This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞന്‍പിള്ള (1853 - 1924)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:42, 29 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുഞ്ഞന്‍പിള്ള (1853 - 1924)

കുഞ്ഞന്‍പിള്ള (1853 - 1924) (ചട്ടമ്പിസ്വാമികള്‍)

കേരളത്തിലെ ഒരു ആധ്യാത്മികാചാര്യന്‍. ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍ എന്ന പേരിൽ അറിയപ്പെടുന്ന ഇദ്ദേഹത്തിന്‌ മാതാപിതാക്കള്‍ നല്‌കിയ നാമം കുഞ്ഞന്‍പിള്ള എന്നായിരുന്നു. കൊല്ലവർഷം 1029-ാമാണ്ട്‌ ചിങ്ങം 19-ന്‌ തിരുവനന്തപുരത്ത്‌ കൊല്ലൂർ (കണ്ണമ്മൂല) എന്ന സ്ഥലത്ത്‌ വാസുദേവശർമയുടെയും നങ്ങാദേവിയുടെയും മകനായി ജനിച്ചു.

ദാരിദ്യ്രംകൊണ്ട്‌ വിദ്യാഭ്യാസം നിർവഹിക്കാന്‍ വളരെ പ്രയാസപ്പെട്ടു. എന്നാൽ ബാല്യത്തിൽത്തന്നെ ഇദ്ദേഹത്തിന്‌ പഠിക്കണമെന്ന്‌ അതിരറ്റ താത്‌പര്യമുണ്ടായിരുന്നു. അന്ന്‌ കൊല്ലൂർ മഠത്തിലെ പോറ്റിയുടെ മകനെ ഒരു ശാസ്‌ത്രികള്‍ പഠിപ്പിച്ചിരുന്നു. കുഞ്ഞന്‍ ഒളിച്ചുനിന്ന്‌ ശാസ്‌ത്രികള്‍ പഠിപ്പിച്ചിരുന്നത്‌ പതിവായി ശ്രദ്ധിച്ചുപോന്നു. ഒരുദിവസം ഇത്‌ കണ്ട ശാസ്‌ത്രികള്‍ കുഞ്ഞന്‍കൂടി അടുത്തുചെന്നിരുന്നു പഠിച്ചുകൊള്ളാന്‍ അനുവദിച്ചു. അത്യധികമായ ഗ്രഹണശക്തിയും ധാരണാശക്തിയും ഉണ്ടായിരുന്ന ഈ ബാലന്‍ ശാസ്‌ത്രികളുടെ അടുത്തുനിന്ന്‌ കാവ്യങ്ങളും നാടകങ്ങളും മറ്റും അഭ്യസിച്ചു എന്നാണ്‌ അറിവ്‌. കുറച്ചുനാള്‍ പേട്ടയിൽ രാമന്‍പിള്ള ആശാന്‍ നടത്തിപ്പോന്ന വിദ്യാശാലയിൽ ചേർന്ന്‌ കുഞ്ഞന്‍ പഠിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. അവിടത്തെ "മോണിറ്റർ' എന്ന നിലയിലാണ്‌ "ചട്ടമ്പി' എന്ന പേർ ഇദ്ദേഹത്തിന്‌ സിദ്ധിച്ചത്‌; പിന്നീട്‌ അത്‌ മാറാപ്പേരായിത്തീർന്നു. അക്കാലത്ത്‌ ഇദ്ദേഹം പതിവായി രാത്രിയിൽ അടുത്തുള്ള ഒരു ഭഗവതീക്ഷേത്രത്തിൽ ചെന്ന്‌ വിഗ്രഹത്തെ ആലിംഗനം ചെയ്‌തുകൊണ്ട്‌ വളരെനേരം കഴിച്ചുകൂട്ടാറുണ്ടായിരുന്നു എന്നു പറയപ്പെടുന്നു. ഇങ്ങനെ ബാല്യത്തിൽത്തന്നെ കുഞ്ഞനിൽ ഭക്തിയും ഈശ്വരോപാസനയും വളർന്നുവന്നു. സാഹിത്യം, സംഗീതം, ജ്യോതിശ്ശാസ്‌ത്രം, ചിത്രമെഴുത്ത്‌, വീണാവാദനം, വൈദ്യശാസ്‌ത്രം, മന്ത്രശാസ്‌ത്രം എന്നിവയിലെല്ലാം ഇദ്ദേഹത്തിന്‌ അസാമാന്യമായ അവഗാഹമുണ്ടായിരുന്നു. സാഹിത്യത്തിൽ ഇദ്ദേഹത്തിനു സിദ്ധിച്ചിരുന്ന നൈപുണ്യം മഹാപണ്ഡിതന്മാർക്കുപോലും അദ്‌ഭുതമുളവാക്കിയിട്ടുണ്ട്‌. യോഗവിദ്യയിലും വേദാന്തശാസ്‌ത്രത്തിലും ഇദ്ദേഹം നേടിയ പാണ്ഡിത്യം കേരളത്തിന്റെ ആധ്യാത്മിക പാരമ്പര്യത്തിന്‌ ശോഭ ചേർക്കുന്ന പ്രകാരത്തിലുള്ളതായിരുന്നു. 1068-ൽ കേരളം സന്ദർശിച്ച സ്വാമി വിവേകാനന്ദന്‍ ചിന്മുദ്രയുടെ രഹസ്യം ചോദിച്ചപ്പോള്‍ പ്രമാണസഹിതം മറുപടി നല്‌കി സ്വാമികള്‍ തന്റെ പാണ്ഡിത്യം പ്രകടിപ്പിച്ചതു സ്‌മരണീയമാണ്‌. ഓരോ വിദ്യയും വശപ്പെടുത്തിയത്‌ പ്രത്യേകം ഗുരുക്കന്മാരിൽനിന്നായിരുന്നോ എന്നു വ്യക്തമല്ല. ഉപജീവനത്തിനായി ആധാരമെഴുതുന്ന ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം കുറച്ചുകാലം തിരുവിതാംകൂർ സർക്കാർ സർവീസിൽ കണക്കപ്പിള്ളയായും ജോലിചെയ്‌തു. ഒരിക്കൽ അവധിക്കപേക്ഷിച്ചത്‌ അനുവദിക്കാത്തതുകൊണ്ട്‌ ഉദ്യോഗം രാജിവച്ചു. ഒരു തരത്തിലുള്ള പാരതന്ത്യ്രവും ഇദ്ദേഹം ഇഷ്‌ടപ്പെട്ടില്ല.

