This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുസ്‌നെറ്റ്‌സ്‌, സൈമണ്‍ (1901 - 85)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:58, 29 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുസ്‌നെറ്റ്‌സ്‌, സൈമണ്‍ (1901 - 85)

Kuznets, Simon

സൈമണ്‍ കുസ്‌നെറ്റ്‌സ്‌

നോബൽ സമ്മാനിതനായ അമേരിക്കന്‍ സാമ്പത്തികശാസ്‌ത്രജ്ഞനും സാംഖ്യികശാസ്‌ത്രജ്ഞനും. 1901 ഏ. 30-ന്‌ റഷ്യയിൽ ജനിച്ചു. കൊളംബിയാ സർവകലാശാലയിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. പിഎച്ച്‌.ഡി. ബിരുദം നേടിയശേഷം നാഷണൽ ബ്യൂറോ ഒഫ്‌ ഇക്കണോമിക്‌ റിസർച്ചി (ന്യൂയോർക്ക്‌)ലെ അംഗം (1927-61); പെന്‍സിൽവേനിയ സർവകലാശാലയിലെ സാമ്പത്തികശാസ്‌ത്ര-സാംഖ്യിക ശാസ്‌ത്ര പ്രാഫസർ (1936-54); വാഷിങ്‌ടണ്‍ ഡി.സി.യിലെ ബ്യൂറോ ഒഫ്‌ പ്ലാനിങ്‌ ആന്‍ഡ്‌ സ്റ്റാറ്റിസ്റ്റിക്‌സ്‌ (1942-44), നാഷണൽ റിസോഴ്‌സസ്‌ കമ്മിഷന്‍ ഒഫ്‌ ചൈന എന്നിവയുടെ സാമ്പത്തികോപദേഷ്‌ടാവ്‌ (1946); ഇന്ത്യയുടെ ദേശീയവരുമാനസമിതിയുടെ ഉപദേഷ്‌ടാവ്‌ (1950-51); ജോണ്‍ ഹോപ്‌കിന്‍സ്‌ സർവകലാശാലയിലെ സാമ്പത്തികശാസ്‌ത്ര പ്രാഫസർ (1954-60); ഹാർവാഡ്‌ സർവകലാശാലയിലെ സാമ്പത്തികശാസ്‌ത്ര പ്രാഫസർ (1960-71) എന്നീ നിലകളിൽ സേവനമനുഷ്‌ഠിച്ചു.

അമേരിക്കന്‍ അസോസിയേഷന്‍ ഫോർ ദി അഡ്‌വാന്‍സ്‌മെന്റ്‌ ഒഫ്‌ സയന്‍സ്‌, അമേരിക്കന്‍ സ്റ്റാറ്റിസ്റ്റിക്കൽ അസോസിയേഷന്‍ എന്നിവയിലെ ഫെല്ലോ; ബ്രിട്ടീഷ്‌ അക്കാദമിയുടെ കറസ്‌പോണ്ടിങ്‌ ഫെല്ലോ; യു.എസ്‌. നാഷണൽ അക്കാദമി ഒഫ്‌ സയന്‍സ്‌, ഇന്റർനാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഇന്‍സ്റ്റിറ്റ്യൂട്ട്‌, അമേരിക്കന്‍ ഫിലസോഫിക്കൽ സൊസൈറ്റി, ഇക്കണോമെട്രിക്‌ സൊസൈറ്റി, സ്വീഡനിലെ റോയൽ അക്കാദമി ഒഫ്‌ സയന്‍സസ്‌ എന്നിവയിലെ അംഗം; ഇംഗ്ലണ്ടിലെ റോയൽ സ്റ്റാറ്റിസ്റ്റിക്കൽ സൊസൈറ്റിയുടെ ഓണററി ഫെല്ലൊ എന്നീ സ്ഥാനങ്ങളും ഇദ്ദേഹം വഹിച്ചിരുന്നു.

