാണ്‌ ഫ്‌ളാന്‍ ഒബ്രന്‍, ആസ്റ്റിന്‍ ക്ലാർക്‌ എന്നിവർ. പ്രഗല്‌ഭരായ സാഹിത്യകാരന്മാരുടെ ഒരു വലിയ സമൂഹം ഇവർക്കൊപ്പം പ്രവർത്തിക്കുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