This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഒട്ടിക്കൽ, സസ്യങ്ങളിൽ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഒട്ടിക്കൽ, സസ്യങ്ങളിൽ == ഒരു ചെടിയുടെ മുകുളമോ ചെറുശാഖയോ അതേ ...)
അടുത്ത വ്യത്യാസം →
05:59, 15 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഒട്ടിക്കൽ, സസ്യങ്ങളിൽ
ഒരു ചെടിയുടെ മുകുളമോ ചെറുശാഖയോ അതേ സ്‌പീഷീസിലെയോ വളരെയധികം സാമ്യമുള്ള മറ്റൊരു സ്‌പീഷീസിലെയോ ചെടിയിൽ ശാസ്‌ത്രീയമായി ഒട്ടിച്ച് വളർത്തിയെടുക്കുന്ന പ്രവർധനരീതി. ഒട്ടിച്ചുവയ്‌ക്കുന്ന സസ്യഭാഗത്തെ ഒട്ടുകമ്പ് അഥവാ "ഒട്ടുമുള' (scion) എന്നും ഏതു ചെടിയിലാണോ ഒട്ടിക്കുന്നത് അതിനെ "മൂലകാണ്ഡം' (stock) എന്നും പറയുന്നു. നല്ല പുഷ്‌ടിയോടെ വളരുന്ന വേരുപടലവും രോഗപ്രതിരോധ ശക്തിയുമുള്ള ചെടികളെയായിരിക്കണം മൂലകാണ്ഡമായി തിരഞ്ഞെടുക്കേണ്ടത്. പുതുതായി ഉണ്ടാകുന്ന ചെടിക്ക് ആവശ്യമായ ജലവും ലവണങ്ങളും മൂലകാണ്ഡമായി ഉപയോഗപ്പെടുത്തുന്ന സസ്യം നല്‌കുന്നു. സ്വാഭാവികമായ എല്ലാ ഗുണവിശേഷങ്ങളും നിലനിർത്തിക്കൊണ്ട് മൂലകാണ്ഡവുമായി താദാത്മ്യം പ്രാപിച്ച് ഒട്ടുകമ്പ് വളരുന്നു. ഒട്ടുകമ്പ് തിരഞ്ഞെടുത്ത മാതൃസസ്യത്തിന്റെ എല്ലാ സ്വഭാവങ്ങളും പുതിയ ചെടി (ഒട്ടുചെടി) പ്രകടമാക്കും. മാവ്, പേര, സപ്പോട്ട, ആപ്പിള്‍, ഓറഞ്ച് മുതലായ ഫലവൃക്ഷങ്ങളുടെയും അലങ്കാരച്ചെടികളുടെയും പ്രവർധനത്തിനാണ് ഒട്ടിക്കൽ സാധാരണയായി പ്രായോഗികമാക്കുന്നത്. ചില സസ്യങ്ങള്‍ വിത്തുത്‌പാദിപ്പിക്കുകയില്ല; മറ്റു ചിലവയിലാകട്ടെ വിത്തുകള്‍ ശരിയായ രീതിയിൽ മുളയ്‌ക്കുകയുമില്ല. മുളച്ചാൽത്തന്നെ മാതൃസസ്യത്തിന്റെ അഭികാമ്യമായ സ്വഭാവഗുണങ്ങള്‍ പ്രകടമാക്കിയില്ലെന്നും വരും; സ്വഭാവഗുണങ്ങളിൽ വൈജാത്യം പ്രദർശിപ്പിക്കുകയും സാധാരണമാണ്. ഇത്തരം സന്ദർഭങ്ങളിൽ ഒട്ടിക്കൽ രീതി അവലംബിച്ച് മാതൃവൃക്ഷത്തിനു പരമ്പരാഗതമായി സിദ്ധിച്ചിട്ടുള്ള സ്വഭാവവിശേഷങ്ങള്‍ സന്തതികളിലേക്ക് മുഴുവനായി പകരാന്‍ കഴിയും. ഒട്ടിക്കലിലൂടെയല്ലാതെ മറ്റൊരു രീതിയിലൂടെയും ശരിയായ പ്രവർധനം സാധ്യമാകാത്ത സസ്യങ്ങളുണ്ട്. മേൽത്തരം ഗുണങ്ങളുള്ള പലയിനങ്ങളും