"കുസ്‌നെറ്റ്‌സ്‌ കർവ്‌'

വ്യാപാരചക്രങ്ങളെക്കുറിച്ചും സാമ്പത്തിക വളർച്ചയുടെ അസന്തുലിതാവസ്ഥകളെക്കുറിച്ചുമുള്ള സൈമണ്‍ കുസ്‌നെറ്റ്‌സിന്റെ അപഗ്രഥനങ്ങളാണ്‌ വികസന സമ്പദ്‌ശാസ്‌ത്രത്തിന്റെ രൂപീകരണത്തിന്‌ അടിത്തറയിട്ടത്‌. വ്യാപാരചക്ര സാമ്പത്തികാപഗ്രഥനത്തിന്റെ ഭാഗമായി ഇദ്ദേഹം ആവിഷ്‌കരിച്ച സിദ്ധാന്തങ്ങള്‍ കുസ്‌നെറ്റ്‌സ്‌ സ്വിങ്‌സ്‌ (Kuznets Swing) എന്നറിയപ്പെടുന്നു.

ഇക്കണോമെട്രിക്‌സിനെ വിപ്ലവവത്‌കരിച്ചു എന്നതാണ്‌ കുസ്‌നെറ്റ്‌സിന്റെ ഏറ്റവും വലിയ സംഭാവന. 1941-ൽ പ്രസിദ്ധീകരിച്ച നാഷണൽ ഇന്‍കം ആന്‍ഡ്‌ ഇറ്റ്‌സ്‌ കോമ്പസിഷന്‍, 1919-1938 എന്ന കൃതിയിൽ മൊത്ത ദേശീയ വരുമാനം എന്ന സ്ഥൂല സാമ്പത്തിക ശാസ്‌ത്രസംവർഗത്തെക്കുറിച്ച്‌ പുതിയ കാഴ്‌ചപാടുകള്‍ അവതരിപ്പിക്കുന്നു.

ദീർഘകാലാടിസ്ഥാനത്തിലുള്ള അസമത്വത്തെക്കുറിച്ചുള്ള പഠനങ്ങള്‍, 'ഗൗ്വില ഈെൃ്‌ല' എന്ന സങ്കല്‌പം മുന്നോട്ടുവച്ചിട്ടുണ്ട്‌. 1936-ൽ കെയ്‌ന്‍സ്‌ ആവിഷ്‌കരിച്ച "കേവലവരുമാനസിദ്ധാന്ത'ക്കുറിച്ച്‌ ഇദ്ദേഹം നടത്തിയ പഠനങ്ങള്‍ "ഉപഭോഗധർമം' (Kuznets Swing)എന്ന സങ്കല്‌പത്തിനു രൂപംനൽകി. കെയ്‌നീഷ്യന്‍ പ്രവചനങ്ങള്‍ ഹ്രസ്വകാലയളവിൽ കൃത്യമാണെങ്കിലും ദീർഘകാലയളവിൽ തെറ്റായി മാറുന്നുവെന്ന കുസ്‌നെറ്റ്‌സിന്റെ നിഗമനം സാമ്പത്തികശാസ്‌ത്രശാഖയിൽ വലിയ മാറ്റങ്ങളുണ്ടാക്കി. മിൽട്ടണ്‍ ഫ്രീറ്റ്‌സ്‌മാന്റെ "പെർമനന്റ്‌ ഇന്‍കം ഹൈപ്പോതീസീസ്‌'(Consumption function)-നും സമീപകാല ബദൽ സിദ്ധാന്തങ്ങളായ "ലൈഫ്‌ സൈക്കിള്‍ ഹൈപ്പോതീസിസ്‌ റിലേറ്റീവ്‌ ഇന്‍കം ഹൈപ്പോതീസിസ്‌' (Permanent income hypothesis)എന്നീ സിദ്ധാന്തങ്ങള്‍ക്ക്‌ രൂപംനൽകുന്നതിൽ കുസ്‌നെറ്റ്‌സിന്റെ നിരീക്ഷണങ്ങള്‍ക്ക്‌ നിർണായക സ്വാധീനമുണ്ട്‌.

