This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞാവ വൈദ്യർ, എം. (? - 1951)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കുഞ്ഞാവ വൈദ്യർ, എം. (? - 1951) == ഒരു ആര്യവൈദ്യനും സമുദായപരിഷ്‌കർത്...)
അടുത്ത വ്യത്യാസം →

15:25, 27 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

കുഞ്ഞാവ വൈദ്യർ, എം. (? - 1951)

ഒരു ആര്യവൈദ്യനും സമുദായപരിഷ്‌കർത്താവും സാഹിത്യകാരനും. പൊന്നാനി സ്വദേശിയായിരുന്ന മുസല്യാരകത്ത്‌ അബ്‌ദുൽ അസീസ്‌ എന്ന ബാവയുടെ പുത്രനായി ജനിച്ചു. പൂർവികന്മാർ മതപണ്ഡിതന്മാരും ആര്യവൈദ്യന്മാരുമായിരുന്നു. ഇദ്ദേഹം കോട്ടയ്‌ക്കൽ വൈദ്യരത്‌നം പി.എസ്‌.വാരിയർ ഉള്‍പ്പെടെ പലരിൽ നിന്നും സംസ്‌കൃതത്തിൽ അഗാധപാണ്ഡിത്യം നേടി. പൊന്നാനി പള്ളിദറസിൽനിന്ന്‌ അറബിഭാഷാ പരിജ്ഞാനം സമ്പാദിച്ചു. കടായിക്കൽ മൊയ്‌തീന്‍കുട്ടി ഹാജി, ചാക്കീരി മൊയ്‌തീന്‍കുട്ടി മുതലായവരിൽനിന്നു മാപ്പിളപ്പാട്ടു രചന പരിശീലിച്ചു.

കോഴിക്കോട്‌ സ്ഥിരതാമസമാക്കിയ കുഞ്ഞാവ വൈദ്യർ പ്രാമാണികനായ ഒരു ആര്യവൈദ്യനായിരുന്നു. കറാമത്തുൽ അസം എന്ന മുഹ്‌യിദ്ദീന്‍ ഖിസ്സപ്പാട്ടാണ്‌ പ്രധാനകൃതി. 1921-ലെ ഖിലാഫത്ത്‌ പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുത്തിരുന്നു. പിന്നീട്‌ കോണ്‍ഗ്രസ്‌ പ്രവർത്തകനായി രംഗത്തിറങ്ങി. അക്കാലത്ത്‌ നിരവധി ദേശീയകവിതകള്‍ രചിച്ചിട്ടുണ്ട്‌.

ഉത്‌പതിഷ്‌ണുവായിരുന്ന കുഞ്ഞാവ വൈദ്യർ മുസ്‌ലിങ്ങള്‍ക്കിടയിൽ പ്രചരിച്ചിരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി നിരവധി കവിതകള്‍ എഴുതിയിട്ടുണ്ട്‌. ബിദ്‌ അത്ത്‌മാല, റദ്ദു നസീഹത്തു ശുബ്‌ബാന്‍ മുതലായവ അവയിൽ പ്രാമുഖ്യമർഹിക്കുന്നു. ബദർ യുദ്ധകാവ്യം ആണ്‌ ഇദ്ദേഹത്തിന്റെ ഏക സംസ്‌കൃത കൃതി. പക്ഷേ അത്‌ പ്രസിദ്ധീകരിച്ചിട്ടില്ല. വൈദ്യർ നല്ലൊരു ചരിത്രകാരനും ഗദ്യകാരനുമായിരുന്നു. ഖിസ്സത്ത്‌ അലാഉദ്ദീന്‍ ഇദ്ദേഹം രചിച്ച അറബി മലയാളനോവലാണ്‌. മലബാറിലെ ഇസ്‌ലാം മതപ്രചാരകർ എന്ന പേരിൽ ഇദ്ദേഹം അറബിമലയാളത്തിൽ ഒരു ചരിത്രപുസ്‌തകവും രചിച്ചിട്ടുണ്ട്‌. ഇദ്ദേഹം 1951-ൽ അന്തരിച്ചു.

(കെ.കെ.മുഹമ്മദ്‌ അബ്‌ദുൽ കരീം)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