അനുകൂലമല്ലാത്ത മണ്ണിലും കാലാവസ്ഥയിലും വളരാനും രോഗബാധയെ ചെറുത്തുനില്‌ക്കാനും കഴിവില്ലാത്തവയായിരിക്കും. ഈ ഗുണങ്ങളെല്ലാം ആർജിച്ചിട്ടുള്ള ഒരു മൂലകാണ്ഡത്തിൽ ഒട്ടിച്ച് അഭിലഷണീയ സ്വഭാവങ്ങളുള്ള ഇനത്തിന്റെ വളർച്ച പ്രതികൂലസാഹചര്യങ്ങളിലും സാധ്യമാക്കാം. പതിവിലും നേരത്തേ കൂടുതൽ വിളവ് ലഭ്യമാക്കുക, കുറിയ(dwarf) ഇനങ്ങള്‍ സൃഷ്‌ടിക്കുക, ആണ്‍പെണ്‍ സസ്യങ്ങള്‍ വെണ്ണേറെയുള്ള ചെടികളിൽ പരാഗണം സാധ്യമാക്കുക, ഒരേചെടിയിൽ പല വലുപ്പത്തിലും നിറത്തിലുമുള്ള പൂക്കള്‍ ഉത്‌പാദിപ്പിക്കുക, ക്ഷതമേറ്റ വൃക്ഷഭാഗങ്ങളുടെ കേടുപാടുകള്‍ തീർക്കുക എന്നിവയാണ് സസ്യങ്ങളിൽ ഒട്ടുവയ്‌ക്കൽകൊണ്ടു സാധിക്കാവുന്ന ഇതരലക്ഷ്യങ്ങള്‍. ഒട്ടിക്കലിനെക്കുറിച്ചുള്ള ആദ്യപാഠം മനുഷ്യന്‍ പ്രകൃതിയിൽ നിന്നാണ് പഠിച്ചതെന്ന് പ്രസിദ്ധ റോമന്‍ പ്രകൃതി ശാസ്‌ത്രജ്ഞനായിരുന്ന പ്ലിനി (എ.ഡി. 23-79) അഭിപ്രായപ്പെടുന്നു. വൃക്ഷങ്ങളുടെ വിള്ളലുകളിൽ മറ്റു ചെടികളുടെ വിത്തുകള്‍ വീണുമുളച്ച്, അതേ വൃക്ഷത്തിന്റെ ഭാഗമെന്നതുപോലെ വളരുന്ന കാഴ്‌ചയായിരിക്കണം ഒട്ടിക്കലിലേക്കു ശ്രദ്ധിക്കുവാനുള്ള പ്രചോദനം മനുഷ്യനു നല്‌കിയത്. മുന്‍കരുതലുകളെക്കുറിച്ചും പ്ലിനിയുടെ ഗ്രന്ഥങ്ങളിൽ നിരവധി പരാമർശങ്ങള്‍ കാണാം. റോബർട്ട് ഷാരോക്ക് (Robert Sharrock, History of the Propagation and Improvement of Vegetables) 1672-ലും തൂയിന്‍ (Thouin, Monographie des Greffes)1821-ലും പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളിൽ ഒട്ടിക്കൽ രീതികളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ഒട്ടിക്കാന്‍ തിരഞ്ഞെടുക്കുന്ന സസ്യങ്ങള്‍ തമ്മിൽ ബാഹ്യരൂപത്തിലും ശരീരധർമപരമായും പൊരുത്തമുണ്ടായിരിക്കണം. സ്‌പീഷീസുകള്‍ തമ്മിൽ മിക്കപ്പോഴും വിജയപ്രദമായി ഒട്ടുവയ്‌ക്കാം. രണ്ടു ജീനസ്സിലുള്ള ചെടികളെ തമ്മിലും ചിലപ്പോഴെല്ലാം വിജയകരമായി ഒട്ടിക്കാറുണ്ട് (ഉദാ. കാക്‌റ്റസുകള്‍). ഒട്ടിച്ച ഭാഗങ്ങള്‍ തമ്മിൽ യോജിക്കുന്നത് മൂലകാണ്ഡത്തിൽനിന്നും ഒട്ടുമുളയിൽനിന്നും രൂപംപ്രാപിക്കുന്ന പുതിയ കോശങ്ങള്‍ തമ്മിൽ ചേർന്നാണ്. വേർതിരിച്ചറിയാന്‍ കഴിയാത്തവിധം അവ തമ്മിൽ ചേർന്നിരിക്കും. എന്നാൽ കോശങ്ങള്‍ പരസ്‌പരം സംയോജിക്കുന്നില്ല. വളർച്ചയുണ്ടാകുന്നതിന് ഒട്ടുമുളയുടെയും മൂലകാണ്ഡത്തിന്റെയും കാംബിയം (cambium)തമ്മിൽ ബന്ധമുണ്ടായിരിക്കണം. ഒട്ടിക്കലിന്റെ വിജയസാധ്യത മൂലകാണ്ഡവും ഒട്ടുമുളയും തമ്മിലുള്ള ചേർച്ച, കാംബിയങ്ങള്‍ തമ്മിലുള്ള അടുപ്പം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഏതു ചെടിയുടെ പ്രവർധനമാണോ ഉദ്ദേശിക്കുന്നത് ആ ചെടിയിൽനിന്നു ചെറിയ കമ്പുകളോ മുകുളങ്ങളോ തിരഞ്ഞെടുക്കുന്നു. നല്ല ആരോഗ്യമുള്ളതും തക്ക പ്രായമെത്തിയതുമായ ചെടിയെയാണ് മൂലകാണ്ഡമായി സ്വീകരിക്കേണ്ടത്. ഇതിനായി പ്രത്യേകം തടങ്ങളിൽ വിത്തുപാകിയോ കമ്പു നട്ടോ തൈകള്‍ വളർത്തിയെടുക്കുന്നു; പിന്നീട് തടങ്ങളിൽനിന്നു ചട്ടികളിലേക്ക് പിഴുതുമാറ്റുന്നു. ഒരു ചെറുശിഖരം മൂലകാണ്ഡത്തിൽ ഒട്ടിച്ചുചേർക്കുന്നതിനെ ശിഖരം ഒട്ടിക്കൽ (grafting)എന്നും ഒരു മുകുളം ഒട്ടിച്ചുചേർക്കുന്നതിനെ മുകുളനം(budding) എന്നും പറയുന്നു.
I. ശിഖരം ഒട്ടിക്കൽ (Grafting) പ്രവർധനം നടത്തേണ്ട ചെടിയുടെ ഒരു ചെറിയ ശിഖരം മൂലകാണ്ഡത്തിൽ ചേർത്ത് ഒട്ടിക്കുന്ന രീതിയാണിത്. ശിഖരം ഒട്ടിക്കൽ വിവിധ മാതൃകകളിലുണ്ട്. 1. കമാനരീതിയിലുള്ള ഒട്ടിക്കൽ(Inarching grafting).മാവ്, പേര, സപ്പോട്ട മുതലായ ഫലവൃക്ഷങ്ങളിൽ സർവസാധാരണമായി അനുവർത്തിച്ചുപോരുന്ന രീതിയാണിത്. ചട്ടിയിൽ വളരുന്ന മൂലകാണ്ഡച്ചെടിയുടെ തണ്ടിനെ, മറ്റൊരു ചെടിയുടെ ഒട്ടുകമ്പായി തിരഞ്ഞെടുത്ത ചില്ലയോട് ചേർത്തുകെട്ടുന്നു. കെട്ടുന്നതിനു മുമ്പായി അവ തമ്മിൽ ചേരുന്ന ഭാഗത്തെ പുറന്തൊലി ചെറുതായി ചെത്തിക്കളയുന്നു. രണ്ടോ മൂന്നോ മാസം കഴിഞ്ഞ്, ചേർത്തുവച്ച കാണ്ഡങ്ങള്‍ തമ്മിൽ നന്നായി ഒട്ടിപ്പിടിച്ചുകഴിയുമ്പോള്‍ മൂലകാണ്ഡമായി ഉപയോഗിക്കുന്ന ചെടിയെ സന്ധിഭാഗത്തിനുമുകളിൽ വച്ചും ഒട്ടുകമ്പിനെ സന്ധിഭാഗത്തിനു താഴെവച്ചും മുറിച്ചുമാറ്റണം. ഒട്ടുകമ്പ് മൂലകാണ്ഡത്തിന്റെ ഭാഗമായിത്തീരുന്നു. ഇപ്രകാരം രൂപംകൊണ്ട പുതിയ സസ്യം ഒട്ടുകമ്പ് തിരഞ്ഞെടുക്കുന്ന മാതൃവൃക്ഷത്തിന്റെ എല്ലാ സ്വഭാവഗുണങ്ങളും പ്രകടിപ്പിക്കും.