സാമ്പത്തികശാസ്‌ത്രം, സാംഖ്യികം എന്നിവയെക്കുറിച്ച്‌ നിരവധി ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ പ്രധാനഗ്രന്ഥങ്ങള്‍ സൈക്ലിക്കൽ ഫ്‌ളക്‌ച്വേഷന്‍സ്‌ ഇന്‍ റിട്ടെയിൽ ആന്‍ഡ്‌ ഹോള്‍സേൽ ട്രഡ്‌ (1926), സെക്കുലാർ മൂവ്‌മെന്റ്‌സ്‌ ഇന്‍ പ്രാഡക്ഷന്‍ ആന്‍ഡ്‌ പ്രസസ്‌ (1930), സീസണൽ വേരിയേഷന്‍സ്‌ ഇന്‍ ഇന്‍ഡസ്റ്റ്രി ആന്‍ഡ്‌ ട്രഡ്‌ (1934), കമ്മോഡിറ്റി ഫ്‌ളോ ആന്‍ഡ്‌ കാപ്പിറ്റൽ ഫോർമേഷന്‍ (1938), നാഷനൽ ഇന്‍കം ആന്‍ഡ്‌ ഇറ്റ്‌സ്‌ കോംപസിഷന്‍ (1941), നാഷനൽ പ്രാഡക്‌റ്റ്‌ സിന്‍സ്‌ 1869 (1946), അപ്പർ ഇന്‍കം ഷെയേഴ്‌സ്‌ (1953), എക്കണോമിക്‌ ചേഞ്ച്‌ (1954), സിക്‌സ്‌ ലക്‌ചേഴ്‌സ്‌ ഓണ്‍ എക്കണോമിക്‌ ഗ്രാത്ത്‌ (1959), കാപ്പിറ്റൽ ഇന്‍ ദി അമേരിക്കന്‍ എക്കോണമി (1961), മോഡേണ്‍ എക്കണോമിക്‌ ഗ്രാത്ത്‌ (1966), എക്കണോമിക്‌ ഗ്രാത്ത്‌ ഒഫ്‌ നേഷന്‍സ്‌ (1971), പോപ്പുലേഷന്‍, കാപ്പിറ്റൽ ആന്‍ഡ്‌ ഗ്രാത്ത്‌ (1974) എന്നിവയാണ്‌. സാമ്പത്തികശാസ്‌ത്രത്തിനും സാംഖ്യികത്തിനും ഇദ്ദേഹം നല്‌കിയിട്ടുള്ള സംഭാവനകളെ മാനിച്ച്‌ നിരവധി സർവകലാശാലകള്‍ ഇദ്ദേഹത്തിന്‌ ഓണററി ബിരുദങ്ങള്‍ നല്‌കിയിട്ടുണ്ട്‌. ജെറുസലേമിലെ ഹീബ്രു സർവകലാശാല നല്‌കിയ പിഎച്ച്‌.ഡി.; പ്രിന്‍സ്റ്റണ്‍, പെന്‍സിൽവേനിയ, ഹാർവാഡ്‌ എന്നീ സർവകലാശാലകള്‍ നല്‌കിയ എസ്സ്‌.സി.ഡി.; കൊളംബിയ സർവകലാശാല നല്‌കിയ ഡി.എച്ച്‌.എൽ.; ന്യൂ ഹാംപ്‌ഷയർ സർവകലാശാല നല്‌കിയ എൽഎൽ.ഡി. എന്നിവ ഇതിൽപ്പെടുന്നു. 1971-ൽ ഇദ്ദേഹത്തിനു സാമ്പത്തികശാസ്‌ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. 1985 ജൂല. 8-ന്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