This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എകേലുണ്‍ഡ്‌, വിൽഹെം (1880-1949)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:41, 17 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എകേലുണ്‍ഡ്‌, വിൽഹെം (1880-1949)

ekelund, Vilhelm

വിൽഹെം എകേലുണ്‍ഡ്‌

സ്വീഡിഷ്‌ തത്ത്വചിന്തകനും കവിയും ഉപന്യാസകാരനും. 1880-ൽ സ്റ്റേഹാഗിൽ (Stehag) ഒരു കൊല്ലപ്പണിക്കാരന്റെ മകനായി ജനിച്ചു. ലുന്‍ഡിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ചെറുപ്പത്തിലേ കവിതകള്‍ എഴുതി പ്രസിദ്ധീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ആദ്യകാലരചനകളിൽ ഫ്രഞ്ച്‌ സിംബോളിക്‌ പ്രസ്ഥാനമാണ്‌ ഇദ്ദേഹത്തെ ആകർഷിച്ചത്‌. പക്ഷേ അതിൽനിന്ന്‌ മുക്തനായി ക്ലാസ്സിക്കൽശൈലിയിൽ ഇദ്ദേഹം എഴുതിത്തുടങ്ങി. 1906-നു ശേഷം ഇദ്ദേഹം ഗദ്യരചനയിലേക്കു തിരിയുകയും പ്ലേറ്റോണിക്‌ പ്രമത്തിന്റെയും റൊമാന്റിക്‌ ദർശനങ്ങളുടെയും വക്താവായിത്തീരുകയും ചെയ്‌തു. നീത്‌ഷേ, സ്വീഡന്‍ ബോർഗ്‌, എമേഴ്‌സണ്‍, പാസ്‌കൽ, തോമസ്‌ അക്വിനാസ്‌ തുടങ്ങിയ നിരവധി തത്ത്വചിന്തകന്മാരുടെ സിദ്ധാന്തങ്ങള്‍ ഇദ്ദേഹത്തിന്റെ രചനകളെ സ്വാധീനിച്ചിട്ടുണ്ട്‌. കേവലസൗന്ദര്യത്തിനുവേണ്ടിയുള്ള നിരന്തരാന്വേഷണമാണ്‌ എകേലുണ്‍ഡിന്റെ സാഹിത്യസൃഷ്‌ടികളിൽ കാണുന്നതെന്ന്‌ വിമർശകർ അഭിപ്രായപ്പെടുന്നു.

വസന്തവാതം (Varbris, 1900), സന്ധ്യാഗാനങ്ങള്‍ (Melodier in Skymning, 1902, 1902), വിലാപങ്ങള്‍ (Elegier, 1903), ദി തിറാംബറി ഒഫ്‌ റ്റോങ്‌ലാന്‍സ്‌ (1906) തുടങ്ങിയവയാണ്‌ എകേലുണ്‍ഡിന്റെ പ്രസിദ്ധകാവ്യങ്ങള്‍. അധൃഷ്യമായ ഇച്ഛാശക്തിയുടെ മാഹാത്മ്യത്തെ ഉദീരണം ചെയ്‌തുകൊണ്ട്‌ നീത്‌ഷേയുടെ ദർശനങ്ങളെ ആദർശവത്‌കരിച്ച്‌ എഴുതിയിട്ടുള്ള പുരാതനാദർശം (Antiki Ideal, 1909) എന്ന പ്രബന്ധസമാഹാരം എകേലുണ്‍ഡിന്റെ ജീവിതവീക്ഷണങ്ങള്‍ മുഴുവന്‍ പ്രതിഫലിപ്പിക്കുന്നു. തുടർന്ന്‌ മെട്രാണ്‍ (1918), പഹാഫ്‌സ്‌ട്രാന്‍ഡെൽ (1922) എന്നിവയും പ്രസിദ്ധീകരിച്ചു. പിന്നീട്‌ എഴുതിയ പുസ്‌തകങ്ങളെല്ലാംതന്നെ വിവാദാത്മകമോ ആത്മപരിശോധനാത്മകമോ ആണ്‌. 1949-ൽ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