പിന്നെ കുറേ നാളത്തേക്ക്‌ ഇദ്ദേഹത്തിന്റെ ചരിത്രം വ്യക്തമല്ല. വീടുവിട്ട്‌ തീർഥയാത്രയായി സഞ്ചാരം തുടങ്ങി. അവിവാഹിതനായിരുന്നതുകൊണ്ട്‌ കുടുംബസംബന്ധമായ ബാധ്യതകളൊന്നും ഇല്ലായിരുന്നു. കുറച്ചുകാലം മരുത്വാമലയിൽപ്പോയി തപസ്സുചെയ്‌തു. ദക്ഷിണഭാരതത്തിലെ പല പുണ്യസ്ഥലങ്ങളിലും തീർഥാടനം നടത്തി. ഈ യാത്രകളിൽ ഇദ്ദേഹം അനേകം വിദ്വാന്മാരെ പരിചയപ്പെടുകയും അവരിൽനിന്ന്‌ പല വിദ്യകള്‍ പഠിക്കുകയും ചെയ്‌തു. ഇദ്ദേഹം യോഗാഭ്യാസം നല്ലപോലെ പരിശീലിച്ചു; പല വിഷയങ്ങളിലും വിജ്ഞാനം സമ്പാദിക്കാനും അതു വികസിപ്പിക്കാനും ശ്രദ്ധിച്ചു. ഒന്നിനോടും പ്രത്യേക പ്രതിപത്തി പ്രദർശിപ്പിക്കാതെ ചരാചരങ്ങളായ എല്ലാറ്റിനെയും ഒന്നുപോലെ സ്‌നേഹിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു.

