This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഖ്നാതെന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അഖ്നാതെന്‍ (ബി.സി. 1391 - 1350))
വരി 18: വരി 18:
'''പഴമയിലേക്കുള്ള തിരിച്ചുപോക്ക്.''' അഖ്നാതെന്‍ 17 വര്‍ഷം രാജ്യം ഭരിച്ചു. ഇദ്ദേഹത്തിന്റെ തത്ത്വദര്‍ശനങ്ങളും വിശ്വാസങ്ങളും ഒരു തികഞ്ഞ പരാജയമാണെന്ന് മരിക്കുന്നതിനുമുമ്പുതന്നെ തെളിയാന്‍ തുടങ്ങി. അഖ്നാതെന്റെ മരണശേഷം മരുമകനായ തുതന്‍ഖാതന്‍ ഭരണമേറ്റപ്പോള്‍ രാജധാനി തീബ്സിലേക്കു തിരിച്ചു കൊണ്ടുപോവുകയും ആതന്‍ദേവനെ ആരാധിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്തു. അദ്ദേഹം സ്വന്തം പേര് തുതന്‍ഖമന്‍ എന്നു മാറ്റുകയും നശിപ്പിക്കപ്പെട്ട അമന്‍ദേവാലയം പുനഃസ്ഥാപിക്കുകയും ചെയ്തു. ഇദ്ദേഹത്തിനുശേഷം ഭരണമേറ്റ സൈനികോദ്യോഗസ്ഥന്‍മാര്‍ അഖ്നാതെന്റെ പേരുതന്നെ ഈജിപ്തിലെ രാജാക്കന്‍മാരുടെ പട്ടികയില്‍ നിന്നും മാറ്റി. അഖ്നാതെന്‍ സ്ഥാപിച്ച രാജധാനി ഏകദേശം 50 വര്‍ഷക്കാലം അവഗണിക്കപ്പെട്ടനിലയില്‍ ആരും ഉപയോഗിക്കാതെ ഉപേക്ഷിച്ചിരുന്നു. അതിനുശേഷം അവിടെ അവശേഷിച്ചിരുന്ന ക്ഷേത്രങ്ങളും കൊട്ടാരങ്ങളും പൊളിച്ചെടുത്ത് ചെറിയ കെട്ടിടങ്ങളും വീടുകളും പണിയുന്നതിനുപയോഗിച്ചു. അഖ്നാതെനുവേണ്ടിയുണ്ടാക്കിയിരുന്ന ശവകുടീരത്തിലല്ല അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചതെന്നും തെളിഞ്ഞിട്ടുണ്ട്. തീബ്സിലെ രാജകീയ ശ്മശാനത്തിലെ 55-ാം നമ്പര്‍ ശവകുടീരത്തില്‍ ഒരു രാജകുമാരിക്കുവേണ്ടിയുണ്ടാക്കിയ ശവപ്പെട്ടിയില്‍ അടക്കംചെയ്തിരിക്കുന്ന മൃതദേഹം അഖ്നാതെന്റെതാണെന്നു കരുതപ്പെടുന്നു.
'''പഴമയിലേക്കുള്ള തിരിച്ചുപോക്ക്.''' അഖ്നാതെന്‍ 17 വര്‍ഷം രാജ്യം ഭരിച്ചു. ഇദ്ദേഹത്തിന്റെ തത്ത്വദര്‍ശനങ്ങളും വിശ്വാസങ്ങളും ഒരു തികഞ്ഞ പരാജയമാണെന്ന് മരിക്കുന്നതിനുമുമ്പുതന്നെ തെളിയാന്‍ തുടങ്ങി. അഖ്നാതെന്റെ മരണശേഷം മരുമകനായ തുതന്‍ഖാതന്‍ ഭരണമേറ്റപ്പോള്‍ രാജധാനി തീബ്സിലേക്കു തിരിച്ചു കൊണ്ടുപോവുകയും ആതന്‍ദേവനെ ആരാധിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്തു. അദ്ദേഹം സ്വന്തം പേര് തുതന്‍ഖമന്‍ എന്നു മാറ്റുകയും നശിപ്പിക്കപ്പെട്ട അമന്‍ദേവാലയം പുനഃസ്ഥാപിക്കുകയും ചെയ്തു. ഇദ്ദേഹത്തിനുശേഷം ഭരണമേറ്റ സൈനികോദ്യോഗസ്ഥന്‍മാര്‍ അഖ്നാതെന്റെ പേരുതന്നെ ഈജിപ്തിലെ രാജാക്കന്‍മാരുടെ പട്ടികയില്‍ നിന്നും മാറ്റി. അഖ്നാതെന്‍ സ്ഥാപിച്ച രാജധാനി ഏകദേശം 50 വര്‍ഷക്കാലം അവഗണിക്കപ്പെട്ടനിലയില്‍ ആരും ഉപയോഗിക്കാതെ ഉപേക്ഷിച്ചിരുന്നു. അതിനുശേഷം അവിടെ അവശേഷിച്ചിരുന്ന ക്ഷേത്രങ്ങളും കൊട്ടാരങ്ങളും പൊളിച്ചെടുത്ത് ചെറിയ കെട്ടിടങ്ങളും വീടുകളും പണിയുന്നതിനുപയോഗിച്ചു. അഖ്നാതെനുവേണ്ടിയുണ്ടാക്കിയിരുന്ന ശവകുടീരത്തിലല്ല അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചതെന്നും തെളിഞ്ഞിട്ടുണ്ട്. തീബ്സിലെ രാജകീയ ശ്മശാനത്തിലെ 55-ാം നമ്പര്‍ ശവകുടീരത്തില്‍ ഒരു രാജകുമാരിക്കുവേണ്ടിയുണ്ടാക്കിയ ശവപ്പെട്ടിയില്‍ അടക്കംചെയ്തിരിക്കുന്ന മൃതദേഹം അഖ്നാതെന്റെതാണെന്നു കരുതപ്പെടുന്നു.
 +
[[Category:ജീവചരിത്രം]]

