This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടാറ്റാ കമ്പനികള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ടാറ്റാ കമ്പനികള്‍
Tata Companies
ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് വ്യവസായസ്ഥാപന ശൃംഖല. ആധുനിക ഇന്ത്യയുടെ വ്യവസായവല്‍ക്കരണത്തിനു തുടക്കം കുറിച്ചത് ടാറ്റാ കുടുംബമാണ്. യന്ത്രസാമഗ്രികളുടെയും ഉപഭോക്തൃ ഉത്പന്നങ്ങളുടെയും രംഗങ്ങളില്‍ ഒരു കുത്തകസ്ഥാപനമായി വളര്‍ന്ന ടാറ്റാ വ്യവസായ സാമ്രാജ്യത്തിന്റെ മാതൃസ്ഥാപനം ടാറ്റാ സണ്‍സ് ലിമിറ്റഡാണ്. പാഴ്സിയായ ജെ.എന്‍. ടാറ്റ (1839 - 1904)യാണ് ഈ വ്യവസായ ഗ്രൂപ്പിന്റെ സ്ഥാപകന്‍. ബോംബെയിലെ എല്‍ഫിന്‍സ്റ്റോണ്‍ കോളജില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ജെ.എന്‍. ടാറ്റ പിതാവിന്റെ വാണിജ്യസ്ഥാപനങ്ങളുടെ മേല്‍നോട്ടം ഏറ്റെടുത്തത്.
1877-ല്‍ നാഗ്പൂരില്‍ 'എംപ്രസ് മില്‍സ്' ' തുടങ്ങിക്കൊണ്ട് ടാറ്റ ഇന്ത്യയിലെ ആധുനിക തുണിവ്യവസായ രംഗത്തേക്ക് കടന്നു വന്നു. ബ്രിട്ടിഷ് ഭരണാധികാരികളുടെ സാമ്പത്തികനയങ്ങള്‍മൂലം, ഇന്ത്യന്‍ പരമ്പരാഗത വ്യവസായങ്ങള്‍ തകര്‍ന്നുകൊണ്ടിരുന്ന ഒരു സന്ദര്‍ഭത്തിലാണ്, ടാറ്റ വ്യവസായ രംഗത്ത് പ്രവേശിച്ചത്. ലങ്കാഷെയറിലെയും മാഞ്ചെസ്റ്ററിലേയും തുണിമില്‍ വ്യവസായത്തിന് ഇന്ത്യന്‍ വിപണി കണ്ടെത്തുന്നതിനുവേണ്ടി, ഇന്ത്യയിലെ തുണിമില്‍ വ്യവസായത്തെ തകര്‍ക്കുന്ന നയങ്ങളാണ് അക്കാലത്ത്
ബ്രിട്ടീഷുകാര്‍ സ്വീകരിച്ചിരുന്നത്. 1886-ല്‍ കുര്‍ളയിലെ ധരംസി മില്ലും അഹമ്മദാബാദിലെ അഡ്വാന്‍സ് മില്ലും ടാറ്റാ ഏറ്റെടുക്കുകയും ആധുനികവല്‍ക്കരിക്കുകയും ചെയ്തു. ആധുനിക മാനേജ്മെന്റ് സമ്പ്രദായവും ഉയര്‍ന്ന സാങ്കേതികവിദ്യയും ഉപയോഗിച്ചുകൊണ്ട് ടാറ്റയ്ക്ക് ബ്രിട്ടീഷ് തുണി വ്യവസായത്തില്‍ നിന്നുള്ള കടുത്ത മത്സരത്തെ ഒരു പരിധിവരെ മറികടക്കാന്‍ കഴിഞ്ഞു.