പലപ്പോഴും വൃക്ഷച്ചുവടുകളിൽ വിശ്രമിക്കുമ്പോള്‍ പക്ഷികള്‍ ഇദ്ദേഹത്തിന്റെ തോളിലും കൈകളിലും ഇരിക്കാറുണ്ടായിരുന്നുവെന്നും പാമ്പു കടിച്ചിട്ടും സ്വാമികള്‍ക്ക്‌ വിഷബാധ ഏറ്റിരുന്നില്ലെന്നുമുള്ള ഐതിഹ്യങ്ങളുണ്ട്‌. ഇദ്ദേഹത്തിന്‌ യോഗവിദ്യ ഉപദേശിച്ചത്‌ ആരാണെന്ന്‌ സൂക്ഷ്‌മമായി അറിയുന്നില്ല. തിരുവനന്തപുരത്ത്‌ തൈക്കാട്‌ അയ്യാവു എന്ന ഒരു യോഗോപദേഷ്‌ടാവിൽനിന്നാണ്‌ ഇദ്ദേഹത്തിന്‌ യോഗവിദ്യ അഭ്യസിക്കാന്‍ കഴിഞ്ഞത്‌ എന്നുപറഞ്ഞുപോരുന്നു. മറ്റു കാര്യങ്ങളിലെന്നപോലെ സന്ന്യാസത്തിലും ഇദ്ദേഹം വിശേഷിച്ചൊരു ഗുരുവിനെയും ആശ്രയിച്ചിട്ടില്ലെന്നു തോന്നുന്നു. പരിചയപ്പെടാനിടവന്നിട്ടുള്ള വിദ്വാന്മാരിൽനിന്നും സന്ന്യാസിമാരിൽനിന്നും പല ഉപദേശങ്ങളും സ്വീകരിക്കാന്‍ ഇദ്ദേഹത്തിനു സാധിച്ചു. സന്ന്യാസി എന്ന നിലയ്‌ക്ക്‌ സ്വാമി ഷണ്‍മുഖദാസന്‍ എന്ന പേരായിരുന്നു സ്വീകരിച്ചിരുന്നത്‌. ഇന്നവേഷം വേണമെന്നോ ഇന്ന വിധത്തിലേ ജീവിക്കാവൂ എന്നോ സ്വാമിക്ക്‌ നിർബന്ധമുണ്ടായിരുന്നില്ല. ലളിതമായ ജീവിതത്തിലായിരുന്നു ഇദ്ദേഹത്തിന്‌ പ്രതിപത്തി. ശുചിത്വമുള്ള ഏതു സ്ഥലത്തുനിന്നും ഇദ്ദേഹം ആഹാരം കഴിക്കാറുണ്ടായിരുന്നു. ജാതിവ്യത്യാസം വകവയ്‌ക്കാതെ എല്ലാവരെയും സമഭാവനയോടെ വീക്ഷിക്കാനുള്ള മനഃസ്ഥിതി ഇദ്ദേഹത്തിനുണ്ടായിരുന്നു.

മലയാളത്തിനു പുറമേ സംസ്‌കൃതം, തമിഴ്‌ എന്നീ രണ്ടു ഭാഷകളിലും നിഷ്‌കൃഷ്‌ടമായ പാണ്ഡിത്യം നേടിയിരുന്നു. ചിന്താശീലനും ഗവേഷകനും ആയിരുന്ന ഇദ്ദേഹം പല ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്‌. പ്രാചീന മലയാളം, വേദാധികാരനിരൂപണം, അദ്വൈതചിന്താപദ്ധതി, ചിദാകാശലയം, വേദാന്തസാരം മുതലായവയാണ്‌ ഇദ്ദേഹത്തിന്റെ പ്രധാനകൃതികള്‍. സ്വാമികളുടെ ഒട്ടേറെ ഗ്രന്ഥങ്ങള്‍ നശിച്ചുപോയിട്ടുണ്ട്‌. പ്രാചീനമലയാളം സ്വാമികളുടെ ചരിത്രജ്ഞാനത്തെയും ദ്രാവിഡ സാഹിത്യത്തിലുള്ള പാണ്ഡിത്യത്തെയും ഗവേഷണ സാമർഥ്യത്തെയും വ്യക്തമാക്കുന്നു. അതുപോലെതന്നെ വേദാധികാരനിരൂപണം അത്യന്തം ശ്രദ്ധേയമായ ഒരു ഗ്രന്ഥമാണ്‌. അക്കാലത്ത്‌ ബ്രാഹ്മണരൊഴിച്ചുള്ളവർക്ക്‌ വേദം പഠിച്ചുകൂടാ എന്ന ചിന്ത നിലനിന്നപ്പോള്‍ സർവജനങ്ങള്‍ക്കും വേദാധികാരമുണ്ട്‌ എന്ന്‌ സധൈര്യം ഇദ്ദേഹം വെട്ടിത്തുറന്നു പറഞ്ഞു. യുക്തിവാദത്തിൽ സ്വാമിക്കുണ്ടായിരുന്ന സാമർഥ്യം അപ്രതിമമായിരുന്നു. ഏതു വിഷയത്തെപ്പറ്റിയും സ്വതന്ത്രമായി ചിന്തിക്കാന്‍ ഇദ്ദേഹത്തിന്‌ കഴിയുമായിരുന്നു.