11:04, 7 ഏപ്രില്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

അഖ്നാതെന്‍ (ബി.സി. 1391 - 1350)

Akhenaten

ഈജിപ്തില്‍ 17 വര്‍ഷം ഭരിച്ച ആമെന്‍ ഹോടെപ് IV-ാമന്‍ എന്ന ചക്രവര്‍ത്തി സ്വയം സ്വീകരിച്ച നാമം. ഈജിപ്തിലെ കലാസാംസ്കാരിക മേഖലകളില്‍ സമൂലപരിവര്‍ത്തനം ഉണ്ടാക്കണം എന്ന ലക്ഷ്യത്തോടുകൂടി മതപരമായ വിശ്വാസാചാരങ്ങളില്‍ മൗലികമായ മാറ്റങ്ങള്‍ വരുത്തിയ വ്യക്തിയെന്ന നിലയിലാണ് അഖ്നാതെന്‍ സ്മരിക്കപ്പെടുന്നത്.

ചരിത്രപശ്ചാത്തലം. ഈജിപ്തിലെ ദൈവങ്ങളില്‍ പ്രമുഖനായിരുന്നു 'അമന്‍-റ' എന്ന സൂര്യദേവന്‍. ഭരണാധിപന്‍മാരായിരുന്ന ഫറവോന്‍മാരുടെ ആധിപത്യത്തെപോലും പുരോഹിതന്‍മാര്‍ വെല്ലുവിളിച്ചിരുന്ന കാലഘട്ടമായിരുന്നു അത്. രാജാവിനെ സൂര്യപുത്രനായിട്ടാണ് ഗണിച്ചുവന്നിരുന്നതെങ്കിലും ആജീവനാന്തം കര്‍ക്കശമായ മതാചാരത്തിന് ഇദ്ദേഹം വിധേയനായിരുന്നു. സൂര്യനെ കൂടാതെ നിരവധി ദൈവങ്ങളും ഈജിപ്തുകാര്‍ക്കുണ്ടായിരുന്നു. ഓരോ പ്രദേശത്തിനും ഓരോ പ്രവിശ്യയ്ക്കും പ്രത്യേകം പ്രത്യേകം ദൈവങ്ങളുണ്ടായിരുന്നു. ആ ദൈവങ്ങളുടെയും ഭക്തന്‍മാരുടെയും ഇടയ്ക്ക് ക്രമസമാധാനം നിലനിറുത്തുക നിസ്സാര കാര്യമായിരുന്നില്ല. അല്പം ശ്രദ്ധക്കുറവുണ്ടായാല്‍ കാര്യങ്ങള്‍ ആകെ കുഴപ്പത്തിലാകും. ഇങ്ങനെ വളരെയധികം കുഴഞ്ഞുമറിഞ്ഞുകിടന്ന ഒരു സാമൂഹികപശ്ചാത്തലത്തില്‍ നിന്ന് പുരോഹിതന്‍മാര്‍ മുതലെടുപ്പു നടത്തിവന്നു. അതിനു തക്ക ഒരു വേദശാസ്ത്രവും അവര്‍ ആവിഷ്കരിച്ചിരുന്നു. സാമ്പത്തികമായിത്തന്നെയും പുരോഹിതന്‍മാരുടെ നില രാജാക്കന്‍മാരുടേതില്‍നിന്നും