ഇന്ത്യയില്‍ വന്‍തോതിലുള്ള ഇരുമ്പയിര് നിക്ഷേപം കണ്ടെത്തിയതോടെയാണ് ടാറ്റായുടെ വളര്‍ച്ച ആരംഭിക്കുന്നത്. ജാംഷഡ്പൂരില് ടാറ്റ ആരംഭിച്ച ഉരുക്കുവ്യവസായശാല, ഇന്ത്യയുടെ വ്യവസായവല്‍ക്കരണ ചരിത്രത്തിലെ തന്നെ നാഴികക്കല്ലാണ്. കാരണം, ഏതൊരു രാജ്യത്തിന്റെയും വ്യവസായവല്‍ക്കരണത്തിന്റെ മര്‍മം ഉരുക്കുവ്യവസായമാണ്. ഇന്ത്യയുടെ സാമ്പത്തിക ദേശീയവാദത്തിന് ടാറ്റാ വ്യവസായകുടുംബം നല്കിയ സംഭാവന ഗണനീയമാണ്. നിര്‍മാണവ്യവസായ രംഗത്തു മാത്രമല്ല, ഉപഭോക്തൃചരക്കുകളുടെ ഉത്പാദനത്തിലും ടാറ്റാ അതിന്റെ കുത്തക സ്ഥാപിച്ചിട്ടുണ്ട്. ടൂറിസം-ഹോട്ടല്‍ വ്യവസായമേഖലയിലും ശാസ്ത്ര-സാങ്കേതിക വിദ്യാഭ്യാസരംഗത്തും ടാറ്റാ സ്ഥാപനങ്ങള്‍ മുന്‍പന്തിയിലാണ്. ടാറ്റാ വ്യവസായ സാമ്രാജ്യത്തിലെ പ്രധാന സ്ഥാപനങ്ങള്‍ താഴെപ്പറയുന്നവയാണ്:
1. ടാറ്റാ ലിമിറ്റഡ്. ഇംഗ്ളണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാറ്റാ ലിമിറ്റഡ് സ്ഥാപിതമായത് 1907-ലാണ്. ടാറ്റാ ഗ്രൂപ്പിന്റെയും ഇംഗ്ളണ്ടിലെ ഇന്ത്യന്‍ വ്യവസായ സ്ഥാപനങ്ങളുടെയും പ്രാതിനിധ്യം വഹിക്കുന്ന ഒരു സ്ഥാപനമായിട്ടാണ് ഇതു തുടങ്ങിയത്. ചരക്കുകളുടെ ഗതാഗതം, ഇന്‍ഷുറന്‍സ്, വിതരണം തുടങ്ങിയ ജോലികള്‍ നിര്‍വഹിക്കുക, കമ്പനികള്‍ക്കാവശ്യമായ യന്ത്രസാമഗ്രികളെക്കുറിച്ചും അവയുടെ നിര്‍മാതാക്കളെക്കുറിച്ചും വിവരങ്ങള്‍ നല്‍കുക, ഇന്ത്യന്‍ ഉല്പന്നങ്ങള് യൂറോപ്യന്‍ കമ്പനികളുടെ ഉത്പന്നങ്ങളുമായി കൈമാറ്റം ചെയ്യുന്നതിന് സഹായിക്കുക എന്നിവയാണ് ടാറ്റാ ലിമിറ്റഡ് ഏറ്റെടുത്തിട്ടുള്ള മുഖ്യസേവനങ്ങള്‍. കൂടാതെ ധനകാര്യ സ്ഥാപനങ്ങള്‍ വഴി മൂലധനസമാഹരണം നടത്തുന്നതിന് കമ്പനികള്‍ക്ക് സാങ്കേതിക സേവനങ്ങളും നല്‍കുന്നുണ്ട്. ഇതോടൊപ്പം ഇന്ത്യന്‍ ചരക്കുകള്‍ക്ക് യൂറോപ്യന്‍ വിപണി കണ്ടെത്തുന്നതിനാവശ്യമായ സാങ്കേതിക-വിപണന ജോലികളും ടാറ്റാ ലിമിറ്റഡ് നിര്‍വഹിച്ചുവരുന്നു.
