This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുട്ടി, എ.കെ. (1938 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:47, 28 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുട്ടി, എ.കെ. (1938 - )

കേരളീയനായ അത്‌ലറ്റിക്‌ കോച്ചും ദ്രാണാചാര്യ പുരസ്‌കാര ജേതാവും. ഒളിംപിക്‌സ്‌ ഉള്‍പ്പെടെയുള്ള അന്തർദേശീയ കായികമത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഇരുപതിലധികം അത്‌ലറ്റുകളെ ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്‌. 1938-ൽ, പാലക്കാട്‌ ജില്ലയിലെ കുത്തന്നൂരിൽ ഗോവിന്ദന്‍ നായരുടെയും മൂകാംബിക അമ്മയുടെയും മകനായി ജനിച്ചു. പാലക്കാട്‌ വിക്‌ടോറിയ കോളജിൽനിന്നും ഇന്റർമീഡിയറ്റ്‌ പാസായി. പഠനകാലത്ത്‌ മികച്ചൊരു ലോങ്‌ജമ്പറായിരുന്നു ഇദ്ദേഹം. കോളജ്‌ വിദ്യാഭ്യാസത്തിനുശേഷം ഇന്ത്യന്‍ വ്യോമസേനയിൽ ഉദ്യോഗം ലഭിച്ചുവെങ്കിലും ഏതാനും വർഷങ്ങള്‍ക്കുശേഷം ജോലിരാജിവച്ചു. തുടർന്ന്‌, പാട്യാലയിലെ നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ സ്‌പോർട്‌സിൽ നിന്നും കോച്ചിങ്‌ ഡിപ്ലോമ കരസ്ഥമാക്കി.

1977-ൽ കേരള സ്‌പോർട്‌സ്‌ കൗണ്‍സിൽ പരിശീലകനായി നിയമിതനായതോടെയാണ്‌ ഇദ്ദേഹം പ്രാഫഷണൽ കോച്ചിങ്‌ രംഗത്തേക്ക്‌ കടക്കുന്നത്‌. കുറച്ചുകാലം റെയിൽവേ സ്‌പോർട്‌സ്‌ കൗണ്‍സിൽ ബോർഡിന്റെ കോച്ചായും സേവനമനുഷ്‌ഠിച്ചു. മുപ്പതുവർഷക്കാലത്തോളം കോച്ചിങ്‌ രംഗത്ത്‌ നിലയുറപ്പിച്ച കുട്ടിയുടെ ശിക്ഷണത്തിൽ വളർന്ന അത്‌ലറ്റുകള്‍ നിരവധിയാണ്‌. എന്നാൽ പ്രമുഖ മലയാളി അത്‌ലറ്റും ഒളിംപിക്‌ താരവുമായ എം.ഡി. വത്സമ്മയുടെ പരിശീലകന്‍ എന്ന നിലയിലാണ്‌ ഇദ്ദേഹം ഏറെ അറിയപ്പെട്ടത്‌. വത്സമ്മയെക്കൂടാതെ മേഴ്‌സിക്കുട്ടന്‍, ഫിലോമിന, ഇ.ജെ. മോളി, റോസ്‌ലി, എസ്‌. ലതാംഗി, സിന്ധു, ജോളി, എസ്‌. മുരളി, ഹരിദാസ്‌, സുരേഷ്‌ബാബു തുടങ്ങിയ അന്തർദേശീയ കായികതാരങ്ങളെയും ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്‌. പരിശീലകന്‍ എന്ന നിലയിൽ ഇന്ത്യന്‍ കായികരംഗത്ത്‌ നല്‌കിയ സംഭാവനകളെ മുന്‍നിർത്തി 2010-ൽ ഇദ്ദേഹത്തിന്‌ ദ്രാണാചാര്യ പുരസ്‌കാരം ലഭിച്ചു. 1982-83, 1983-84 വർഷങ്ങളിൽ കേരള സ്‌പോർട്‌സ്‌ കൗണ്‍സിലിന്റെ മികച്ച പരിശീലകനുള്ള പുരസ്‌കാരവും 1986-87 വർഷത്തെ റെയിൽവേ സ്‌പോർട്‌സ്‌ കൗണ്‍സിൽ ബോർഡിന്റെ കോച്ചിങ്‌ പുരസ്‌കാരവും ഇദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌. 1986-ൽ ഇന്ത്യയിലെ മികച്ച കായികപരിശീലകനായും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