മെച്ചമായിക്കൊണ്ടിരുന്നതുകൊണ്ട് ഭരണകൂടത്തെ നിയന്ത്രിക്കുവാനും ചൊല്പടിക്കു നിര്‍ത്തുവാനും അവര്‍ക്കു കഴിഞ്ഞിരുന്നു. അഖ്നാതെന്റെ പിതാവായ ആമെന്‍ ഹോടെപ് മൂന്നാമനും അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളും പുരോഹിതന്‍മാരുടെ ഈ മേല്‍ക്കോയ്മ അവസാനിപ്പിക്കുവാന്‍ ആഗ്രഹിച്ചു.

ആമെന്‍ ഹോടെപ് IV-മന്‍ (അമന്‍ തൃപ്തനാണ് എന്നാണ് പേരിനര്‍ഥം) രാജാവായപ്പോള്‍ (ബി.സി. 1379-1362) 'അഖന്‍ ആതന്‍' (ആതനെ പ്രീതിപ്പെടുത്തുന്നത് എന്നര്‍ഥം) എന്ന പേരു സ്വീകരിച്ചു. തലസ്ഥാനം പുരാതനനഗരമായ തീബ്സില്‍നിന്നും മാറ്റി 300 മൈല്‍ അകലെ സ്ഥാപിച്ചു.

അഖ്നാതെന്‍ സൂര്യദേവനെ- ആതനെ-ആരാധിക്കുന്നു

അതിനെ 'സൂര്യദേവന്റെ ചക്രവാളസീമ' എന്നു വിശേഷിപ്പിക്കുകയും ചെയ്തു. ഇന്നത്തെ ടെല്‍ എല്‍ അമര്‍ണാ എന്ന സ്ഥലമായിരിക്കണം ഇത്. (നോ: അമര്‍ണാശില്പങ്ങള്‍). ദൈവവും രാജാവും തുല്യരാണ് എന്നു സ്ഥാപിക്കുന്നതിനായിരുന്നു അഖ്നാതെന്റെ ശ്രമം. പുരോഹിതന്‍മാരുടെ ശക്തി അവസാനിപ്പിക്കുന്നതിനായി ഇദ്ദേഹം ഒരു പുതിയ മതംതന്നെ വിഭാവനം ചെയ്തു. അമന്‍ദേവനെ ആരാധിക്കുന്നത് കര്‍ശനമായി നിരോധിക്കുകയും സൂര്യബിംബം (Sun disc) പ്രതിരൂപമായി സ്വീകരിച്ച് ആതന്‍ദേവനെ ആരാധിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. പുരാതന സൂര്യദേവനായിരുന്ന 'റ'യില്‍ നിന്നും രൂപപ്പെടുത്തിയെടുത്തതായിരുന്നു ആതന്‍. സൂര്യബിംബത്തില്‍നിന്നും പ്രവഹിക്കുന്ന കിരണങ്ങള്‍ മനുഷ്യകരങ്ങളില്‍ പതിക്കുന്ന രീതിയിലാണ് ആതന്‍ദേവനെ ചിത്രീകരിച്ചത്. ദേവന് അംഖ് (ജീവന്റെ പ്രതിരൂപം) ആണ് അര്‍പ്പിച്ചിരുന്നത്.