2. ഏച്ചൊട്ടിക്കൽ (Splice grafting).ഒട്ടുകമ്പ്, മാതൃവൃക്ഷത്തിൽനിന്നു മുറിച്ചെടുക്കുന്നു. ഒട്ടുകമ്പിനും മൂലകാണ്ഡത്തിനും ഏകദേശം ഒരേ വ്യാസമുണ്ടായിരിക്കണം. ഒട്ടുകമ്പിന്റെ ചുവട്ടിൽ 5 സെ.മീ. നീളത്തിൽ ഒരു ചരിഞ്ഞ മുറിവുണ്ടാക്കുന്നു. മൂലകാണ്ഡമായി ഉപയോഗിക്കുന്ന സസ്യത്തിന്റെ മുകള്‍ഭാഗം മുറിച്ചുമാറ്റിയിട്ട് ഇതേ ആകൃതിയിലുള്ള ഒരു മുറിവുണ്ടാക്കണം. മുറിവുകളെ പരസ്‌പരം യോജിപ്പിച്ച് ചരടുകൊണ്ട് ബലമായി കെട്ടുന്നു. ഒട്ടിച്ചഭാഗം ഒട്ടുമെഴുകുകൊണ്ട് നന്നായി പൊതിയണം. രണ്ടു മൂന്നു മാസംകൊണ്ട് സംയോജനം പൂർണമാവുന്നതോടെ പുതിയ തൈ വേർപെടുത്താം.
3. നാവാകൃതിയിലുള്ള ഒട്ടിക്കൽ (Tongue grafting or Whip grafting)ഇത് ഏച്ചൊട്ടിക്കലിന്റെ മറ്റൊരുരൂപമാണ്. സു. രണ്ടു സെ.മീ. വ്യാസമുള്ള മൂലകാണ്ഡം തറനിരപ്പിൽനിന്നു കുറച്ചുമുകളിൽവച്ചു മുറിക്കണം. ഈ ഭാഗത്തെ ഏകദേശം അഞ്ചു സെ.മീ. നീളത്തിൽ ചരിച്ചുവെട്ടുന്നു. ഇപ്രകാരം മുറിച്ചഭാഗത്ത് നെടുകെ ഒരു ചെറിയ വിള്ളലുണ്ടാക്കണം. തുല്യവണ്ണത്തിലുള്ള ഒട്ടുകമ്പിന്റെ ചരിച്ചുമുറിച്ച അഗ്രഭാഗത്ത് ഈ വിള്ളലിൽ ക്രമമായി ചേർന്നിരിക്കത്തക്കവണ്ണം നാവിന്റെ ആകൃതിയിലുള്ള മുറിവുണ്ടാക്കി കൃത്യമായി ചേർത്തുവച്ച് ബലമായി കെട്ടുന്നു. പുറമേ ഒട്ടുമെഴുക് പുരട്ടണം. മൂലവൃക്ഷത്തിലെ മുകുളങ്ങളെല്ലാം വേർപെടുത്തേണ്ടതാണ്.
4. ആപ്പൊട്ടിക്കൽ (Wedge grafting).. ഒട്ടുകമ്പിന്റെ അഗ്രഭാഗം രണ്ടുവശത്തുനിന്നും ചെത്തി "V' ആകൃതിയിലാക്കുക. മൂലകാണ്ഡത്തിൽ "V' ആകൃതിയിലുള്ള മുറിവുണ്ടാക്കി ഒട്ടുകമ്പ് അതിൽ ഉറപ്പിച്ചുവച്ചു കെട്ടുന്നു. പിന്നീട് ഒട്ടുമെഴുകുകൊണ്ട് പൊതിയുന്നു. മൂലകാണ്ഡച്ചെടിയുടെ തടി വലുതാണെങ്കിൽ വശങ്ങളിൽ ചെറിയ മുറിവുണ്ടാക്കി ആപ്പിന്റെ ആകൃതിയിൽ അഗ്രം മുറിച്ചെടുത്ത കമ്പുകള്‍ തിരുകിവച്ച് ഒട്ടിച്ചെടുക്കുന്നു.