2. ടാറ്റാ സ്റ്റീല്‍. സ്വകാര്യമേഖലയിലെ ഏറ്റവും വലിയ ഉരുക്കുനിര്‍മാണ സ്ഥാപനമാണിത്. ഉരുക്കു വ്യവസായ വിപണിയുടെ 13 ശ.മാ. ഓഹരിയും നിയന്ത്രിക്കുന്നത് ടാറ്റാ സ്റ്റീലാണ്. ഉയര്‍ന്ന ഗുണനിലവാരമുള്ള ഉരുക്കുത്പന്നങ്ങളുടെ ഏറ്റും വലിയ കയറ്റുമതി സ്ഥാപനമാണിത്. ലോക ഉരുക്കു നിര്‍മാണമേഖലയിലെ കുത്തകകളായ തൈസന്‍, നിപ്പോണ്‍ സ്റ്റീല്‍, ഹിറ്റാച്ചി, ക്രൂപ്പസ്റ്റള്, ചൊസ്ദറ്റ, മക്കിള്സെ തുടങ്ങിയ കമ്പനികളുമായി ടാറ്റാ സ്റ്റീലിന് സാങ്കേതിക സഹകരണമുണ്ട്. ഒട്ടേറെ ദേശീയ-അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ ടാറ്റാ സ്റ്റീലിനു ലഭിച്ചിട്ടുണ്ട്. 'ദ് ബെറ്റ്സ് ഡിയര്‍ബോണ്‍ എന്‍വറോണ്‍മെന്റ് പാര്‍ട്ട്നര്‍ഷിപ്പ് അവാര്‍ഡ്' ', 'ദ് സി-11 എക്സിം അവാര്‍ഡ് ഫോര്‍ ബിസിനസ് എക്സലന്‍സ്-2000', 'ദ് ജെആര്‍ഡി ക്യുവി അവാര്‍ഡ് 2000 ', ഇക്കണോമിക് ടൈംസിന്റെ 'ദ് ഔട്ട്സ്റ്റാന്‍ഡിങ് കോര്‍പ്പറേറ്റ് സിറ്റിസണ്‍' അവാര്‍ഡ് എന്നിവയാണ് ഇവയില്‍ പ്രധാനം. ഇന്ത്യാഗവണ്മെന്റിന്റെ 'ദ് നാഷണല്‍ എനര്‍ജി കമ്മിഷന് അവാര്‍ഡ്' 'തുടച്ചയായി മൂന്നു വര്‍ഷം ലഭിച്ചതും ടാറ്റാ സ്റ്റീലിനായിരുന്നു.
3. ടാറ്റാ ഇന്റര്‍നാഷണല്‍ ലിമിറ്റഡ്. 1962-ല്‍ സ്ഥാപിതമായ ഈ സ്ഥാപനം ടാറ്റാ ഗ്രൂപ്പിന്റെ ആഗോളവ്യവസായവികസന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കുന്നു. ടാറ്റാ ഗ്രൂപ്പില്‍പ്പെട്ട പ്രധാന വ്യവസായ സംരംഭങ്ങളെ ആഗോളവല്ക്കരണത്തിനനുസൃതമായി പുനഃസംഘടിപ്പിക്കുകയാണ് ഈ സ്ഥാപനത്തിന്റെ മുഖ്യധര്‍മം. നൂറിലധികം രാജ്യങ്ങളിലേക്ക് ചരക്കുകള്‍ കയറ്റുമതി ചെയ്യുന്ന ഗ്രൂപ്പിലെ കമ്പനികള്‍ക്കാവശ്യമായ അസംസ്കൃതപദാര്‍ഥങ്ങളും സാങ്കേതികവിദ്യയും ഇറക്കുമതി ചെയ്യുന്നു. ടാറ്റാ ആഫ്രിക്ക, ടാറ്റാ സൌത്ത് ഈസ്റ്റ് ഏഷ്യ, ടാറ്റ (യു.എ.ഇ.) എന്നിവ ഇതിന്റെ സബ്സിഡിയറികളാണ്. ദക്ഷിണാഫ്രിക്ക, സാംബിയ, സിംബാവ്വെ, നമീബിയ, മൊസാംബിക്, ഉഗാണ്ട, താന്‍സാനിയ, ഘാന, യു.എ.ഇ., ഹോങ്കോങ്, തായ്ലണ്ട്, ബംഗ്ളാദേശ്, ഒമാന്‍, സൈപ്രസ്, റഷ്യ, ഇംഗ്ളണ്ട്, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ ഇതിന് ഓഫീസുകളുണ്ട്. ഇന്ത്യയില്‍ നിന്നുള്ള മൊത്തം കയറ്റുമതിയുടെ 1.5 ശ.മാ.-വും ഈ കമ്പനിയാണ് നിര്‍വഹിക്കുന്നത്. കൌണ്‍സില്‍ ഒഫ് ലെതര്‍ എക്സ്പോര്‍ട്ട്സ് ട്രോഫിയും നാഷ ണല്‍ പ്രൊഡക്റ്റിവിറ്റി കൌണ്‍സില്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