ആദ്യത്തെ ഏകദൈവവിശ്വാസി. ലോകത്തില്‍ ഏകദൈവവിശ്വാസം എന്ന ആശയം ആദ്യമായി ആവിഷ്കരിച്ചത് അഖ്നാതെന്‍ ആണ് എന്ന് പല പണ്ഡിതന്‍മാരും കരുതുന്നു. അഖ്നാതെന്‍തന്നെ രചിച്ചതെന്നു കരുതപ്പെടുന്ന മനോഹരവും സുദീര്‍ഘവുമായ ഒരു ഭക്തിഗാനത്തില്‍നിന്നാണ് ആ മതത്തിന്റെ വിശ്വാസപ്രമാണത്തെയും ആചാരനുഷ്ഠാനങ്ങളെയും സംബന്ധിച്ച ചില വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. ആ ഗാനം ജീവന്റെ സ്രഷ്ടാവും സംരക്ഷകനുമായ ആതനെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ളതാണ്. 'സ്ത്രീയില്‍ അണ്ഡവും പുരുഷനില്‍ ബീജവും നിര്‍മിച്ചവന്‍, അമ്മയുടെ ഉദരത്തില്‍ പുത്രനു ജീവന്‍ നല്കുന്നവന്‍, സൃഷ്ടിക്കപ്പെട്ടവയ്ക്കെല്ലാം ജീവന്‍ നല്കുന്നവന്‍' എന്നിങ്ങനെ ആരംഭിക്കുന്ന പ്രസ്തുത ഗാനത്തില്‍ ലോകത്തില്‍ ആദ്യമായി ഏകദൈവവിശ്വാസം പ്രഖ്യാപനം ചെയ്യുന്നത് ഈ വിധമാണ്: 'നിന്റെ പ്രവൃത്തികള്‍ എത്ര വൈവിധ്യമാര്‍ന്നവ, അവ മനുഷ്യദൃഷ്ടിയില്‍നിന്ന് നീ മറച്ചിരിക്കുന്നുവല്ലോ. അല്ലയോ ഏകദൈവമേ, നിനക്കു തുല്യനായി ആരുമില്ല.'

പ്രവാചകനായ മോശെ അഖ്നാതെന്റെ കൊട്ടാരത്തില്‍ വസിച്ചിരുന്നുവെന്നും സര്‍വശക്തനും സര്‍വജ്ഞനുമായ ഒരു സൃഷ്ടികര്‍ത്താവിനെക്കുറിച്ചുള്ള ബോധം അവിടെ നിന്നും ആര്‍ജിച്ചുവെന്നും ചില പണ്ഡിതന്‍മാര്‍ കരുതുന്നുണ്ട്. സൂര്യനെ സര്‍വസമന്വയപ്രതീകമായി (Universal God) കരുതുന്ന ലളിതമായ ഒരു മതഘടന ഈജിപ്തിലെങ്ങുമുള്ള സാധാരണ ജനങ്ങള്‍ക്ക് സ്വീകാര്യമായിരിക്കുമെന്ന് ഇദ്ദേഹം കരുതി. അങ്ങനെ രൂപപ്പെടുത്തിയ പുതിയ മതം പുരോഹിതന്‍മാരുടെ വര്‍ധിച്ചുവന്ന ശക്തിയെ നേരിടുക എന്ന പ്രാഥമിക ലക്ഷ്യം വച്ചുകൊണ്ട് അഖ്നാതെന്‍ സംഘടിപ്പിച്ച ഒരു രാഷ്ട്രീയ പ്രസ്ഥാനമായിരുന്നുവെന്നു കരുതുന്നവരുമുണ്ട്. എന്നാല്‍ അന്നത്തെ ചിത്രകാരന്‍മാരും ശില്പികളും അഖ്നാതെനെ ചിത്രീകരിച്ചിരുന്നത് ഒരു രാഷ്ട്രമീമാംസകനെന്ന നിലയിലല്ല, ഏറിയ കൂറും ഒരു കവിയോ, സ്വപ്നദര്‍ശിയോ ആയിട്ടാണ്.