5. വിനീർ ഒട്ടുവയ്‌ക്കൽ (Veener grafting). ഗ്ലാസ്‌ഹൗസുകളിൽ വളർത്തപ്പെടുന്ന അലങ്കാരച്ചെടികളിലാണ് ഈ രീതി പ്രായോഗികമാക്കുന്നത്. മിക്കപ്പോഴും മൂലകാണ്ഡത്തിന്റെ അഗ്രം മുറിച്ചുമാറ്റുന്നില്ല. ഒട്ടുകമ്പിന്റെ അഗ്രം ചരിച്ചുമുറിച്ച് മൂലകാണ്ഡത്തിന്റെ ഒരുവശത്ത് ഒരു മുറിവുണ്ടാക്കി വച്ചുകെട്ടുന്നു. വിനീർ ഒട്ടിക്കലിന്റെ ഒരു രീതിയെ "വശത്തൊട്ടിക്കൽ' (Side grafting) എന്നുപറയുന്നു. മൂലകാണ്ഡത്തിന്റെ അഗ്രം മുറിച്ചുമാറ്റാത്തതുകൊണ്ട് ഒട്ടിക്കൽ പരാജയപ്പെട്ടാലും മൂലകാണ്ഡം കേടുകൂടാതെ നിലനിൽക്കും. ഗ്ലാസ്‌ഹൗസിനുള്ളിലാണെങ്കിൽ മുറിവുകളെ മോസ് (moss)കൊണ്ട് പൊതിഞ്ഞുകെട്ടുന്നു. വെളിയിൽ സൂക്ഷിക്കുമ്പോള്‍ ഒട്ടുമെഴുകു പുരട്ടി ഭദ്രമാക്കുന്നു. ഓഷധികളിലും കട്ടിയുള്ള കാണ്ഡത്തോടുകൂടിയ സസ്യങ്ങളിലും ഈ രീതി അനുവർത്തിക്കാം.
6. മകുടരീതിയിലുള്ള ഒട്ടിക്കൽ (Crown grafting). പ്രായവും വലിപ്പവും കൂടിയ കാണ്ഡങ്ങളിലാണ് ഈ രീതിയിൽ ഒട്ടിക്കുന്നത്. കാണ്ഡം ഏകദേശം 20-25 സെ.മീ. ഉയരത്തിൽവച്ചു മുറിക്കണം. മുറിവിന്റെ വശങ്ങളിൽനിന്നും തൊലി അല്‌പം വേർപെടുത്തുന്നു. ഒട്ടുകമ്പ് മൂലകാണ്ഡത്തെ അപേക്ഷിച്ച് വളരെ ചെറുതായിരിക്കും. ചുവട് ചരിച്ചുവെട്ടി, തൊലിയിലുണ്ടാക്കിയ വിള്ളലിൽ കടത്തിവച്ച് ബലമായി കെട്ടുന്നു. സന്ധിഭാഗത്ത് മെഴുക് പുരട്ടേണ്ടതാണ്. ആപ്പിള്‍, പിയർ മുതലായ വൃക്ഷങ്ങളുടെ കാണ്ഡം മുറിഞ്ഞുപോകാനിടയായാൽ ആ ഭാഗത്തുവച്ചു മുറിച്ചുകളഞ്ഞശേഷം ഇപ്രകാരം ചെറുശാഖകളുപയോഗിച്ച് ഒട്ടിക്കുന്നു.
7. വിള്ളലുണ്ടാക്കി ഒട്ടിക്കൽ (Cleft grafting) വണ്ണമുള്ള മൂലകാണ്ഡത്തെ മധ്യത്തിലൂടെ നെടുകെ അല്‌പം മുറിച്ചുണ്ടാക്കുന്ന വിള്ളലിന്റെ രണ്ടുവശത്തും കാംബിയങ്ങള്‍ പരസ്‌പരം ചേർന്നിരിക്കത്തക്കവിധം, ചുവടു ചരിച്ചുവെട്ടിയ ഒട്ടുകമ്പ് തിരുകിവച്ച് കെട്ടി ഉറപ്പിക്കുന്നതാണ് വിള്ളലുണ്ടാക്കി ഒട്ടിക്കൽ.