സമുദായപരിഷ്‌കരണം, വേദാന്തം, ശാസ്‌ത്രങ്ങള്‍, സ്‌ത്രീപുരുഷബന്ധം, സാഹിത്യാദികലകള്‍, ജന്തുസ്‌നേഹം, യോഗവിദ്യ എന്നിവയായിരുന്നു ഇദ്ദേഹത്തിനു കൂടുതൽ പ്രിയമുള്ള വിഷയങ്ങള്‍. മലയാളത്തിൽ ഗവേഷണത്തിന്റെ ആദിരൂപങ്ങള്‍ കാണിച്ചത്‌ ഇദ്ദേഹമായിരുന്നു. സന്ന്യാസി ആയാൽ കാവിമുണ്ടുടുക്കണമെന്നും നാട്ടിൽനിന്ന്‌ ഒഴിഞ്ഞിരിക്കണമെന്നും സാധാരണ ജനങ്ങളോട്‌ അടുത്തു പെരുമാറരുതെന്നും ഉള്ള പൊതുധാരണയ്‌ക്കു നേരെ വിപരീതമായിരുന്നു സ്വാമിയുടെ ജീവിതചര്യ. ഇദ്ദേഹം അധികം സമയവും ഗൃഹസ്ഥശിഷ്യന്മാരുടെ വീടുകളിലാണ്‌ കഴിച്ചത്‌. ജനങ്ങള്‍ക്കു വിജ്ഞാനം വിതരണം ചെയ്യാനായി ഇദ്ദേഹം ജീവിച്ചു. സമഭാവനയും ലോകസ്‌നേഹവുമാണ്‌ സന്ന്യാസത്തിന്റെ മുഖ്യലക്ഷണമെന്ന്‌ ഇദ്ദേഹം തെളിയിച്ചു. ഗൃഹസ്ഥശിഷ്യന്മാരിൽ സർവപ്രധാനനാണ്‌ കുമ്പളത്തു ശങ്കുപ്പിള്ള. നീലകണ്‌ഠതീർഥപാദർ, തീർഥപാദ പരമഹംസസ്വാമികള്‍ തുടങ്ങിയവരായിരുന്നു സന്ന്യാസിശിഷ്യരിൽ പ്രമുഖന്മാർ. വെളുത്തേരി കേശവന്‍ വൈദ്യർ, പെരുന്നെല്ലി കൃഷ്‌ണന്‍ വൈദ്യർ തുടങ്ങി സമകാലികമായ നിരവധി ആളുകള്‍ സ്വാമികളുടെ അന്തേവാസികളും ആരാധകരുമായുണ്ടായിരുന്നു. സ്വാമികളുടെ ജീവിതകാലത്തുതന്നെ ഇദ്ദേഹത്തിന്റെ മഹത്ത്വം എല്ലാവരും അംഗീകരിച്ചുകഴിഞ്ഞിരുന്നു. ഇദ്ദേഹത്തിന്റെ 55-ാമത്തെ വയസ്സിൽ കവിദീപന്‍ എന്ന ബിരുദനാമമുള്ള ആറന്മുള എം.കെ. നാരായണപിള്ള എഴുതിയ ബാലാഹ്വസ്വാമി ചരണാഭരണം എന്ന സംസ്‌കൃതപ്രശസ്‌തികാവ്യം ഇതിനൊന്നാമത്തെ തെളിവാണ്‌. വേറൊന്നാണ്‌ ഇദ്ദേഹത്തിന്റെ ഷഷ്‌ടിപൂർത്തി സംബന്ധമായി അന്നത്തെ പല മഹാന്മാരും അർപ്പിച്ച ഉപഹാരപുഷ്‌പങ്ങള്‍. മഹാകവി ഉള്ളൂരിന്റെ ശ്ലോകം അനുസ്‌മരണീയമാണ്‌.

""പ്രത്യങ്‌മുഖർക്ക്‌ പരിചിൽ പരിചിത്‌സ്വരൂപം
പ്രത്യക്ഷമാക്കിന വിഭോ, പരിപക്വഹൃത്തേ
പ്രത്യക്ഷ ശങ്കര, ഭവാന്റെ ചരിത്രമാർക്കും
പ്രത്യക്ഷരം പരമപാവനമായ്‌ വിളങ്ങും.''
 

ചട്ടമ്പിസ്വാമികള്‍ 1099 മേടം 23-ന്‌ പന്മന സി.പി. സ്‌മാരക വായനശാലയിൽ വച്ച്‌ അന്തരിച്ചു. ഇദ്ദേഹത്തിന്റെ സമാധിസ്ഥാനമായ പന്മനയിൽ (ചവറ) വിദ്യാധിരാജ സ്‌മരകം നിലകൊള്ളുന്നു.

(ശൂരനാട്ടു കുഞ്ഞന്‍പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