മതപരമായി അഖ്നാതെന്‍ നടപ്പാക്കിയ പരിവര്‍ത്തനങ്ങള്‍ ഒരു പുതിയ കലാശൈലിക്കുതന്നെ കാരണമായി ഭവിച്ചു. തീബ്സില്‍ കര്‍നാക്കിലെ (Karnak) അമന്‍ ദേവാലയത്തിനടുത്ത് അഖ്നാതെന്‍ ഒരു കൂറ്റന്‍ ആതന്‍ ക്ഷേത്രം പണികഴിപ്പിച്ചു. ഈ ദേവാലയത്തില്‍ അഖ്നാതെന്‍ സൂര്യദേവനെ ആരാധിക്കുന്ന രീതിയിലുള്ള ഭീമാകാരങ്ങളായ അനേകം പ്രതിമകള്‍ സ്ഥാപിച്ചിരുന്നു. ഈ പ്രതിമാനിര്‍മാണരീതി പുരാതന കലാരീതിയില്‍നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. അഖ്നാതെന്‍ ആയിരുന്നു ഈ കലാസമ്പ്രദായത്തിന്റെ ഉപജ്ഞാതാവ്. പരമ്പരാഗതമായ കലാരീതി ദൈവികമായി കണക്കാക്കിയിരുന്നവരില്‍ ഈ പരിഷ്കാരം കനത്ത ആഘാതം ഏല്പിച്ചു. സാധാരണ ഫറവോന്‍മാരുടെ ചിത്രങ്ങളോടുചേര്‍ന്ന് രാജ്ഞിമാരുടെ ചിത്രങ്ങള്‍ വരയ്ക്കാറില്ലായിരുന്നു. എന്നാല്‍ ഈ കീഴ്വഴക്കവും അഖ്നാതെന്‍ അവസാനിപ്പിച്ചു. കലാകാരന്‍മാര്‍ ഇദ്ദേഹത്തെ യഥാതഥമായിത്തന്നെ ചിത്രീകരിച്ചു. ഭാര്യയായ നെഫര്‍റ്റിറ്റിയോടൊന്നിച്ച് രഥം ഓടിക്കുന്നതായൊ, ആരാധന നടത്തുന്നതായൊ, അവരെ ചുംബിക്കുന്നതായൊ, പാര്‍ശ്വവര്‍ത്തികള്‍ക്ക് സമ്മാനങ്ങള്‍ നല്കുന്നതായൊ ആണ് ഇദ്ദേഹത്തെ അവര്‍ ചിത്രീകരിച്ചത്. ഈ ചിത്രീകരണങ്ങളില്‍ നിന്നും അഖ്നാതെന്റെ ശരീരഘടനയില്‍ ഏതോ വൈകല്യം ഉണ്ടായിരുന്നുവെന്ന് ചിലര്‍ അഭ്യൂഹിക്കുന്നുണ്ട്. ബലഹീനവും സ്ത്രൈണവുമായ ഒരു ദേഹപ്രകൃതിയാണ് ചിത്രങ്ങളില്‍ ഇദ്ദേഹത്തിനു നല്കപ്പെട്ടിട്ടുള്ളത്. അന്തഃസ്രാവികളുടെ ക്രമരഹിതമായ പ്രവര്‍ത്തനമായിരുന്നിരിക്കണം ഈ ദേഹപ്രകൃതിക്കു കാരണമെന്ന് ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭരണമേറ്റെടുത്ത് 5 വര്‍ഷം കഴിഞ്ഞപ്പോഴേക്കും അഖ്നാതെന്‍ അമന്‍ദേവാലയം പൂര്‍ണമായി നശിപ്പിച്ചു. അമന്‍ദേവനെ പ്രതിനിധാനം ചെയ്തിരുന്ന ലിഖിതങ്ങളും പ്രതിമകളും എല്ലാം നശിപ്പിക്കപ്പെട്ടു. അവയ്ക്കു പകരം പുതിയ മതസിദ്ധാന്തങ്ങള്‍ പ്രതിമകളിലൂടെയും ചുവര്‍ചിത്രങ്ങളിലൂടെയും അഖ്നാതെന്‍ ആവിഷ്കരിച്ചു. പുരാതന മതവിശ്വാസത്തിനു നേരേയുള്ള ഏറ്റവും ക്രൂരമായ ഒരു കയ്യേറ്റം തന്നെയായിരുന്നു അഖ്നാതെന്‍ നടത്തിയത്.