8. പാലം ഒട്ടിക്കൽ (Bridge grafting) വൃക്ഷങ്ങളുടെ കേടുവന്ന തായ്‌ത്തടിയെ രക്ഷിക്കാന്‍വേണ്ടി ഒട്ടുകമ്പിന്റെ രണ്ടഗ്രവും മൂലകാണ്ഡത്തിൽ കടത്തിവയ്‌ക്കുന്ന രീതി. കേടുവന്നഭാഗത്തിനു മുകളിലും താഴെയുമായി ഓരോ മുറിവുകള്‍ ഉണ്ടാക്കി അവയിൽ ഒട്ടുകമ്പുകളുടെ അഗ്രം കടത്തിവച്ച് ഒട്ടിക്കുന്നു. ഈ രീതിയിൽ കേടുവന്ന തടിക്കുചുറ്റും നാലോ അഞ്ചോ ഒട്ടുകമ്പുകള്‍ ഒട്ടിച്ചുചേർക്കുന്നു.
9. വേരിലൊട്ടിക്കൽ (Root grafting).ചില സന്ദർഭങ്ങളിൽ ഒട്ടിക്കൽ, മുകുളനം തുടങ്ങിയ പ്രക്രിയകളിൽ ഒട്ടുമരത്തിന്റെ സ്വഭാവങ്ങളെ മൂലകാണ്ഡത്തിന്റെ വേരുഭാഗവും തടിഭാഗവും സ്വാധീനിക്കാറുണ്ട്. ഇവ രണ്ടിന്റെയും വെണ്ണേറെയുള്ള പങ്ക് എന്താണെന്ന് വ്യക്തമായി നിർണയിക്കാന്‍ കഴിഞ്ഞിട്ടില്ല. തടിഭാഗത്തിന്റെ വലുപ്പമനുസരിച്ച് അത് ഒട്ടുകമ്പിൽ ചെലുത്തുന്ന പ്രഭാവത്തിനും ഏറ്റക്കുറച്ചിലുകള്‍ ഉള്ളതായി കണ്ടിട്ടുണ്ട്. തടിഭാഗത്തിന്റെ പ്രരണ ഇല്ലാതാക്കാന്‍ ആപ്പിള്‍, പിയർ, മുന്തിരിച്ചെടി മുതലായവയിൽ വേരിലൊട്ടിക്കുന്ന സമ്പ്രദായം നിലവിലുണ്ട്.
ഒരു വർഷം പ്രായമായ മൂലകാണ്ഡത്തൈകള്‍ വേരുഭാഗത്തെ മണ്ണിളക്കാതെ പറിച്ചെടുത്ത് ചട്ടിയിൽ ഒരരികിലായി നടുന്നു. തൈ നടുന്നിടത്തുനിന്ന് "ഢ' ആകൃതിയിൽ 2.5 സെ.മീ. വീതിയും അഞ്ചു സെ.മീ. നീളവുമുള്ള ഒരു കഷണം ചട്ടിയിൽനിന്നു പൊട്ടിച്ചുകളഞ്ഞ് ഒരു "കൊത'യുണ്ടാക്കുന്നു. ഏകദേശം 75 സെ.മീ. നീളത്തിൽ മൂലകാണ്ഡത്തിന്റെ വേര് ഈ കൊതയിലൂടെ പുറത്തുവരത്തക്കവിധമായിരിക്കണം തൈ നടേണ്ടത്. തൈ പിടിച്ചുകഴിയുമ്പോള്‍ ഒട്ടുകമ്പ് ഈ വേരോടു ചേർത്ത് ഒട്ടിക്കുന്നു. മാവിലും ഈ രീതി പ്രായോഗികമാക്കാമെന്നു കണ്ടിട്ടുണ്ട്.