4. ടാറ്റാ ഇന്‍കോര്‍പ്പറേറ്റഡ്. 1945-ല്‍ സ്ഥാപിതമായ ഈ കമ്പനി അമേരിക്ക, കാനഡ, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ ടാറ്റാ ഗ്രൂപ്പിനെ പ്രതിനിധീകരിക്കുന്നു. ടാറ്റാ സ്റ്റീലിന്റെ ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നത് ഈ സ്ഥാപനമാണ്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നു.
5. ടാറ്റാ ഇന്‍ഡസ്ട്രീസ്. 1945-ല്‍ സ്ഥാപിച്ച ഈ കമ്പനിയാണ് 1970 വരെ ടാറ്റാഗ്രൂപ്പിന്റെ മാനേജിങ് ഏജന്‍സിയായി പ്രവര്‍ത്തിച്ചിരുന്നത്. ഉന്നത സാങ്കേതിക വിദ്യയുടെ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കുന്ന ഈ സ്ഥാപനമാണ് ടാറ്റാ ഗ്രൂപ്പിന്റെ വൈവിധ്യവല്ക്കരണത്തിനാവശ്യമായ ഗവേഷണ-ആസൂത്രണ ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നത്.
ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യല്‍ സയന്‍സ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സ് എന്നീ ഉന്നത ഗവേഷണ സ്ഥാപനങ്ങള്‍ ടാറ്റാഗ്രൂപ്പിന്റെ സംഭാവനയാണ്. ഊര്‍ജതന്ത്രത്തിന്റെയും ഗണിതശാസ്ത്രത്തിന്റെയും മേഖലകളില്‍ അടിസ്ഥാനഗവേഷണങ്ങള് നടത്തുന്ന ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിനെ ശാസ്ത്ര ഗവേഷണത്തിനുള്ള 'ദേശീയ കേന്ദ്ര'മായി കേന്ദ്ര ഗവണ്മെന്റ് അംഗീകരിച്ചിട്ടുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യല്‍ സയന്‍സിനെ 1964-ല്‍ 'ഡീംഡ് യൂണിവേഴ്സിറ്റി' ആയി പ്രഖ്യാപിച്ചു.
കാര്‍ഷികോപകരണങ്ങള്‍, വാഹനങ്ങള്‍, ട്രക്കുകള്‍, രാസവസ്തുക്കള്‍, സിമന്റ്, ധാന്യഎണ്ണ, ടോയ്ലറ്റ് ഉത്പന്നങ്ങള്‍, ഇന്‍ഷുറന്‍സ് തുടങ്ങിയ അസംഖ്യം മേഖലകളില്‍ പടര്‍ന്നു കിടക്കുന്ന ടാറ്റാ കമ്പനികള്‍ ഇന്ത്യയിലെ ഏറ്റവും വലിയ 10 വ്യവസായ കുത്തകകളില്‍ ഒന്നാണ്. നോ: ജാംഷഡ്ജി ടാറ്റാ