പഴമയിലേക്കുള്ള തിരിച്ചുപോക്ക്. അഖ്നാതെന്‍ 17 വര്‍ഷം രാജ്യം ഭരിച്ചു. ഇദ്ദേഹത്തിന്റെ തത്ത്വദര്‍ശനങ്ങളും വിശ്വാസങ്ങളും ഒരു തികഞ്ഞ പരാജയമാണെന്ന് മരിക്കുന്നതിനുമുമ്പുതന്നെ തെളിയാന്‍ തുടങ്ങി. അഖ്നാതെന്റെ മരണശേഷം മരുമകനായ തുതന്‍ഖാതന്‍ ഭരണമേറ്റപ്പോള്‍ രാജധാനി തീബ്സിലേക്കു തിരിച്ചു കൊണ്ടുപോവുകയും ആതന്‍ദേവനെ ആരാധിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്തു. അദ്ദേഹം സ്വന്തം പേര് തുതന്‍ഖമന്‍ എന്നു മാറ്റുകയും നശിപ്പിക്കപ്പെട്ട അമന്‍ദേവാലയം പുനഃസ്ഥാപിക്കുകയും ചെയ്തു. ഇദ്ദേഹത്തിനുശേഷം ഭരണമേറ്റ സൈനികോദ്യോഗസ്ഥന്‍മാര്‍ അഖ്നാതെന്റെ പേരുതന്നെ ഈജിപ്തിലെ രാജാക്കന്‍മാരുടെ പട്ടികയില്‍ നിന്നും മാറ്റി. അഖ്നാതെന്‍ സ്ഥാപിച്ച രാജധാനി ഏകദേശം 50 വര്‍ഷക്കാലം അവഗണിക്കപ്പെട്ടനിലയില്‍ ആരും ഉപയോഗിക്കാതെ ഉപേക്ഷിച്ചിരുന്നു. അതിനുശേഷം അവിടെ അവശേഷിച്ചിരുന്ന ക്ഷേത്രങ്ങളും കൊട്ടാരങ്ങളും പൊളിച്ചെടുത്ത് ചെറിയ കെട്ടിടങ്ങളും വീടുകളും പണിയുന്നതിനുപയോഗിച്ചു. അഖ്നാതെനുവേണ്ടിയുണ്ടാക്കിയിരുന്ന ശവകുടീരത്തിലല്ല അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചതെന്നും തെളിഞ്ഞിട്ടുണ്ട്. തീബ്സിലെ രാജകീയ ശ്മശാനത്തിലെ 55-ാം നമ്പര്‍ ശവകുടീരത്തില്‍ ഒരു രാജകുമാരിക്കുവേണ്ടിയുണ്ടാക്കിയ ശവപ്പെട്ടിയില്‍ അടക്കംചെയ്തിരിക്കുന്ന മൃതദേഹം അഖ്നാതെന്റെതാണെന്നു കരുതപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