കക. മുകുളനം (Budding). മൂലകാണ്ഡത്തിലെ പുറന്തൊലി മുറിച്ച് അതിനുള്ളിൽ, വളർത്താനുദ്ദേശിക്കുന്ന മേൽത്തരം സസ്യത്തിൽ നിന്നെടുത്ത മുകുളം (സയോണ്‍) തിരുകിവച്ച് പൊതിഞ്ഞുകെട്ടുന്ന രീതിയാണിത്. ഒന്നുരണ്ടു മുകുളങ്ങള്‍ അടങ്ങുന്ന ചെറിയ കമ്പുകളും ഇപ്രകാരം ബഡ്ഡ് ചെയ്‌തു ചേർക്കാറുണ്ട്. സംയോജിച്ചു കഴിഞ്ഞാൽ സയോണ്‍ മാത്രമേ വളരാനനുവദിക്കാവൂ. നല്ല പുഷ്‌ടിയോടെ വളരുന്നതും പുറന്തൊലി അനായസേന ഇളക്കാന്‍ കഴിയുന്നതുമായ ചെടികള്‍ മൂലകാണ്ഡമായി തിരഞ്ഞെടുക്കണം. ഒരു വർഷത്തിനകം പ്രായമുള്ള ചെടികളിൽനിന്നും ശേഖരിച്ചതാവണം ഒട്ടുമുള(bud); മുകുളങ്ങള്‍ ഇളക്കിയെടുത്തുകഴിഞ്ഞാൽ ഉണങ്ങാനിടവരരുത്. മുറിവിനുള്ളിൽ വെള്ളമോ മറ്റു വസ്‌തുക്കളോ കടക്കാനും പാടില്ല. മുകുളനത്തിൽ പല രീതികള്‍ അനുവർത്തിച്ചുപോരുന്നു.
1. ഷീൽഡ് മുകുളനം(T-മുകുളനം). മൂലകാണ്ഡത്തിലെ തൊലിയിൽ മൂർച്ചയുള്ള കത്തികൊണ്ട് "ഠ' ആകൃതിയിൽ മുറിവുണ്ടാക്കുന്നു. പ്രവർധനം ചെയ്യേണ്ട ചെടിയിൽനിന്നും മുകുളമടങ്ങുന്ന തൊലി മുറിച്ചെടുത്ത് മുറിവിനുള്ളിൽ തിരുകിവച്ചുകെട്ടുന്നു.
2. പാളിമുകുളനം. ചതുരാകൃതിയിലോ ദീർഘചതുരാകൃതിയിലോഉള്ള ഒരുഭാഗം മൂലകാണ്ഡത്തൊലി മൂന്നുവശങ്ങളിൽനിന്നും സാവധാനം ഇളക്കിയശേഷം അതിനുള്ളിൽ കൃത്യമായി ചേർന്നിരിക്കത്തക്കവലുപ്പമുള്ള മുകുളത്തോടു ചേർന്ന തൊലി ഒട്ടുകമ്പിൽ നിന്നും വേർപെടുത്തിയെടുത്ത് വച്ചുകെട്ടുന്നു.
3. മോതിരമുകുളനം. മൂലകാണ്ഡവും ഒട്ടുകമ്പും ഒരേ വണ്ണമുള്ളതായിരിക്കണം. ഒട്ടുകമ്പിന്റെ അഗ്രഭാഗത്തുനിന്നും മോതിരവളയത്തിന്റെ ആകൃതിയിലുള്ളതും 1-3 സെ.മീ. വീതിയുള്ളതുമായ തൊലി വേർപെടുത്തി അതേ ആകൃതിയിലുള്ള മുകുളമടങ്ങുന്ന ഭാഗം ചേർത്തുകെട്ടുന്നു.
4. എമ്മാമുകുളനം (Yemma budding) ഒട്ടുകമ്പിൽനിന്ന് ഒരു മുകുളത്തോടൊപ്പം ഒരു ഭാഗം തടിയും വേർപ്പെടുത്തിയെടുക്കുന്നു. അതേ ആകൃതിയിലും വലുപ്പത്തിലുമുള്ള ഒരു ഭാഗം മൂലകാണ്ഡത്തിൽനിന്നും വേർപെടുത്തിയശേഷം ആ ഭാഗത്ത് ചേർന്നിരിക്കത്തക്കവണ്ണം വച്ചുകെട്ടുന്നു.
5. ഫോർക്കെർട്ട് മുകുളനം (Forkert budding).. ഇതിന് പാളിമുകുളനത്തോട് സാദൃശ്യമുണ്ട്. സ്റ്റോക്കിലെ തൊലി നാലുവശത്തുനിന്നും മുറിച്ചുമാറ്റിയശേഷം മുറിവുഭാഗത്തിൽ സയോണിൽ നിന്നുമെടുത്ത അതേ ആകൃതിയിലുള്ള മുകുളമടങ്ങിയ തൊലി വച്ചുകെട്ടുന്നു.
റോസ് മുതലായ അലങ്കാരസസ്യങ്ങളിലും പല കാർഷികവിളകളിലും മുകുളനം പ്രാവർത്തികമാക്കുന്നുണ്ട്. റബ്ബർകൃഷിയിൽ ഏറ്റവും പ്രചാരം മുകുളനത്തിനാണ്. ഉത്‌പാദനശേഷി കൂടിയ ഇനങ്ങള്‍ മറ്റു ചെടികളുമായി ഒട്ടിക്കുന്നു. ഒട്ടിക്കൽ വളരെയധികം വിജയിച്ചുകാണുന്ന വൃക്ഷങ്ങളിലൊന്നാണ് മാവ്. ചെറുചട്ടികളിൽ വളരുന്ന നാടന്‍മാവിന്‍ തൈകള്‍ നല്ലയിനം മാവിന്റെ കൊമ്പുമായിച്ചേർത്ത് കമാനരീതിയിൽ ഒട്ടിക്കുന്നു. ഒന്നുരണ്ടുമാസം കഴിഞ്ഞ് ഒട്ടുകമ്പിനെ സന്ധിയുടെ താഴെവച്ച് വേർപെടുത്തുന്നു. മുകുളം ഒട്ടുവച്ചും പുതിയ മാവിന്‍ തൈകള്‍ ഉണ്ടാക്കാം. ഒട്ടുമാവ് നാലോ അഞ്ചോ വർഷംകൊണ്ട് കായ്‌ച്ചുതുടങ്ങും. പേരയിലും ഒട്ടുവയ്‌ക്കൽ ഇന്നു സർവസാധാരണമാണ്. സപ്പോട്ടച്ചെടിയെ ആ വർഗത്തിൽപ്പെട്ട ഇലിപ്പ, കിരണി മുതലായ ചെടികളുമായി ഒട്ടുവച്ച് ഒട്ടുസപ്പോട്ടത്തൈകള്‍ ഉണ്ടാക്കുന്നുണ്ട്. നമ്മുടെ നാട്ടിലുള്ള ഞാവൽച്ചെടികളിൽനിന്നും നല്ല ആദായംകിട്ടാന്‍വേണ്ടി വടക്കേ ഇന്ത്യയിലെ നല്ലയിനം ഞാവലുകളിൽനിന്നുമുള്ള ഒട്ടുകമ്പുകള്‍ ഉപയോഗിച്ച് ഒട്ടിക്കുന്നു. രോഗപ്രതിരോധശക്തിയുള്ള ഇനം കുരുമുളകുവള്ളിയിൽ അത്യുത്‌പാദനശേഷിയുള്ളതും നേരത്തേ കായ്‌ക്കാന്‍ തുടങ്ങുന്നതുമായ ഇനം ഒട്ടിച്ചുചേർത്ത് പുതിയ കുരുമുളകുതൈകള്‍ ഉത്‌പാദിപ്പിക്കുന്നുണ്ട്. കുരുമുളകും വെറ്റിലക്കൊടിയും തമ്മിൽ ഒട്ടിച്ചുണ്ടാക്കുന്ന വള്ളികള്‍ക്ക് കൂടുതൽ ഈർപ്പമുള്ള മണ്ണിൽ നന്നായി വളരുന്നതിന് ശേഷിയുണ്ടായിരിക്കും. കശുമാവ്, ജാതി, പ്ലാവ് എന്നീ വൃക്ഷങ്ങളിലും ഒട്ടിക്കൽ വിജയപ്രദമത്ര.
ഓറഞ്ച്, നാരകം മുതലായവയിൽ മുകുളനംവഴി പുതിയ തൈകള്‍ ഉത്‌പാദിപ്പിക്കുന്നുണ്ട്. ചില സന്ദർഭങ്ങളിൽ മൂലകാണ്ഡവും ഒട്ടുമുളയും ഒന്നുചേരുന്ന സ്ഥലത്തുണ്ടാകുന്ന പുതിയ മുകുളങ്ങള്‍ വളർന്ന് ഇരുചെടികളുടേതിൽനിന്നും വ്യത്യസ്‌തമായ സ്വഭാവഗുണങ്ങള്‍ പ്രകടിപ്പിക്കുന്നു. ഇവയെ ഒട്ടുസങ്കരങ്ങള്‍ (graft hybrids)എന്നുപറയുന്നു. നോ. അംഗപ്രജനനം